തിരുവനന്തപുരം ഏഴാം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചത്.
അമ്പലമുക്ക് വിനീത കൊലക്കേസിലെ കോടതിവിധിയിൽ പ്രതികരണവുമായി കുടുംബം. പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചതിൽ സന്തോഷമെന്ന് വിനീതയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് തന്നെയായിരുന്നു തുടക്കം മുതൽക്കെ കുടുംബത്തിൻ്റെ ആവശ്യം. തിരുവനന്തപുരം ഏഴാം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്.
പ്രതി രാജേന്ദ്രൻ ഒരു കുടുംബത്തെ മുഴുവൻ അനാഥമാക്കിയെന്ന് വിനീതയുടെ അമ്മ രാഗിണി പറഞ്ഞു. വധശിക്ഷ നൽകണം എന്നാണ് തുടക്കം മുതൽക്കെ ആവശ്യപ്പെട്ടത്. പ്രതി മേൽകോടതിയിൽ പോകുമെന്നാണ് പറഞ്ഞത്. കുടുംബത്തിന്റെ കണ്ണീരിൽ ചവിട്ടിയാണ് പോക്കെന്ന് മാത്രമാണ് പ്രതിക്കൊപ്പം നിൽക്കുന്നവരോട് പറയാനുള്ളത്. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും രാഗിണി പറഞ്ഞു.
ALSO READ: അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ
ശിക്ഷാവിധി പറയുന്നത് കേൾക്കാൻ വിനീതയുടെ മാതാപിതാക്കളും വിനീതയുടെ രണ്ട് കുട്ടികളും കോടതി മുറിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ട വിനീതയുടെ 14ഉം 11ഉം വയസ്സായ രണ്ട് കുട്ടികൾക്കും മാതാവ് രാഗിണിക്കും ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കുടുക്കാനും തെളിവുകൾ ഹാജരാക്കാനും സഹായിച്ചത്. വിനീതയിൽ നിന്നും പ്രതി കവർന്നെടുത്ത നാലര പവൻ സ്വർണ്ണമാലയും വിനീത ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കുട്ടികൾക്ക് വിട്ട് നൽകാനും കോടതി ഉത്തരവിട്ടു.
അമ്പലമുക്കിലെ അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർസ്വദേശിനി വിനീതയെ 2022 ഫെ്രൂവരി ആറിനാണ് പ്രതി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻ്റെ മാല മോഷ്ടിക്കാനാണ് തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ കൊലപ്പെടുത്തിയുള്ള കവർച്ചക്ക് ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റകരമായ വസ്തു കൈയ്യേറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് 7 വർഷവും മൂന്നു മാസവും കഠിന തടവും 10500 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ 3 പേരും സ്ത്രീകളായിരുന്നു. ബിരുദധാരിയായ പ്രതി ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിംങ്ങിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്.