2002ലും 2013ലുമാണ് മുമ്പ് ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടിയത്
ദുബായിൽ വെച്ച് നടന്ന ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് വീഴ്ത്തി ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് രോഹിത് ശർമയുടെ നായകത്വത്തിലുള്ള ഇന്ത്യൻ ടീം. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി നേട്ടമാണിത്. 2002ലും 2013ലുമാണ് മുമ്പ് ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ടീം മൂന്ന് ഐസിസി ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ നേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നേടുന്ന ഏഴാമത്തെ ഐസിസി കിരീടം കൂടിയാണിത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ സ്പിന്നർമാരുടെ കരുത്തിൽ 251 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ, 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നായകൻ രോഹിത് ശർമയും (76) ശുഭ്മാൻ ഗില്ലും (31) മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. നായകൻ്റെ ഇന്നിങ്സ് പുറത്തെടുത്ത ഹിറ്റ്മാൻ ന്യൂസിലൻഡ് ബൗളർമാർക്കെതിരെ ആധികാരികമായ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. വിരമിക്കൂവെന്ന് ആർപ്പുവിളിച്ച വിമർശകർക്ക് ജയത്തിലൂടെ മറുപടി നൽകാനും രോഹിത്തിനും കോഹ്‌ലിക്കുമായി. ഇന്ത്യക്കായി ശ്രേയസ് അയ്യർ (48), അക്സർ പട്ടേൽ (29), കെ.എൽ. രാഹുൽ (34), ഹാർദിക് പാണ്ഡ്യ (18) എന്നിവരും തിളങ്ങി.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിരുന്നു. മറുപടിയായി ഇന്ത്യൻ ഓപ്പണർമാർ മികച്ച ഇന്ത്യൻ ഇന്നിങ്സിൽ ആദ്യം വീണത് ഗില്ലാണ്. സാൻ്റ്നറുടെ പന്തിൽ ഫിലിപ്സ് തകർപ്പനൊരു ഒറ്റക്കയ്യൻ ക്യാച്ചിലൂടെ ഗില്ലിനെ പുറത്താക്കി. പിന്നാലെ ഒരു റൺസെടുത്ത കോഹ്‌ലിയെ മൈക്കൽ ബ്രേസ്‌വെൽ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഗ്യാലറി നിശബ്ദമായി. വിരാട് കോഹ്ലിക്ക് പിന്നാലെ ഫിഫ്റ്റി നേടിയ രോഹിത് ശർമയും പുറത്തായി. വെടിക്കെട്ട് തുടക്കത്തിന് പിന്നാലെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ തുടരെ നഷ്ടമായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസലൻഡിനായി അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് സ്കോർ 200 കടത്തിയത്. ന്യൂസിലൻഡ് നിരയിൽ ഡാരിൽ മിച്ചലും മൈക്കൽ ബ്രേസ്‌വെല്ലും (53*) ഫിഫ്റ്റി നേടി. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റെടുത്തു.
ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചെൽ സാൻ്റ്‌നർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ 29 പന്തിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയും വിൽ യങ്ങും (15) ചേർന്ന് മികച്ച സ്ട്രോക്ക് പ്ലേയിലൂടെ സ്കോർ ബോർഡ് ചലിപ്പിച്ചു. എട്ടാമത്തെ ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് നേടിയ ശേഷമാണ് 24ാം ഓവറിൽ 108/4 എന്ന നിലയിലേക്ക് കീവീസ് പട വീണത്. ആദ്യം വീണത് യങ് ആയിരുന്നു. വരുൺ ചക്രവർത്തിയെ പന്തേൽപ്പിച്ച രോഹിത് ശർമയ്ക്ക് പിഴച്ചില്ല. യങ്ങിനെ വിക്കറ്റിന് മുന്നിൽ കുടുക്കി വരുൺ ന്യൂസിലൻഡിൻ്റെ ആദ്യ രക്തം പൊടിച്ചു.
മത്സരത്തിലെ തൻ്റെ ആദ്യ പന്തിൽ തന്നെ മികച്ച ഫോമിലുള്ള രചിനെ പുറത്താക്കി കുൽദീപ് തൻ്റെ വരവറിയിച്ചു. ഒരു സിക്സും നാല് ഫോറും ഉൾപ്പെടെ 37 റൺസെടുത്ത രചിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിൽ രചിനൊപ്പം സെഞ്ചുറി നേടിയ കെയ്ൻ വില്യംസണിൻ്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് ന്യൂസിലൻഡിന് അടുത്ത ഷോക്ക് സമ്മാനിച്ചു. ഇതോടെ പതിമൂന്നാം ഓവറിൽ 75/3 എന്ന നിലയിലേക്ക് കീവീസ് ടീം പതിച്ചു. പിന്നാലെയെത്തിയ മുൻ നായകൻ ടോം ലഥാമിനെ (14) വിക്കറ്റിന് മുന്നിൽ കുടുക്കി രവീന്ദ്ര ജഡേജ ന്യൂസിലൻഡിനെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു.
അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലിനെ (63) മുഹമ്മദ് ഷമിയുടെ പന്തിൽ രോഹിത് ക്യാച്ചെടുത്ത് പുറത്താക്കി. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിനെ വരുൺ ചക്രവർത്തി ക്ലീൻബൗൾഡാക്കി. മിച്ചെൽ സാൻ്റ്നറെ (8) കോഹ്ലിയുടെ ഏറിൽ നിന്ന് കെ.എൽ. രാഹുൽ റണ്ണൗട്ടാക്കി. നഥാൻ സ്മിത്ത് (0*) പുറത്താകാതെ നിന്നു.
മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ. ശുഭ്മാൻ ഗിൽ എന്നിവർ നിർണായകമായ ക്യാച്ചുകൾ നിലത്തിടുന്നതിനും ദുബായ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചു. ഈ ക്യാച്ചുകൾ കൂടി ഇന്ത്യൻ താരങ്ങൾ കയ്യിലൊതുക്കിയിരുന്നെങ്കിൽ കീവീസുകാരുടെ നില ഇതിലും ദയനീയമായേനെ.