fbwpx
"നാടിൻ്റെ വളർച്ചയ്ക്കായി വ്യക്തി സമ്പാദ്യങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാമോയെന്ന് പരിശോധിക്കും"; നവകേരളത്തിൻ്റെ പുതുവഴി വിശദീകരിച്ച് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 09 Mar, 2025 09:25 PM

ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നെന്നും കേരള വിരുദ്ധ നിലപാടിൽ കരഞ്ഞിരിക്കാൻ ആവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

KERALA

നവ കേരള നയരേഖ വിശദീകരിച്ചും നയം വ്യക്തമാക്കിയും പൊതുസമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മുന്നോട്ട് പോകാൻ അധിക വിഭവസമാഹരണം ആവശ്യമാണ്. അതിനായി നാടിന്റെ താൽപ്പര്യത്തെ ഹനിക്കാത്ത നിക്ഷേപങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നെന്നും കേരള വിരുദ്ധ നിലപാടിൽ കരഞ്ഞിരിക്കാൻ ആവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.


നവകേരളത്തിനായി വിദേശത്തെ മലയാളി സമ്പന്നരുടെ വിഭവശേഷി നാട്ടിൽ എങ്ങനെ നിക്ഷേപിക്കാൻ കഴിയും എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയിലെ നിക്ഷേപം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നതും പരിശോധിക്കും. തദ്ദേശ മേഖലയിലെ വികസനത്തിന് സഹകരണ മേഖലയിലെ തുക വിനിയോഗിക്കുന്നത് അടക്കം പരിഗണനയിലുണ്ട്. വ്യക്തി സമ്പാദ്യങ്ങൾ ഉൾപ്പെടെ നാടിൻ്റെ വളർച്ചയ്ക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന് പരിശോധിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.


നമ്മുടെ നാട് മുന്നോട്ടു പോകണം എന്നതുകൊണ്ടാണ് സിപിഐഎം ഇങ്ങനെ ആലോചിക്കുന്നത്. കൂടുതൽ വികസന പ്രവർത്തനത്തിന് വിഭവശേഷി ഒരു തടസ്സമായി നമുക്ക് മുന്നിൽ നിൽക്കരുത്. നമുക്കിനിയും വളരണം നമുക്ക് ഇനിയും മുന്നോട്ട് പോകണം. കേന്ദ്രം സഹായം തടയുന്നു എന്നതു കൊണ്ടുമാത്രം തോറ്റുകൊടുക്കാൻ കഴിയില്ലെന്ന് തെളിയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ALSO READ: "മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും തടങ്കൽപാളയത്തിൽ, കോൺഗ്രസ് അതിൻ്റെ ഗുണഭോക്താവ്"- എം.വി. ഗോവിന്ദൻ


"കേരളം വലിയതോതിൽ മാറി എന്ന് രാജ്യം തന്നെ അംഗീകരിക്കുന്നു. കേരളത്തിൻ്റെ പുതുവളർച്ചയെ അംഗീകരിക്കാൻ മാധ്യമങ്ങൾ അടക്കം തയ്യാറാകുന്നു. നിക്ഷേപങ്ങൾ നല്ല രീതിയിൽ വരാനുള്ള സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. നിക്ഷേപ സൗഹൃദത്തിൻ്റെ നമ്പർ വൺ സംസ്ഥാനമായി കേരളം മാറി. വൻ നിക്ഷേപങ്ങൾ വരുമ്പോൾ അതിൻറെ ഭാഗമായി വരുന്ന തൊഴിൽ സാധ്യതകളുണ്ട്. പഠനം പൂർത്തിയാകുമ്പോഴേക്കും തൊഴിലുണ്ടാകുന്ന യുവാക്കൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം," പിണറായി വിജയൻ പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളം നയരേഖയുടെ വിശദാംശങ്ങൾ നേരത്തെ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. കേരള വികസനത്തിന് വൻ കുതിപ്പ് നൽകുന്ന പദ്ധതികളാണ് നയരേഖ വിഭാവനം ചെയ്യുന്നത്. ഐടി, ടൂറിസം മേഖലകളിൽ വൻകിട പദ്ധതികൾ, കൂടുതൽ ക്ഷേമ പദ്ധതികൾ എന്നിങ്ങനെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന നയരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.


ALSO READ: "കേന്ദ്രത്തിന് കേരളവിരുദ്ധ നിലപാട്, അതിനും മാത്രം എന്ത് പാതകമാണ് നമ്മൾ ചെയ്തത്?"- പിണറായി വിജയൻ


ആഗോള നിക്ഷേപ ഭീമൻമാരെയടക്കം കേരളത്തിൽ എത്തിക്കാൻ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും പരിഷ്കാരങ്ങളും നയരേഖ നിർദേശിക്കുന്നുണ്ട്. ഇടതുപക്ഷ സർക്കാരിന് തുടർഭരണം പ്രതീക്ഷിച്ചുകൊണ്ട്, നവകേരളത്തിന് പുതിയ വികസനകാഴ്ചപ്പാട് നിർദേശിക്കുന്ന പാർട്ടി രേഖയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന പ്രതിനിധികൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. നയരേഖയിൻമേലുള്ള ചർച്ച മറ്റന്നാളാണ്. മൂന്നാം എൽഡിഎഫ് സർക്കാർ വരും എന്നുറപ്പിക്കുന്ന നയരേഖ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമൂഹിക സാഹചര്യത്തിലേക്ക് കേരളത്തെ വളർത്താനുള്ള കർമ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

KERALA
താമരശേരി അമ്പായത്തോടും പരിസരവും സിന്തറ്റിക് ലഹരി ഉപയോഗം വ്യാപിക്കുന്നു; ലഹരി ഉപയോഗവും വിൽപനയും പ്രദേശത്ത് കൂടുതലെന്ന് നാട്ടുകാർ
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ;മാർക്ക് കാർണി പുതിയ പ്രധാനമന്ത്രി