fbwpx
ട്രംപ് അനുകൂലികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടില്ലെന്ന് പ്രഖ്യാപിച്ചും മുടി മുറിച്ചും സ്ത്രീകള്‍; അമേരിക്കയില്‍ ഫെമിനിസത്തിന്റെ പുത്തന്‍ തരംഗമോ?
logo

പ്രണീത എന്‍.ഇ

Last Updated : 14 Nov, 2024 01:11 PM

പുരുഷമേൽക്കോയ്മക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന മാട്‌ഗാ എന്ന ഹാഷ്‌ടാഗും 4ബി പ്രസ്ഥാനവുമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാവുന്നത്

WORLD



മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ- അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രചരണായുധമായിരുന്നു 'മാഗാ' മൂവ്മെൻ്റ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരും യാഥാസ്ഥിതികരും ഇത് ഏറ്റു പിടിച്ചതോടെ അമേരിക്കയിൽ ട്രംപ് രണ്ടാം തവണയും പ്രസിഡൻ്റ് സ്ഥാനത്തെത്തി. ട്രംപിനെ വാഴ്ത്തി പാടുന്ന ഇലോൺ മസ്കിൻ്റെയും, ജെ.ഡി. വാൻസിൻ്റെയുമെല്ലാം പ്രസ്താവനകൾ തന്നെ പരിശോധിച്ചാൽ തന്നെ വ്യക്തമാവും ട്രംപ് അനുകൂലികൾ എത്രത്തോളം സ്ത്രീ വിരുദ്ധരാണെന്ന്. "നിങ്ങൾ അടുക്കളയിലേക്ക് മടങ്ങുക, നിങ്ങളുടെ ശരീരം എൻ്റെ ഇഷ്ടം"- ട്രംപിൻ്റെ വിജയത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട പരിഹാസ പോസ്റ്റുകളിൽ ചിലത് ഇങ്ങനെയാണ്.

ട്രംപ് പ്രസിഡൻ്റായതിന് പിന്നാലെ സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണികളും ഓൺലൈൻ അധിക്ഷേപ പോസ്റ്റുകളും വർധിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ഐഎസ്‌ഡി) പ്രസിദ്ധീകരിച്ച ഡാറ്റകൾ സൂചിപ്പിക്കുന്നു. പലരും ഇൻബോക്സിലടക്കമെത്തി സ്ത്രീകൾക്ക് മോശം സന്ദേശങ്ങളയക്കുന്ന അവസ്ഥ വരെയുണ്ടായി. പ്രത്യുൽപാദന അവകാശങ്ങളും ലിംഗസമത്വവും പോലെയുള്ള സ്ത്രീ കേന്ദ്രീകൃത സാമൂഹിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ, ട്രംപിൻ്റെ വിജയം പലരെയും സ്വാധീനിച്ചതായി ഐഎസ്ഡി ഡാറ്റ സൂചിപ്പിക്കുന്നു. സ്ത്രീകൾക്കെതിരെ ഓൺലൈൻ വഴി ആക്രമണങ്ങൾ നടത്താൻ ഇനി ഭയപ്പെടേണ്ടതില്ലെന്നാണ് ട്രംപിൻ്റെ ജയത്തിന് പിന്നാലെ പലരും വിശ്വസിക്കുന്നതെന്നും ഐഎസ്ഡി പറയുന്നു.

"എൻ്റെ ശരീരം, എൻ്റെ ഇഷ്ടം" എന്ന 1960-കളിലെ ഫെമിനിസ്റ്റ് മുദ്രാവാക്യത്തെ പരിഹാസ രൂപേണ നിങ്ങളുടെ ശരീരം എൻ്റെ ഇഷ്ടം എന്ന രീതിയിൽ ഉപയോഗിച്ചുകൊണ്ടുള്ള നൂറുകണക്കിന് പോസ്റ്റുകളാണ് എക്സിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ത്രീകളുടെ വോട്ടവകാശം റദ്ദാക്കാനുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്. ഇതിന് പുറമെ സ്ത്രീകൾക്കെതിരായ പീഡനങ്ങളും അമേരിക്കയിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. എന്നാൽ സ്ത്രീകൾ അടുക്കളയിലേക്ക് മടങ്ങാനോ, ഭീഷണികളിൽ ഭയപ്പെടാനോ തയ്യാറായിരുന്നില്ല. അവർ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. പുരുഷമേൽക്കോയ്മക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന മാട്‌ഗാ എന്ന ഹാഷ്‌ടാഗും 4ബി പ്രസ്ഥാനവുമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാവുന്നത്. ട്രംപ് ഭരണം അമേരിക്കൻ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ പുതിയ തരംഗം സൃഷ്ടിക്കുമോ എന്നാണ് ഇനി കാണേണ്ടത്. 

