അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങുവച്ച് കൊണ്ടുവന്നത് അമേരിക്കയുടെ നയമാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി, ശുചിമുറി ഉപയോഗിക്കാൻ വിലങ്ങുകൾ നീക്കം ചെയ്തു നൽകിയിരുന്നെന്നും പറഞ്ഞു
യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കാലിലും കൈയ്യിലും വിലങ്ങ് വെച്ച സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി, വിമാനത്തിൽ നാടുകടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ 2012 മുതൽ നിലവിലുള്ളതാണെന്നും വിശദീകരിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം. രാവിലെ ലോക്‌സഭയിൽ വിഷയത്തെചൊല്ലി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങുവച്ച് കൊണ്ടുവന്നത് അമേരിക്കയുടെ നയമെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പക്ഷം. ശുചിമുറി ഉപയോഗിക്കാൻ വിലങ്ങുകൾ നീക്കം ചെയ്തു നൽകിയിരുന്നു. ഇതാദ്യമായല്ല അമേരിക്ക ആളുകളെ വിലങ്ങുവെച്ച് നാടുകടത്തുന്നത്. ഇതിൽ പുതുമയില്ല. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ജയശങ്കർ, കുടിയേറ്റം നിയമപരമായിരിക്കണമെന്നും കൂട്ടിച്ചേർത്തു.
യുഎസിൽ അനധികൃതമായി പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്തതിന് എല്ലാ വർഷവും നൂറുകണക്കിന് ഇന്ത്യക്കാർ നാടുകടത്തപ്പെടുന്നുണ്ടെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ഈ സംഖ്യകൾ 2012ൽ 530ഉം 2019ൽ 2,000ന് മുകളിലുമെത്തിയിരുന്നു. നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ യുഎസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനം. വിലങ്ങണിയിച്ച നടപടി തെറ്റാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാൻ യുഎസിൻ്റെ സൈനിക വിമാനത്തിന് പകരം, ഇന്ത്യക്ക് വിമാനം അയക്കാമായിരുന്നില്ലേ എന്നായിരുന്നു വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. കുടിയേറ്റവുമായി ബന്ധപ്പെട്ട് എത്ര പേർ ജയിലിൽ ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കുടിയേറ്റക്കാരോട് ഭീകരവാദികളെ പോലെ പെരുമാറിയത് എന്തിനെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല എംപി ചോദിച്ചു.
ഇത്തരത്തിൽ വിലങ്ങണിയിച്ചതിന് കൊളംബിയ അടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധിച്ച ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജോൺ ബ്രിട്ടാസ് എംപിയുടെ വിമർശനം. യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട കൊളംബിയക്കാർക്ക് വിലങ്ങിട്ടതോടെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരുമായെത്തിയ യുദ്ധവിമാനങ്ങൾ തന്റെ രാജ്യത്ത് ഇറക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു ഗുസ്താവോയുടെ പ്രതിഷേധം. പകരമായി കൊളംബിയയ്ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടാണ് യുഎസ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 104 ഇന്ത്യക്കാർ തിരികെയെത്തിയത്. നാടുകടത്തപ്പെട്ടവരിൽ യുപി, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. യുഎസിൻ്റെ സി-17 സൈനിക വിമാനം അമൃത്സറിലാണ് ലാൻഡ് ചെയ്തത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടിനെ തുടർന്നാണ് കുടിയേറ്റക്കാരെ നാടുകടത്തിയത്.
നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി 11ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. യുഎസ് സൈനിക വിമാനങ്ങൾ വഴി കുടിയേറ്റക്കാരെ നാടുകടത്തുന്ന ഏറ്റവും ദൂരെയുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയയ്ക്കാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്‍റെ നടപടിയോട് തുറന്ന മനസാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പ്രതികരണം.