ട്രംപിൻ്റെ തിരിച്ചടിത്തീരുവയിൽ തകർന്ന് ഓഹരിവിപണി; ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് ആശങ്ക
logo

ന്യൂസ് ഡെസ്ക്

Posted : 03 Apr, 2025 10:39 PM

അതേസമയം യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

WORLD

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണികളിൽ വൻ ഇടിവ്. ഇതോടെ ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്. ഇന്ത്യൻ സൂചികകളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തീരുവ വർധനവിന് പിന്നാലെ സ്വർണവില കുതിച്ച് കയറുകയാണ്. അതേസമയം യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. മറ്റ് പ്രധാന കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.2% മൂല്യമാണ് ഇടിഞ്ഞത്.


വ്യാഴാഴ്ച രാവിലെ ട്രേഡിങ് ആരംഭിച്ച മുതൽക്കെ മൂന്ന് പ്രധാന യുഎസ് സൂചിക ഫണ്ടുകളും ഇടിഞ്ഞിരുന്നു. സാങ്കേതികവിദ്യയിൽ ഏറെ പ്രാധാന്യമുള്ള നാസ്ഡാക്ക് ഫണ്ട് 4.5% ഇടിഞ്ഞപ്പോൾ, എസ് ആൻഡ് പി 500 ഉം, ഡൗവ് യഥാക്രമം 3.4% ഉം 2.7% ഉം ഇടിഞ്ഞു. വിപണി മൂല്യത്തിൽ യുഎസിലെ ഏറ്റവും വലിയ രണ്ട് കമ്പനികളായ ആപ്പിളും എൻവിഡിയയും ഉച്ചയോടെ മൊത്തം 470 ബില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തി.


അതേസമയം ട്രംപിന്‍റെ തിരിച്ചടിത്തീരുവ ഇന്ത്യക്ക് കടുകട്ടിത്തീരുവയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പരസ്പരം ഫ്രണ്ട്സ് എന്ന് വിളിക്കുമെങ്കിലും ആ ആനുകൂല്യം ഇന്ത്യക്കു ലഭിച്ചില്ല. അമേരിക്ക പ്രഖ്യാപിച്ച നികുതി നിരക്കിൽ സൗഹൃദം അളന്നാൽ ഇന്ത്യ ട്രംപിന്‍റെ ഹൃദയത്തോട് ഒട്ടും അടുപ്പത്തിലല്ല. ഇന്ത്യക്കു ചുമത്തിയത് 26 ശതമാനം നികുതി. ദക്ഷിണകൊറിയയ്ക്ക് 25 ശതമാനം. ജപ്പാന് 24 ശതമാനം. യൂറോപ്യൻ യൂണിയന് 20 ശതമാനം. ഇങ്ങനെ അകന്നു നിൽക്കും തോറും കൂടുതൽ നികുതിയാണ് എന്ന് കണക്കാക്കിയാൽ സ്വാഭാവികമായും ചൈനയാണ് ഏറ്റവും അകലെ. 54 ശതമാനം നികുതിയാണ് ചൈനയ്ക്കു ചുമത്തിയിരിക്കുന്നത്.


ALSO READ: 72,000 വീഡിയോകൾ, 1.2 മില്ല്യൺ ഉപയോക്താക്കൾ; പീഡോഫൈൽ ഡാർക്ക് വെബ് പ്ലാറ്റ്‌ഫോം കിഡ്‌ഫ്ലിക്സ് പൂട്ടിച്ച് യൂറോപോൾ



ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വിപണി അമേരിക്കയാണ്. ഇവിടെ നിന്നുള്ള കയറ്റുമതിയുടെ 17.7 ശതമാനവും അമേരിക്കയിലേക്കാണ്. ഇന്ത്യ അമേരിക്കയിലേക്ക് അയയ്ക്കുന്നതിൽ മുൻപന്തിയിലുള്ളത് മരുന്നുകളും കെമിക്കലുകളുമാണ്. ഇവ രണ്ടിന്‍റേയും ഉൽപാദനം തന്നെ അമേരിക്കയുടെ വിപണിയെ ആശ്രയിച്ചാണ്. അവിടെ നികുതി വർദ്ധിപ്പിച്ചാൽ ഈ കയറ്റുമതിയാണ് നിലയ്ക്കുന്നത്.


നരേന്ദ്രമോദി സർക്കാരിന് 26 ശതമാനം നികുതി അപ്രതീക്ഷിതമായിരുന്നു. സമീപ ദിവസങ്ങളിൽ ട്രംപ് ആഗ്രഹിച്ചതുപോലെ നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഇന്ത്യയോട് ഒട്ടും കരുണകാണിച്ചില്ല. ഇന്ത്യ 17 ശതമാനം ശരാശരി നികുതി അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുമത്തുമ്പോൾ അമേരിക്ക ഇതുവരെ 3.3 ശതമാനം മാത്രമായിരുന്നുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചത്. ഹാർലി ഡേവിഡ്സൺ ബൈക്കിന് ഉൾപ്പെടെ അമേരിക്കയിൽ നിന്നുള്ള 8500 ഉത്പന്നങ്ങൾക്കാണ് ഇന്ത്യ സമീപ ദിവസങ്ങളിൽ നികുതി കുറച്ചത്. ആ തീരുമാനം ഒരു ഗുണവും ചെയ്തില്ലെന്നാണ് ട്രംപിന്‍റെ കടുകട്ടിത്തീരുവ സൂചിപ്പിക്കുന്നത്.


ALSO READ: അമേരിക്കയിൽ നിന്നുള്ള 8500 ഉത്പന്നങ്ങൾക്ക് നികുതി കുറച്ചിട്ടും ഫ്രണ്ട് തുണച്ചില്ല; ഇന്ത്യക്ക് കടുകട്ടിത്തീരുവയായി ട്രംപിന്‍റെ തിരിച്ചടിത്തീരുവ


ഇന്ത്യയുടെ അത്ര നികുതിയില്ലെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമെല്ലാം വലിയ പ്രതിസന്ധിയാണ് ഈ തീരുവ ഉണ്ടാക്കുന്നത്. കടുകട്ടിത്തീരുവയിലൂടെ ട്രംപ് യഥാർത്ഥത്തിൽ ചെയ്യുന്നത് ലോക വ്യാപാര കരാർ നടപ്പാക്കുകയാണ്. എല്ലാ രാജ്യങ്ങളും തുല്യ നികുതി ഏർപ്പെടുത്തി ലോകം ഒരു വിപണിയാക്കുക എന്നതായിരുന്നു മൂന്നു പതിറ്റാണ്ടു മുൻപ് ഗാട്ട് കരാർ മുന്നോട്ടുവച്ച ആവശ്യം. അത് ഇന്ത്യപോലെയുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് അന്നേ പറഞ്ഞിരുന്നു. അമേരിക്ക ഏർപ്പെടുത്തിയിരുന്ന 3.3 ശതമാനം നികുതി തന്നെ ഇന്ത്യയും ഏർപ്പെടുത്തേണ്ടിവന്നാൽ നമ്മുടെ വിപണിയെല്ലാം അമേരിക്കൻ ഉത്പന്നങ്ങളാൽ നിറയും എന്നതാണ് വലിയ തിരിച്ചടി.


WORLD
ദൈവം എന്നെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ കാരണമുണ്ടാകും; തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടും: ഷെയ്ഖ് ഹസീന
Also Read
Share This

Popular