സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള എജെഎലിൻ്റെ 661 കോടിയുടെ ആസ്തികൾ ഏറ്റെടുക്കാനാണ് നടപടി
നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ 661 കോടിയുടെ ആസ്തികൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിൻ്റെ(എജെഎൽ) ആസ്തികൾ ഏറ്റെടുക്കാനായി ഇഡി നോട്ടീസ് അയച്ചു. ഡൽഹിയിലെ ഹെറാൾഡ് ഹൗസ് ഉൾപ്പെടെ, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ ആസ്തികൾ ഏറ്റെടുക്കാനാണ് നടപടി. കെട്ടിടം ഒഴിപ്പിക്കുകയോ വാടക ഇഡിക്ക് കൈമാറുകയോ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു.
നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള എജെഎൽ ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നെന്നാണ് കേസിലെ ആരോപണം.
ALSO READ: ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി; ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ
"ഇഡി നടത്തിയ വിപുലമായ അന്വേഷണത്തിൽ 988 കോടി രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും എജെഎല്ലിന്റെ 90.2 കോടി വിലമതിക്കുന്ന ഓഹരികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 20.11.2023 ന് താൽക്കാലിക അറ്റാച്ച്‌മെന്റ് ഉത്തരവ് (പിഎഒ) പുറപ്പെടുവിച്ചുകൊണ്ട് കണ്ടുകെട്ടി," പ്രസ്താവനയിൽ ഇഡി വ്യക്തമാക്കി.
2014 ജൂൺ 26 ന് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2021ൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എജെഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള 2000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ കൈയടക്കുന്നതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും ആരോപണമുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും, യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയും ക്രിമിനൽ ഗൂഢാലോചന നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.