ഭീകരവാദികളുടെ ദിവസം എണ്ണപ്പെട്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു
പഹൽഗാമിലേത് ഭാരതീയരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഭീകരരെയും പിന്തുടർന്ന് ചെന്ന് ശിക്ഷിക്കും. സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത ശിക്ഷയാകും ഓരോരുത്തർക്കും നൽകുക. ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ശേഷിക്കുന്ന സ്ഥലങ്ങളും തകർത്തെറിയും. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയുടെ ആത്മാവ് ആക്രമിക്കപ്പെട്ടു. ഭീകരവാദത്തിന് സഹായകമാകുന്ന എല്ലാത്തിനെയും തകർക്കും. ഭീകരവാദികളുടെ ദിവസം എണ്ണപ്പെട്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായി. ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
അതേസമയം, ഭീകരാക്രമണത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ആറ് ഭീകരവാദികൾ സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് സ്പോട്ടുകൾ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. പൈൻ വനത്തിൽ നിന്ന് വന്ന ഭീകരർ 10 മിനിട്ടോളം വെടിയുതിർത്തെന്നും ഭൂരിഭാഗം പേരെയും വെടിവെച്ചത് പോയിൻ്റ് ബ്ലാങ്ക്സിലെന്നും റിപ്പോർട്ടിൽ പറയുന്നു.
തീവ്രവാദികളിൽ ചിലർക്ക് മാത്രമാണ് സൈനിക വേഷമുണ്ടായിരുന്നതെന്ന് ഇന്ന് പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അക്രമകാരികൾ എത്തിയത് പട്ടാളവേഷത്തിലല്ലെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ഈ മൊഴിയെ റിപ്പോർട്ട് സാധൂകരിക്കുന്നു. തോക്കുധാരികളായെത്തിയവരുടെ ശരീരത്തിൽ ബോഡിക്യാമറയുണ്ടായിരുന്നെന്ന നിർണായക വിവരവും റിപ്പോർട്ടിലുണ്ട്.