നല്ല നാളേക്കുള്ള പ്രതീക്ഷകളുമായി കേരളത്തിന്റെ കാർഷിക വർഷം കൂടെയാണ് ഇവിടെ ആരംഭിക്കുന്നത്
സമൃദ്ധിയിലേക്ക് കൺതുറന്ന് മലയാളിക്ക് ഇന്ന് വിഷു. കണികണ്ടും, കൈനീട്ടം നൽകിയും, സദ്യ ഒരുക്കിയും വിഷു ആഘോഷമാക്കുകയാണ് മലയാളികൾ. നല്ല നാളേക്കുള്ള പ്രതീക്ഷകളുമായി കേരളത്തിന്റെ കാർഷിക വർഷം കൂടെയാണ് ഇവിടെ ആരംഭിക്കുന്നത്. കാണുന്ന കണി പോലെ സമ്പൽസമൃദ്ധമാകും വരും വർഷം എന്നാണ് വിശ്വാസം.
കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞ കണിക്കൊന്നയും, കൂടെ കണിവെള്ളരിയും, കാർഷിക വിളകളുമെല്ലാമായി വീണ്ടും ഒരു വിഷുക്കാലം. മടക്കിവെച്ച കോടി മുണ്ട്, വാൽക്കണ്ണാടി, നാളികേരം, നാണയങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിങ്ങനെ ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയുടെ വിഷുക്കാഴ്ച. കണ്ണിന് ചാരുതയാർന്ന ഐശ്വര്യക്കാഴ്ചയുമായി വിഷു പുലരിയിലേക്ക് കണികണ്ടുണരുകയാണ് മലയാളി.
തുടക്കം നന്നായാൽ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഓരോരുത്തരും കണി കണ്ടുണരുന്നത്. ഗൃഹതുരത്വത്തിന്റെ ഓർമ്മകൾ തലമുറകളിലേക്ക് കൈമാറി കൈനീട്ടവും, അനുഗ്രഹ വർഷവുമായി മുതിർന്നവരും കൂടെയുണ്ട്.
വീട്ടിലെ മുതിർന്ന ആളാണ് കണി ഒരുക്കുക. പുലർച്ചെ എഴുന്നേറ്റ് കണി കണ്ട ശേഷം കൈനീട്ടം നൽകും. പിന്നീട് ആഘോഷങ്ങളുടെ തുടക്കമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുര വധം നടത്തിയ ദിനമാണ് വിഷുവായി കൊണ്ടാടുന്നതെന്നാണ് ഐതിഹ്യം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കേരളത്തിന്റെ ഒരു കാർഷിക വർഷം ആരംഭിക്കുമ്പോൾ നമ്മുടെ കാർഷിക സംസ്കാരം കൈവിടരുത് എന്ന ഓർമപ്പെടുത്തലുമുണ്ട്.