പെൺകുട്ടികളുടെ ടീമുകളിൽ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടുത്തുന്ന സ്‌കൂളുകൾക്കുള്ള ഫണ്ട് സർക്കാർ ഏജൻസികൾക്ക് നിഷേധിക്കാമെന്ന് ഉത്തരവിൽ പറയുന്നു
അമേരിക്കയിൽ വീണ്ടും വിവാദ ഉത്തരവ് നടപ്പിലാക്കാനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ഇനിമുതൽ ട്രാൻസ്ജെൻഡറുകൾക്ക് വനിതാ കായിക മത്സരങ്ങളിൽ പങ്കെടുക്കാനാകില്ല. ഇതിനായുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. പുരുഷൻമാർ വനിതകളെ തോൽപ്പിക്കേണ്ടെന്നായിരുന്നു പുതിയ ഉത്തരവ് പ്രഖ്യപിച്ചതിന് ശേഷമുള്ള ട്രംപിൻ്റെ പ്രസ്താവന.
പെൺകുട്ടികളുടെ ടീമുകളിൽ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടുത്തുന്ന സ്‌കൂളുകൾക്കുള്ള ഫണ്ട് സർക്കാർ ഏജൻസികൾക്ക് നിഷേധിക്കാമെന്ന് ഉത്തരവിൽ പറയുന്നു. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും കായിക മേഖലകളിലുള്ള അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യുഎസിന്റെ നയമാണ്. ട്രാൻസ് വനിതകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുമെന്നും അപമാനിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
സ്വകാര്യ കായിക സംഘടനകളുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തരവിൽ ഒപ്പുവെച്ച ശേഷം ട്രംപ് പറഞ്ഞു. 'ട്രാൻസ് യുവതികൾക്ക് അവസരം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിങ് അവസാനിപ്പിക്കും, വനിതാ കായിക ഇനങ്ങളിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു, കായിക മത്സരങ്ങൾക്കിടെ പുരുഷൻമാർ വനിതാ അത്‍ലറ്റുകളെ ഉപദ്രവിക്കുന്നത് ഇനി ഞങ്ങൾ നോക്കി നിൽക്കില്ല' ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു.
നേരത്തെ അമേരിക്കയിലെ ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ സ്ത്രീയും പുരുഷനുമെന്ന രണ്ട് ജെൻഡറുകൾ മാത്രം മതിയെന്നത് സർക്കാരിൻ്റെ ഔദ്യോഗിക നയമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.