കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,20,000 ത്തിലധികം കുട്ടികൾ ഇത്തരത്തിൽ സേവനം ഉപയോഗിച്ചതായി എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു
പ്രതീകാത്മക ചിത്രം
വേനലവധി കഴിഞ്ഞ് ദുബായിലേക്ക് മടങ്ങുന്ന 900 ഓളം കുട്ടികളെ കാത്ത് മുൻനിര എയർലൈനായ എമിറേറ്റ്സ്. മാതാപിതാക്കളില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാനെത്തുന്ന കുട്ടികളെയാണ് സ്വീകരിക്കാനാണ് എമിറേറ്റ്സ് ഒരുങ്ങുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,20,000 ത്തിലധികം കുട്ടികൾ എയർലൈനിൻ്റെ സേവനം ഉപയോഗിച്ചതായി പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ സേവനം ഉപയോഗിക്കുന്നത് ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമാണെന്നാണ് എമിറേറ്റ്സ് പറയുന്നത്. രക്ഷിതാക്കളുടെ കൂടെയല്ലാതെ 12-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചു.
കുട്ടിയെ കൊണ്ടുവിടുന്നയാൾ എയർലൈൻസിന് തിരിച്ചറിയൽ രേഖ നൽകണമെന്നും രക്ഷാധികാരി അനുമതി ഫോമിൽ ഒപ്പിടണമെന്നും അതിൽ പറയുന്നു. കുട്ടികളുടെ പരിശോധന വേഗത്തിൽ നടത്തുമെന്നും വീഡിയോ ഗെയിമുകളും സൗജന്യ വൈഫൈയും ആസ്വദിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. മുഴുവൻ യാത്രയ്‌ക്കും പരിശീലനം ലഭിച്ച എമിറേറ്റ്‌സ് സ്പെഷ്യലിസ്റ്റിൻ്റെ പിന്തുണയും മേൽനോട്ടവും എമിറേറ്റ്‌സ് നൽകുന്നു. എയർലൈൻ സ്പെഷ്യലിസ്റ്റ് എയർപോർട്ടിലുടനീളം കുട്ടിയോടൊപ്പമുണ്ടാകുകയും അവരെ പരിപാലിക്കുകയും സുരക്ഷയ്ക്കായി അവരുടെ പാസ്‌പോർട്ടുകൾ വഹിക്കുകയും ചെയ്യും.
ALSO READ: യുഎഇയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച്; പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി
വിമാനത്തിൽ കുട്ടികൾക്കായി പ്രത്യേക ഭക്ഷണങ്ങൾ നേരത്തേ ആവശ്യപ്പെടാം. കുട്ടിക്ക് ജനാലയ്ക്കരികിലോ ഇടനാഴിയിലോ ഇരിക്കണോ അതോ സഹോദരങ്ങൾക്കൊപ്പം ഇരിക്കണോ എന്ന് തീരുമാനിക്കാം. എമിറേറ്റ്‌സ് ജീവനക്കാർ കുട്ടിയെ നിരന്തരം നിരീക്ഷിക്കുകയും യാത്ര ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്താൽ അറൈവൽ ടെർമിനലിൽ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കാണുന്നതുവരെ എമിറേറ്റ്‌സ് ക്യാബിൻ ക്രൂ കുട്ടിയെ വിമാനത്താവളത്തിലൂടെ അനുഗമിക്കും.