കെൽട്രോയിലെ ബ്രാഞ്ച് മാനേജർ ഹുബൈലാണ് മകനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് അമ്മ സിന്ധു ആരോപിക്കുന്നത്
ഡയറക്ട് മാർക്കറ്റിംഗ് കമ്പനികളിലെ തൊഴിൽ പീഡനത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. എച്ച്പിഎല്ലിൻ്റെ ഫ്രാഞ്ചൈസിയായ കെൽട്രോയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സുബീഷ് തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയെന്ന ആരോപണവുമായി കുടുംബം. കെൽട്രോയിലെ ബ്രാഞ്ച് മാനേജർ ഹുബൈലാണ് മകനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് അമ്മ സിന്ധു ആരോപിക്കുന്നത്. ഹുബൈൽ ട്രെയിനിംഗിന് എത്തിയ കുട്ടികളെ കൊണ്ട് ചെരുപ്പ് വരെ നക്കിച്ചിരുന്നു എന്ന് മകൻ പറഞ്ഞതായി അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.
2023 ജൂലൈ 28നാണ് സുബീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂരിലെ കെൽട്രോ ബ്രാഞ്ചിൽ നിന്നായിരുന്നു സുബീഷ് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ബ്രാഞ്ച് മനേജർക്ക് സുബീഷിൻ്റെ മരണത്തിൽ യാതൊരു മറുപടിയുമുണ്ടായിരുന്നില്ല. കയറിൽ നിന്നുമെടുക്കുമ്പോൾ മകന് ജീവനുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി സുബീഷിൻ്റെ അമ്മ പറയുന്നു. എന്നാൽ സുബീഷിനെ വളരെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഹുബൈൽ നിർബന്ധിച്ചു. ഇതാണ് തൻ്റെ മകൻ്റെ മരണത്തിനിടയാക്കിയതെന്നും അമ്മ സിന്ധു ആരോപിക്കുന്നു.
2020 ഡിസംബറിലാണ് സുബീഷ് കെൽട്രോയിൽ ജോലിക്ക് കയറുന്നത്. കോലഞ്ചേരി ബ്രാഞ്ചിലായിരുന്നു ആദ്യം പോസ്റ്റിങ്ങ്. അവിടെ നിന്നും പ്രൊമേഷനായി, അവരുടെ ഭാഷയിൽ പറഞ്ഞാൽ ജ്യൂസടിച്ചുകൊണ്ട് വാക്കാൽ മാത്രമുള്ള അസിസ്റ്റൻ്റ് മാനേജർ പദവിയിലെത്തി. പണക്കാരനാവണം, അച്ഛനെയും അമ്മയെയും നന്നായി നോക്കണം, രണ്ട് നില വീട് വെയ്ക്കണം ഇങ്ങനെ ഒരു സാധാരണ യുവാവിനുള്ള ആഗ്രഹങ്ങൾ തന്നെയായിരുന്നു സുബീഷിനും.
ഒരു കീറിയ പേഴ്സും മുഷിഞ്ഞ വസ്ത്രവും മാത്രമായാണ് സുബീഷ് പലപ്പോഴും വീട്ടിലെത്തിയിരുന്നതെന്ന് സിന്ധു ന്യൂസ് മലയാളത്തോട് പറയുന്നു. ഇനി കെൽട്രോയിലേക്ക് തിരിച്ചുപോകേണ്ടെന്ന് കുടുംബം പല ആവർത്തി പറഞ്ഞെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷ സുബീനുണ്ടായിരുന്നു. ഹുബൈൽ നൽകിയ ബാങ്ക് അക്കൗണ്ടുകളിൽ സുബീഷ് തിരിമറി നടത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ആദ്യം മാനസിക പീഡനം തുടങ്ങുന്നത്. ഇതാണ് സുബീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുബം ആരോപിക്കുന്നു.
തെളിവെടുപ്പിനായി ഉദയംപേരൂർ പൊലീസ് എത്തിയപ്പോൾ സുബീഷിൻ്റെ പേഴ്സിൽ ഒരു ആധാർ കാർഡ് പോലും ഇല്ലായിരുന്നെന്നതും പ്രസക്തമാണ്. ഇത്തരം കമ്പനികളിൽ ജോലി ചെയ്യാനെത്തുന്നവരുടെ കൈവശമുള്ള രേഖകളെല്ലാം അധികൃതർ വാങ്ങിസൂക്ഷിക്കും. നേരത്തെ ന്യൂസ് മലയാളം പുറത്ത് വിട്ട വിവരങ്ങൾ പലതും സാധൂകരിക്കപ്പെടുകയാണ് ഇവിടെ. ബസ് കൂലി മാത്രമാണ് കൊടുത്തുവിട്ടിരുന്നത്. വീട്ടുകാരുമായി ബന്ധപ്പെടാനും കമ്പനി അനുവദിച്ചിരുന്നില്ല.
ജീവനൊടുക്കുന്നതിന് മുൻപായി, തലേ ദിവസം രാത്രിയോടെ സുബീഷ് ഒരു പെൺകുട്ടിയുമായി ദീർഘനേരം സംസാരിച്ചിരുന്നെന്നായിരുന്നു ഹുബൈൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ വീട്ടിലേക്ക് വിളിക്കാൻ പോലും ഫോൺ നൽകാത്ത കമ്പനിയിൽ നിന്ന് മകൻ എങ്ങനെ മറ്റൊരു പെൺകുട്ടിയുമായി സംസാരിച്ചെന്ന് അമ്മ ചോദിക്കുന്നു. അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പല കുറി സന്ദേശമയച്ചിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സിന്ധു ഇക്കാര്യം പറഞ്ഞത്.
സുബീഷിൻ്റെ മരണത്തിൽ കെൽട്രോയ്ക്കോ, ഹുബൈലിനോ എതിരെ കൃത്യമായ തെളിവുകളില്ലെന്ന് കാണിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചു. പ്രണയനൈരാശ്യത്താലാണ് മരണമെന്ന നിഗമനവും ഉദയംപേരൂർ പൊലീസ് നടത്തി. എന്നാൽ തൻ്റെ മകന് പ്രണയമുണ്ടായിരുന്നില്ലെന്നും തൊഴിൽ പീഡനം തന്നെയാണ് മകൻ്റെ മരണത്തിന് കാരണമെന്നുമാണ് ആ അമ്മയുടെ പക്ഷം. കമ്പനിക്കെതിരെ സംസാരിക്കാൻ മകൻ്റെ സുഹൃത്തുക്കൾക്കുൾപ്പെടെ പേടിയാണെന്നും സിന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു.