പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായെന്ന് സംസ്ഥാന പൊലീസിന്റെ വാദം
കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കൂടുതല്‍ കനക്കുന്നു. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണമെന്നും, മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടിനാണ് മാര്‍ച്ച്. അക്രമസാധ്യത കണക്കിലെടുത്ത് സുരക്ഷാസംവിധാനങ്ങള്‍ ഇരട്ടിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ വാഗ്വാദങ്ങളും മുറുകുകയാണ്. മാര്‍ച്ചിന് മുന്നോടിയായി നാല് വിദ്യാര്‍ഥി നേതാക്കളെ കാണാതായെന്ന ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്.
ഹൗറയിലുള്ള പശ്ചിമ ബംഗാള്‍ സെക്രട്ടേറിയറ്റായ നബന്നയിലേക്കുള്ള പ്രതിഷേധ റാലിക്ക് 'നബന്ന അഭിജാന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി പ്രബീര്‍ ദാസ്, കല്യാണി യൂണിവേഴ്സിറ്റിയിലെ എം.എ ബിഎഡ് വിദ്യാര്‍ഥി ശുഭാങ്കര്‍ ഹാല്‍ദെര്‍, രബീന്ദ്ര മുക്ത യൂണിവേഴ്സിറ്റിയിലെ സയാന്‍ ലാഹിരി എന്നിവരാണ് റാലിയുടെ സംഘാടകര്‍. കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുക, പ്രതിക്ക് വധശിക്ഷ നല്‍കുക, മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കുക എന്നിങ്ങനെ മൂന്ന് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധ റാലിക്ക് ഏതെങ്കിലും രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നത്തെ റാലിയുമായി സഹകരിക്കുന്നില്ല. സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നാളെ പ്രതിഷേധ റാലിക്ക് അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്നാണ് സംസ്ഥാന പൊലീസിന്റെ വാദം. മാര്‍ച്ചിന് അനുവാദം നല്‍കിയിരുന്നില്ല. അക്രമസംഭവങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നും പൊലീസുകാര്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ആറായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 19 ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 26 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണ് സുരക്ഷാ ചുമതല.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ സംബന്ധിച്ച രാഷ്ട്രീയ വാഗ്വാദങ്ങളും മുറുകിയിട്ടുണ്ട്. ഓഗസ്റ്റ് 27ന് വെടി പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ തള്ളിയ ബിജെപി വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് പിന്തുണയുള്ള സംഘങ്ങളാണ് പ്രതിഷേധ റാലിക്ക് പിന്നിലെന്നാണ് സിപിഎമ്മിന്റെയും ആരോപണം. എസ്എഫ്ഐയോ, ഡിവൈഎഫ്ഐയോ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയും, പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
അതിനിടെ, വിദ്യാര്‍ഥി നേതാക്കളെ കാണാനില്ലെന്ന് ആരോപണവുമായി സുവേന്ദു അധികാരി രംഗത്തെത്തിയിട്ടുണ്ട്. വൊളന്റീയര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനെത്തിയ നാല് വിദ്യാര്‍ഥി നേതാക്കളെ കാണാതായിരിക്കുന്നു. അര്‍ധരാത്രിയോടെ കാണാതായ ഇവരെ കണ്ടെത്താന്‍ പറ്റിയിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മമതയുടെ പൊലീസിനായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും സുവേന്ദു എക്സില്‍ കുറിച്ചു. സുഭോജിത് ഘോഷ്, പുലോകേശ് പണ്ഡിറ്റ്, ഗൗതം സേനാപതി, പ്രീതം സര്‍ക്കാര്‍ എന്നീ നാല് വിദ്യാര്‍ഥി നേതാക്കളുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് സുവേന്ദു അധികാരിയുടെ ആരോപണം. മമതയുടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കാം അല്ലെങ്കില്‍ തടങ്കലില്‍ വെച്ചിരിക്കാമെന്നും സുവേന്ദു കൂട്ടിച്ചേര്‍ക്കുന്നു.
ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശുപത്രിയിലുണ്ടായിരുന്ന സിവിക് പൊലീസ് വോളന്റിയർ സഞ്ജയ് റോയിയെ പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ബംഗാളിലെ ആശുപത്രികളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടക്കമിട്ട പ്രതിഷേധം രാജ്യമൊന്നാകെ ഏറ്റെടുത്തിരുന്നു. പ്രതിക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയും റാലി സംഘടിപ്പിച്ചിരുന്നു.