fbwpx
"ബംഗാൾ ആവർത്തിക്കരുത്, പാർട്ടിയാണ് അധികാരകേന്ദ്രമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്"; CPIM പ്രവർത്തന റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Mar, 2025 02:19 PM

ജനങ്ങളിൽ നിന്ന് അകന്നു പോയതാണ് നമ്മുടെ പ്രധാന ദൗർബല്യം എന്ന് തിരിച്ചറിയണമെന്നും റിപ്പോ‍ർട്ടിൽ പറയുന്നു

KERALA



ഭരണത്തുടർച്ചയിൽ ബംഗാൾ ആവർത്തിക്കരുതെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. പാർട്ടിയാണ് അധികാരകേന്ദ്രമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്. ജനങ്ങളുമായി ഇടപെടുന്നതിൽ പോരായ്മകളുണ്ട്. തുടർഭരണം സംഘടന ദൗർബല്യങ്ങളുണ്ടാക്കിയെന്നും, പ്രാദേശിക വിഭാഗീയത ഇപ്പോഴും പാർട്ടിയിൽ നിലനിൽക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്. സോഷ്യൽ മീഡിയ ഫാൻസിനെ കൂട്ടാൻ മാത്രമാകരുതെന്ന് യുവനേതാക്കൾക്കും പ്രവർത്തന റിപ്പോർട്ടിൽ നിർദേശമുണ്ട്.


പാർട്ടി അക്കൗണ്ടുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ ചില ഏരിയാ കമ്മിറ്റികൾ തികഞ്ഞ അലംഭാവം കാണിക്കുന്നുവെന്നും സിപിഐഎം പ്രവ‍ർത്തന റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് എത്തിക്കും. കേന്ദ്രസർക്കാർ പാർട്ടിയെ ദുർബലപ്പെടുത്താൻ കിട്ടുന്ന അവസരങ്ങൾ കളയില്ലെന്ന് ഓർക്കണമെന്നും പ്രവ‍ർത്തന റിപ്പോ‍ർട്ടിൽ പറയുന്നു.


അനുഭാവികളും അംഗങ്ങളും തമ്മിലുള്ള അകലം വർധിക്കുന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പാർട്ടി അം​ഗങ്ങൾ ജനങ്ങളുമായി ഇടപെടുന്നതിൽ പോരായ്മയുണ്ട്. പാർട്ടി അംഗങ്ങൾ പ്രദേശത്തെ വീടുകളുമായി ദൈനംദിന ബന്ധം പുലർത്തണമെന്ന നിർദ്ദേശം ഫലപ്രദമായി നടക്കുന്നില്ല. തെരഞ്ഞെടുപ്പിൽ നമ്മൾ കണക്കു കൂട്ടുന്ന വോട്ടും ലഭിക്കുന്ന വോട്ടും തമ്മിലുള്ള അന്തരത്തിന് കാരണം ഇതാണ്. ജനങ്ങളിൽ നിന്ന് അകന്നു പോയതാണ് നമ്മുടെ പ്രധാന ദൗർബല്യം എന്ന് തിരിച്ചറിയണമെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.


ALSO READ: എംഎൽഎ ഇല്ലെങ്കിൽ എന്താണ് കുഴപ്പം?; മുകേഷിനെ നിങ്ങൾ അന്വേഷിച്ചാൽ മതി: എം. വി. ഗോവിന്ദൻ മാധ്യമങ്ങളോട്


വോട്ട് കണക്കിൽ ബിജെപി വളർച്ച വ്യക്തമാണ്. സിപിഎമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല ഹ്രസ്വകാല പദ്ധതികളുണ്ട്. സംഘപരിവാർ ശക്തികൾ സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വനിതാ കൂട്ടായ്മ ഇത്തരത്തിലുള്ളത്. വനിതകളെ ലക്ഷ്യമിട്ടുള്ള സംഘപരിവാർ നീക്കം പ്രതിരോധിക്കാൻ മഹിളാ അസോസിയേഷന് കഴിയുന്നില്ല. പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് ചോർന്നു. പാർട്ടിക്കൊപ്പം നിൽക്കുന്നവരെ പോലും ബിജെപിക്കെതിരെ അണിനിരത്താനാകുന്നില്ല. തൃശൂർ സീറ്റ് ബിജെപി നേടിയതിൽ ഗൗരവ പരിശോധന വേണം. സംഘപരിവാറിന് പരവതാനി വിരിക്കുന്ന സമുദായ നേതൃത്വങ്ങളെ തുറന്ന് കാട്ടണമെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.



