കഴിഞ്ഞ തിങ്കളാഴ്ച പട്ടാപകലാണ് ആലുവ ചെമ്പകശ്ശേരി സ്വദേശി ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ വൻ കവർച്ച നടന്നത്
ആലുവ നഗരത്തോട് ചേർന്ന് പട്ടാപ്പകൽ വീട് കുത്തി തുറന്ന് 40 പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തില്‍ വഴിത്തിരിവ്. ആഭിചാരക്രിയ ചെയ്യാനെത്തിയ മന്ത്രവാദിയുടെ നിർദേശപ്രകാരം ഗൃഹനാഥ തന്നെയാണ് കവർച്ച നടത്തിയത്. വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചാൽ ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കും എന്ന് ധരിപ്പിച്ചായിരുന്നു മന്ത്രവാദിയായ തൃശൂർ സ്വദേശി അൻവർ മോഷണം നടത്തിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച പട്ടാപ്പകലാണ് ആലുവ ചെമ്പകശ്ശേരി സ്വദേശി ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കവർച്ച നടന്നത്. ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും 8 ലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കവർച്ച നാടകമാണെന്ന് മനസിലായത്. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്ന് മന്ത്രവാദ ചികിത്സ ചെയ്യുന്ന ഉസ്താദിന്റെ നിർദേശാനുസരണമാണ് മോഷണം നടത്തിയതെന്ന് വീട്ടുടമസ്ഥ സമ്മതിച്ചു. തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവറിനെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് അതിന് പരിഹാരം ചെയ്യാനെന്ന പേരിൽ പല തവണകളായി ഇയാൾ പണവും, സ്വർണവും കൈപ്പറ്റുകയായിരുന്നു. ഇത് കണ്ടുപിടിക്കാതിരിക്കാനാണ് ഇയാളുടെ നിർദേശ പ്രകാരം മുൻവശത്തെ ഡോറിന്റെ ലോക്ക് പൊളിച്ചതും വീട്ടിൽ കവർച്ച നടന്നതായി തെറ്റിദ്ധരിപ്പിച്ചതും. അൻവറിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചടക്കം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.