ഹാമിൽട്ടണിലെ മൊഹാവ്‌ക് കോളേജിലെ വിദ്യാർഥി ഹർസിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്
കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യവുമായി കുടുംബം. മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചു. ഹാമിൽട്ടണിലെ മൊഹാവ്‌ക് കോളേജിലെ വിദ്യാർഥി ഹർസിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കെ വെടിയേൽക്കുകയായിരുന്നു.
പുറത്തുവരുന്ന വിവര പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കൊലപാതകം നടന്നത്. നഗരത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഹർസിമ്രത് കൊല്ലപ്പെടുകയായിരുന്നു. ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡ് തെരുവുകൾക്ക് സമീപം വെടിവയ്പ്പ് നടന്നതായി, ഹാമിൽട്ടൺ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ: കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു
വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ കണ്ടത് നെഞ്ചിൽ വെടിയേറ്റ നിലയിൽ കിടക്കുന്ന രൺധാവയെയായിരുന്നു. ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർഥിനി ഹർസിമ്രത് രൺധാവയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖിതരാണെന്ന് ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതികരിച്ചു.