കഴിഞ്ഞ ദിവസം 5പേർ കൂടി കുഴഞ്ഞു വീണതോടെ ബുദലിനെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
ജമ്മു കാശ്മീരിലെ ബുദലിൽ ആശങ്ക വിതച്ച രോഗത്തിന് പിന്നിലെ കാരണം പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. രജൗരിയിൽ 17പേരുടെ ജീവനെടുത്ത ദുരൂഹ രോഗത്തിന് കാരണം ന്യൂറോടോക്സിനുകളാണ് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. നാഡീ കലകളെ നശിപ്പിക്കുന്ന വിഷ വസ്തുക്കളാണ് ന്യൂറോടോക്സിനുകൾ. മസ്തിഷ്ക വീക്കമോ നീർവീക്കമോ ഉള്ള എല്ലാ രോഗികൾക്കും പൊതുവായി രോഗമുണ്ടെന്ന് രജൗരിയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് (ജിഎംസി) പ്രിൻസിപ്പൽ ഡോ: എ. എസ്. ഭാട്ടിയ പറഞ്ഞു.
ലഖ്‌നൗവിലെ സിഎസ്ഐആറിലെ ടോക്സിക്കോളജി ലബോറട്ടറിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇരകളുടെ സാമ്പിളുകളിൽ വൈറസോ ബാക്ടീരിയയോ കണ്ടെത്തിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ(എൻസിഡിസി), പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുൾപ്പെടെ രാജ്യത്തെ മികച്ച ലബോറട്ടറികളിൽ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ നിന്നും തലച്ചോറിന് തകരാറുണ്ടാക്കുന്ന ന്യൂറോടോക്സിനുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഡോ. ഭാട്ടിയ പറഞ്ഞു.
ALSO READ: കടുത്ത ഛര്‍ദിയും വയറുവേദനയും; 45 ദിവസത്തിനിടയില്‍ 17 മരണം; അജ്ഞാത രോഗ ഭീതിയില്‍ കശ്മീര്‍
"മസ്തിഷ്ക ക്ഷതം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ പ്രശ്‌നം ലഘൂകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,എന്നാൽ ഗുരുതരമായ മസ്തിഷ്ക ക്ഷതം റിപ്പോർട്ട് ചെയ്താൽ മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും, ഡോക്ടർമാർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാൻ എല്ലാത്തരം നൂതന സാങ്കേതികവിദ്യകളും ഉണ്ട്", ഡോ: ഭാട്ടിയ വ്യക്തമാക്കി.
5 ദിവസത്തിനുള്ളിൽ 17 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിനെ തുടർന്ന് കേന്ദ്ര വിദഗ്‌ധ സംഘം, സ്ഥലത്ത് പരിശോധന നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം 5പേർ കൂടി കുഴഞ്ഞു വീണതോടെ ബുദലിനെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരിച്ച കുടുംബങ്ങളുടെ അടുത്ത ബന്ധുക്കളായ നാല് ഗ്രാമീണർ കൂടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ALSO READ: അജ്ഞാത രോഗമോ ഭക്ഷണത്തിൽ വിഷം കലർന്നതോ? കശ്മീരിലെ ബുദലിൽ ദുരൂഹ സാഹചര്യത്തിൽ 17 മരണം
2024 ഡിസംബർ 5ന്, രജൗരിയിലെ ബുദൽ ഗ്രാമവാസിയായ ഫസൽ, മകളുടെ കല്ല്യാണത്തിന് ഭക്ഷണം വിളമ്പിയ ശേഷം ആളുകളിൽ രോഗബാധ കാണപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വയറുവേദന, ഛർദി, ക്ഷീണം എന്നിവ അനുഭവപ്പെട്ട ഫസൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചു.
ഇതിന് പിന്നാലെ സമാന ലക്ഷണങ്ങളുമായി ഫസലിൻ്റെ കുടുംബത്തിലുള്ളവർക്കും ബന്ധുക്കൾക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു ദുരൂഹമരണത്തെ തുടർന്ന് പൊലീസിന് പുറമേ ആരോഗ്യം, കൃഷി, രാസവളം, ജലവിഭവം എന്നീ വകുപ്പുകളിലെ വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രക്തം, പ്ലാസ്മ, ഭക്ഷണം, വെള്ളം എന്നിവയുടെ 12,500 ലധികം സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.