ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ചടങ്ങാണെങ്കിലും പാലക്കാടിൻ്റെ കിഴക്കൻ മേഖലകളിൽ വിഷു ചാലിടൽ മുടങ്ങാതെ നടത്തുന്ന കർഷകർ ഏറെയുണ്ട്
വിഷുദിനത്തിൽ കൃഷിയ്ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണ് വിഷു ചാലിടൽ. ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ചടങ്ങാണെങ്കിലും പാലക്കാടിൻ്റെ കിഴക്കൻ മേഖലകളിൽ വിഷു ചാലിടൽ മുടങ്ങാതെ നടത്തുന്ന കർഷകർ ഏറെയുണ്ട്. വിഷുചാലിടൽ ചടങ്ങ് കഴിഞ്ഞാൽ പിന്നീടുള്ള എത് ദിവസവും മുഹൂർത്തം നോക്കാതെ കൃഷിയിറക്കാം എന്നാണ് വിശ്വാസം.
ALSO READ: സമൃദ്ധിയിലേക്ക് കൺതുറന്ന് മലയാളിക്ക് ഇന്ന് വിഷു
നൂറ് മേനി വിളവെന്ന പ്രാർഥനയുമായി, വിഷുദിനത്തിൽ നടത്തുന്ന ചടങ്ങാണ് വിഷു ചാലിടൽ. ഉഴുത് മറിച്ച മണ്ണിൽ, നിലമൊരുക്കി, വിത്തിട്ട് കൃഷിയ്ക്ക് തുടക്കം കുറിക്കുന്നതാണ് ചടങ്ങ്. ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണെങ്കിലും, മുതലമട മുണ്ടിയംപറമ്പിലെ ജോഷി, വിഷു ചാലിടൽ ചടങ്ങ് മുടങ്ങാതെ നടത്തുന്ന കർഷകനാണ്. വിഷു ദിവസം രാവിലെ കർഷകൻ വീട്ടിൽ നിന്നും പ്രാർഥനയാടെ, വിത്തും, കൈക്കോട്ടും, പൂജാസാധനങ്ങളുമായി കൃഷി സ്ഥലത്തേക്ക് യാത്രയാകും. കർഷകനും, കുടുംബവും, കർഷക തൊഴിലാളികളുമെല്ലാം അവിടെ ഒത്തുകൂടും.
കർഷകൻ നിലം ഉഴുത് മറിച്ച്, മണ്ണൊരുക്കും. തുടർന്ന് ഒരു മൺകൂനയിൽ ഏഴ് ചെറുകുഴികൾ കുത്തി, അതിൽ കാഞ്ഞിരത്തിൻ്റെ ഇലകൊണ്ട് കുമ്പിളുണ്ടാക്കി വിത്ത് നിറച്ച്, ഭൂമി പൂജ. വിഷുചാലിടൽ ചടങ്ങ് കഴിഞ്ഞാൽ പിന്നീട് എത് ദിവസവും മുഹൂർത്തം നോക്കാതെ കൃഷിയിറക്കാം എന്നാണ് വിശ്വാസം. ഭൂമി പൂജ കഴിഞ്ഞാൽ, നിലം ഉഴുത മണ്ണിൽ കർഷകനും കുടുംബാംഗങ്ങളും, തൊഴിലാളികളും ഒരുമിച്ച് വിത്തെറിയും.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ യുവാവിന് ദാരുണാന്ത്യം
വിത്ത് വീണ മണ്ണിൽ വീണ്ടും നിലം ഉഴുത് മണ്ണും വിത്തും ഒരുമിച്ച് ചേർക്കും. തൊഴിലാളികൾക്ക് കർഷകൻ വിഷു കൈനീട്ടം നൽകി മനസ് നിറയ്ക്കും. വിഷു ചാലിട്ടാൽ പിന്നെ ആഘോഷമാണ്. വിത്തു വിതച്ച മണ്ണിൽ പൂത്തിരി കത്തിച്ചും, പടക്കം പൊട്ടിച്ചും കർഷകനും, കർഷക തൊഴിലാളികളും ഒരുമിച്ച് വിഷു ആഘോഷിച്ച് വീടുകളിലേക്ക് മടങ്ങും.