അന്‍വര്‍ ഇടതുപക്ഷത്തിന് ഭീഷണി അല്ല. അദ്ദേഹത്തിന് സ്വന്തം വഴിക്ക് പോകാം. ഇടതുപക്ഷത്തിന്റെ ചുവരില്‍ ചാരിയിട്ട് ആവരുത്
പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. പാര്‍ട്ടി പറയുന്നത് അനുസരിക്കാതെ അന്‍വര്‍ ആളുകളെ പൊതു സമൂഹത്തിന് മുമ്പില്‍ അപമാനിക്കുന്നു. അസാധാരണമായ കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. ഇന്ന് തന്നെ നിലപാട് എടുക്കണം എന്ന് പറഞ്ഞാല്‍ ജനാധിപത്യം അല്ലെന്നും വി.കെ സനോജ് പ്രതികരിച്ചു.
അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, സിപിഎമ്മിന്റെ നേതൃത്വത്തില്‍ അന്‍വറിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ എംഎല്‍എയ്‌ക്കെതിരെ നേതാക്കളും രൂക്ഷ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.
സ്വര്‍ണക്കടത്തുകാരുടെ വക്കാലത്ത് എടുക്കുന്ന ആളാണ് അന്‍വര്‍ എന്ന് വി.കെ സനോജ് വിമര്‍ശിച്ചു. മഞ്ഞപ്പത്രക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്‍വര്‍ ഏറ്റുപിടിക്കുന്നു. അവരുടെ സ്‌ക്രിപ്റ്റുകള്‍ കോപ്പി അടിക്കുന്നു. സ്വര്‍ണക്കടത്തുകാര്‍ സ്വര്‍ണം അടിച്ചുമാറ്റുന്നു എന്ന് അവര്‍ ആരോപിക്കുന്നു. അത് നമ്മള്‍ വിശ്വസിക്കണോ? അന്‍വര്‍ ഇടതുപക്ഷത്തിന് ഭീഷണി അല്ല. അദ്ദേഹത്തിന് സ്വന്തം വഴിക്ക് പോകാം. ഇടതുപക്ഷത്തിന്റെ ചുവരില്‍ ചാരിയിട്ട് ആവരുത്.
Also Read: ഇനി പ്രതീക്ഷ കോടതിയില്‍, നിയമ നടപടി സ്വീകരിക്കാനൊരുങ്ങി പി.വി. അന്‍വര്‍
അന്‍വറിന്റെ പരാതി തള്ളിക്കളഞ്ഞിട്ടില്ല. പറയുന്നതില്‍ ദുരൂഹത ഉണ്ട്. റിയാസിനെതിരെയുള്ള ആരോപണം ആസൂത്രിതമാണ്. ഡിവൈഎഫ്‌ഐയില്‍ സജീവമായ നേതാവാണ് റിയാസ്. അന്‍വറിന് എതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ ആരെയും സസ്പെന്‍ഡ് ചെയ്യാന്‍ ആവില്ല. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അതൃപ്തിയും സനോജ് പരസ്യമാക്കി. ആര്‍എസ്എസുമായി ആര് കൂട്ടുചേര്‍ന്നാലും യോജിപ്പില്ലെന്നും സനോജ് വ്യക്തമാക്കി.
ദീപിക പത്രത്തില്‍ മുഖ്യമന്ത്രിക്കെതിരെ വന്ന എഡിറ്റോറിയല്‍ ജനങ്ങള്‍ വില കല്‍പ്പിക്കില്ലെന്നും സനോജ് പറഞ്ഞു.