രാഷ്ട്രീയ പാർട്ടി ഉണ്ടാക്കും എന്ന് പറഞ്ഞത് അബദ്ധമാണെന്നും കാസയുടെ രൂപീകരണം സഭയുടെ പരാജയമാണെന്നും ഫാദർ പോൾ തേലക്കാട് വ്യക്തമാക്കി
കത്തോലിക്ക സഭാ നേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ച് സത്യദീപം എഡിറ്ററും സിറോ മലബാർ സഭ മുൻ വക്താവുമായ ഫാദർ പോൾ തേലക്കാട്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്ന് സഭ നേതൃത്വം ആവശ്യപ്പെട്ടത് തെറ്റാണെന്ന് ഫാദർ പോൾ തേലക്കാട് ന്യൂസ് മലയാളത്തോട് പറഞ്ഞു. ലൗ ജിഹാദ് എന്ന വാക്ക് മെത്രാൻമാരും സിനഡും പറയാൻ പാടില്ലായിരുന്നു. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കും എന്ന് പറഞ്ഞത് അബദ്ധമാണെന്നും കാസയുടെ രൂപീകരണം സഭയുടെ പരാജയമാണെന്നും ഫാദർ പോൾ തേലക്കാട് വ്യക്തമാക്കി.
"കത്തോലിക്കാ സഭയ്ക്ക് ഹൈറാർക്കിക്കൽ ആയിട്ടുള്ള ഒരു ഭരണ സംവിധാനമുണ്ട്. അതിൻ്റെ നിയമമമാണ് ക്‌നാനൻ നിയമമെന്ന് പറയുന്നത്. ഇതിൽ പ്രധാനമായും പറയുന്നത് സ്ഥലത്തെ നിയമങ്ങൾ അനുസരിച്ച് വേണം ഭൂമി, സമ്പത്ത്, എന്നിവയുടെ കൈകാര്യം ചെയ്യാൻ എന്നാണ്.പക്ഷേ കൈകാര്യം ചെയ്യുന്നതിൻ്റെ ഉത്തരവാദിത്വവും, രീതിയുമൊക്കെ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും, ഭവിഷത്ത് വന്നാലോ, നിയമം ലംഘിച്ചാലോ, അതിനുള്ള ശിക്ഷാ നിയമങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്".
"കൃത്യമായ നിയമസംഹിത നിലവിലുള്ളപ്പോൾ,മറ്റൊരു നിയമസംഹിതയുടെ ആവശ്യമുണ്ടെന്ന് കരുതപ്പെടുന്നില്ല.പ്രത്യേകമായൊരു ബോർഡിൻ്റെ ആവശ്യമുണ്ടെന്ന് കരതുന്ന ആളല്ല ഞാൻ. അഥവാ അങ്ങനെ ഒരു ബോർഡ് ഉണ്ടായാൽ,അത് ഉണ്ടാക്കുന്ന ഭവിഷത്ത് കക്ഷി രാഷ്ട്രീയം സഭയിലേക്ക് കടന്നുവരാനുള്ള എളുപ്പ വഴിയായി മാറും. അത് സഭയ്ക്ക് ഗുണകരമാകില്ല", ഫാദർ പോൾ തേലക്കാട് പറഞ്ഞു. പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് ചില പിതാക്കൻമാർ പറയുന്ന കേട്ടു. മെത്രാൻമാർക്കുള്ള നിർദേശങ്ങൾ മനസിലാക്കാതെയാണ് അവർ അഭിപ്രായം പറയുന്നത്. അബദ്ധങ്ങൾ പറയാതിരിക്കാനും, പക്വമായി കാര്യങ്ങൾ ചെയ്യാനുമുള്ള വിവേകം അവർക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.