വരും തലമുറ ഇതുപോലെ തന്നെ മുന്നേറുമെന്ന് ഉറപ്പുണ്ടെന്നും കോഹ്ലി മത്സര ശേഷം പറഞ്ഞു.
ഓസീസ് പര്യടനത്തിന് ശേഷം ശക്തമായി തിരിച്ചുവരേണ്ടത് ആവശ്യമായിരുന്നുവെന്ന് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി പറഞ്ഞു. ഇന്ത്യക്ക് ശക്തമായ ഒരു യുവനിരയുണ്ട്. ഈ ടീമിൽ എനിക്കും മറ്റുള്ളവരെ പോലെ ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഈ ടൂർണമെൻ്റിലെ ഓരോ നിമിഷവും ആസ്വദിക്കാനായി. വരും തലമുറ ഇതുപോലെ തന്നെ മുന്നേറുമെന്ന് ഉറപ്പുണ്ടെന്നും കോഹ്ലി മത്സര ശേഷം പറഞ്ഞു.
"ഇന്ത്യൻ ടീം അവരുടെ കഴിവിൽ ഉറച്ചുവിശ്വസിച്ചു. സമീപകാലത്ത് ചില തോൽവികൾ ഉണ്ടായെങ്കിലും ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അതിനായി കൂട്ടായി പരിശ്രമിച്ചു. ഈ വിജയം കൂട്ടായ്മയുടേയും കഠിനാധ്വാനത്തിൻ്റേതുമാണ്. ഈ വിജയം നേടാൻ മികച്ച മുന്നൊരുക്കവും ആസൂത്രണവും നടത്തിയിരുന്നു. അതിനെല്ലാം ഫലമുണ്ടായി," കോഹ്‌ലി പറഞ്ഞു.
ഇത് മനോഹരമായൊരു അനുഭൂതിയാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമയും പറഞ്ഞു. "ഈ കിരീടനേട്ടത്തിനായി കഠിനമായി ആഗ്രഹിച്ചിരുന്നു. ഏകദിന ലോകകപ്പിലും ഇതുപോലെ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ അന്ന് സാധിക്കാത്തത് ഇന്ന് ഇവിടെ സാധിക്കാനായി. മനസിൽ വ്യക്തമായൊരു പ്ലാൻ ഉണ്ടായിരുന്നു. അക്കാര്യത്തിന് ടീമിന് മാനേജ്മെൻ്റിൻ്റേയും ഉറച്ച പിന്തുണയുണ്ടായിരുന്നു. ഞങ്ങൾക്ക് നേരത്തെ വിചാരിച്ച പോലെ കളത്തിലും പ്രകടനം നടത്താനായി," രോഹിത് കൂട്ടിച്ചേർത്തു. രോഹിത് ശർമയാണ് ഫൈനലിലെ താരമായി മാറിയത്. രചിൻ രവീന്ദ്രയെ ടൂർണമെൻ്റിലെ താരമായും തിരഞ്ഞെടുത്തു.