രാജിയെ തുടർന്ന് പാർട്ടി അംഗങ്ങൾ ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചു
കായംകുളത്ത് സിപിഎം പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് പുളിക്കണക്ക് ബ്രാഞ്ച് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു. 12 അംഗങ്ങളാണ് രാജി വെച്ചത്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് അംഗങ്ങളുടെ കൂട്ടരാജി.
രാജിയെ തുടർന്ന് പാർട്ടി അംഗങ്ങൾ ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചു. നിരവധി വിഷയങ്ങളിൽ പാർട്ടി ഏരിയ, ജില്ലാ, സംസ്ഥാന കമ്മിറ്റികൾക്ക് നൽകിയ പരാതികളിൽ യാതൊരു നടപടിയുമുണ്ടാവാത്തതാണ് രാജിക്ക് കാരണമെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്. ഉന്നത തല കമ്മിറ്റികൾ തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ആണ് എടുത്തത്. ബിജെപിയുടെ വളർച്ചയ്ക്ക് സഹായകമാവുന്ന രീതിയിലാണ് പ്രദേശത്തെ പാർട്ടിയിലെ ചില നേതാക്കളുടെ പ്രവർത്തനം. ഇതിനെതിരെ വിമർശനം ഉന്നയിച്ചതിന് പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്തത് മനോവിഷമം ഉണ്ടാക്കിയതായും കത്തിൽ സൂചിപ്പിക്കുന്നു.
പാർട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് പ്രവർത്തിക്കുന്നവർക്കെതിരെയാണ് അന്യായമായ നടപടികൾ സ്വീകരിക്കുന്നതെന്നും കത്തിലുണ്ട്. പാർട്ടി സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട കൊണ്ടാണ് രാജി എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.