നേതൃത്വത്തെ സംബന്ധിച്ച് മികച്ച പ്രവർത്തനം എന്ന പൊതു വിലയിരുത്തലാണ് റിപ്പോർട്ടിൽ. കെ.എന്‍. ബാലഗോപാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നു. കെ.കെ. ശൈലജ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. തോമസ് ഐസക്കും എം. സ്വരാജും പാർട്ടി കേന്ദ്രം ഏൽപ്പിക്കുന്ന പ്രവർത്തനങ്ങൾ നന്നായി നിർവഹിക്കുന്നുണ്ട്. പക്ഷേ അവൈലബിൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ ഇരുവരും കൂടുതൽ ശ്രദ്ധിക്കണം. പി.കെ. ശ്രീമതി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് മുമ്പുള്ളയത്ര സമയം കിട്ടുന്നില്ല. എ.കെ. ബാലൻ ഉത്തകവാദിത്തങ്ങൾ നല്ലരീതിയിൽ നിർവഹിക്കുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ പ്രതികരിച്ച് നിലപാട് വ്യക്തമാക്കാറുണ്ട്. പാർലമെൻ്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലും എൽഡിഎഫ് കൺവീനർ എന്ന നിലയിലും ടി.പി. രാമകൃഷ്ണൻ്റേത് മികച്ച പ്രവർത്തനമാണ്. മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണ്. രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് ഇതിന് കാരണം.


സ്റ്റേറ്റ് കമ്മിറ്റിയിലെ യുവനിര കൂടുതൽ സജീവമാകണം. സെക്രട്ടേറിയറ്റ് അംഗങ്ങൾ മുൻകാല നേതാക്കളെ മാതൃകയാക്കണം. സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്ന സംസ്ഥാന നേതാക്കൾ പാർട്ടിക്കെന്ത് ഗുണം എന്നുകൂടി ചിന്തിക്കണം. ഫാൻസിനെ കൂട്ടൽ മാത്രമാകരുത് ലക്ഷ്യമെന്നും പ്രവർത്തന റിപ്പോർട്ട് നിർദേശിക്കുന്നു.

 

ALSO READ: CPIM സംസ്ഥാന സമ്മേളനം: ബംഗാളിലെ സ്ഥിതി പാഠമാക്കണമെന്ന് സംഘടനാ റിപ്പോർട്ട്; ഇന്നും നാളെയുമായി പൊതു ചർച്ച


ചില അംഗങ്ങൾ ക്വട്ടേഷൻ, റിയൽ എസ്റ്റേറ്റ് കൂട്ടുകെട്ടുമായി ഇപ്പോഴും ബന്ധം തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. പാർട്ടി അംഗങ്ങൾ ഇത്തരം ഇടപാടുകൾ നടത്തരുതെന്ന് പാലക്കാട് പ്ലീനം നിർദ്ദേശിച്ചതാണ്. എന്നിട്ടും ഇത്തരം സ്ഥിതി തുടരുന്നു. ഇക്കാര്യം പരിശോധിച്ചു തിരുത്തുമെന്നും പ്രവർത്തന റിപ്പോർട്ട് പറയുന്നുണ്ട്.


കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം രണ്ടാം ദിനമായ ഇന്നാണ് സംഘടനാ പ്രവർത്തന റിപ്പോർട്ടിൽ ചർച്ച നടക്കുന്നത്. പാർട്ടി പ്രവർത്തന റിപ്പോർട്ടിലും നവകേരള നയരേഖയിലും ഇന്നും നാളെയുമായിട്ടാകും പൊതുചർച്ചകൾ പൂർത്തീകരിക്കുക. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോ ഓർഡേനേറ്റർ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ പതാക ഉയർത്തി. ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ ഘടകങ്ങളിൽ നിന്നും നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ പൊതു ചർച്ചയിൽ പങ്കെടുക്കും.


ALSO READ: 'പാർട്ടിയെപ്പറ്റി അറിയാത്തവർ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്'; പ്രവർത്തന റിപ്പോർട്ടിൽ വിമർശനമെന്ന വാർത്തകൾ നിഷേധിച്ച് സജി ചെറിയാൻ



ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ബംഗാളിലെ സ്ഥിതി പാഠമാക്കണമെന്നും ഭരണ തുടർച്ച ബംഗാളിൽ ഉണ്ടാക്കിയ വീഴ്ച കേരളത്തിൽ ആവർത്തിക്കരുതെന്നുമാണ് സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. പാർട്ടിയാണ് അധികാര കേന്ദ്രമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്. വിനീത ദാസൻമാരാകണം പാർട്ടി പ്രവർത്തകരെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്. നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നു. തുടർഭരണം ജനങ്ങളെ ആകർഷിച്ചപ്പോൾ സംഘടന ജനങ്ങളിൽ നിന്ന് അകന്നുവെന്നും നേതാക്കൾക്ക് ജന സ്വാധീനം ഇല്ലാതായെന്നുമാണ് വിമർശനം. വോട്ട് കണക്ക് പോലും തെറ്റുന്നത് ജനങ്ങളുമായി ബന്ധമില്ലാത്തതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

WORLD
ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ;മാർക്ക് കാർണി പുതിയ പ്രധാനമന്ത്രി
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ;മാർക്ക് കാർണി പുതിയ പ്രധാനമന്ത്രി