കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യ അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ നോബി ലൂക്കോസ് വീണ്ടും ജാമ്യാപേക്ഷ നൽകി. കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യ അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുമ്പ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൈനിയും കുടുംബശ്രീ പ്രസിഡന്റുമായുള്ള ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. കരിങ്കുന്നത്തെ കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്ന് ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
ഭർത്താവ് പൈസ തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂ. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ല. ഷൈനിയുടെ പേരിലെടുത്ത ഇൻഷുറൻസിൻ്റെ പ്രീമിയം പോലും നോബി അടക്കുന്നില്ല. വായ്പയെ കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്ന് കുടുംബശ്രീ പ്രസിഡൻ്റിൻ്റെ മറുപടിയും ശബ്ദസന്ദേശത്തിൽ കേൾക്കാം.
ഫെബ്രുവരി 28നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. വിവാഹമോചനത്തിനായി പലതവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17ന് കോടതിയിൽ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹമോചനത്തിന് സമ്മതമല്ലെന്നും കുട്ടികൾക്ക് ചെലവിനുള്ള പണം നൽകില്ലെന്നും നോബി ഷൈനിയെ ഫോൺ ചെയ്ത് പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നോബിയുടെ പെരുമാറ്റത്തിൽ ഷൈനി കടുത്ത സമ്മർദത്തിലായിരുന്നു.
പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.