എന്താണ് മാട്‌ഗാ?

മേക്ക് അക്വാ ടൊഫാനാ ഗ്രേറ്റ് എഗൈൻ- ഇതാണ് മാട്‌ഗാ. സ്ത്രീകൾ അവരുടെ പങ്കാളികളുടെ അല്ലെങ്കിൽ മറ്റ് പുരുഷൻമാരുടെ പാനീയങ്ങളിൽ വിഷം കലർത്തുന്ന മർഡർ ഫാൻ്റസിയാണ് മാട്‌ഗാ മൂവമെൻ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ട്രംപിൻ്റെ നയങ്ങൾ തന്നെയാണ് അമേരിക്കയിലെ സ്ത്രീകളെ ഇത്തരമൊരു മൂവ്മെൻ്റിലേക്ക് കൊണ്ടെത്തിച്ചത്. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമല്ലെങ്കിൽ പുരുഷൻമാരെ വിഷം കൊടുത്ത് കൊല്ലുന്നതും ന്യായീകരിക്കാവുന്ന ഒന്നാണെന്നാണ് ഈ വീഡിയോകളിലൂടെ സ്ത്രീകൾ പറഞ്ഞു വെക്കുന്നത്.

ALSO READ: കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ​ഗ്രേറ്റ് ക്വസ്റ്റ്യൻ'

അക്വാ ടൊഫാന എന്ന വിഷത്തിൻ്റെ നിർമാണം അത്ര കടുപ്പമല്ലെന്ന് പറഞ്ഞാണ് ഒരു യുവതിയുടെ പോസ്റ്റ്. പുഞ്ചിരിച്ചുകൊണ്ട് ചായക്കോപ്പിൽ വിഷം കലർത്തുന്ന വീഡിയോക്കും മില്ല്യൺ കാഴ്ചക്കാരെ കിട്ടി. ചില സ്ത്രീകളാവട്ടെ വിഷം സൂക്ഷിക്കാൻ പ്രത്യേക അറകളുള്ള 'പൊയിസൻ റിങ്ങുകൾ' പ്രദർശിപ്പിച്ചാണ് മാട്‌ഗയിൽ പങ്കാളിയായത്. എമിനം എന്ന ഗായകൻ്റെ 'വെനം' എന്ന ഗാനം പശ്ചാത്തല സംഗീതമാക്കിയാണ് മിക്ക വീഡിയോകളും നിർമിച്ചിരിക്കുന്നത്.



എന്താണ് അക്വാ ടൊഫാന?

അക്വാ ടൊഫാന എന്ന വിഷ വസ്തുവിന് പിന്നിൽ ഒരു കഥയുണ്ട്. 17ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ റോമിലെ സ്ത്രീകൾ, ഭർത്താക്കൻമാരുടെ ക്രൂരപീഡനം സഹിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വിവാഹമോചനം എന്നത് അന്ന് സാധ്യമായ ഒന്നായിരുന്നില്ല. ആ സമയത്താണ് ഗിയുലിയ ടോഫാന എന്ന ഇറ്റലിക്കാരി ഭർത്താക്കൻമാരെ കൊല്ലാൻ "അക്വാ  ടൊഫാന" എന്ന വിഷ വസ്തു നിർമിക്കാനാരംഭിച്ചത്. പിന്നാലെ ഭർത്താക്കൻമാരുടെ പീഡനം സഹിക്കാൻ കഴിയാതെ വന്ന പല സ്ത്രീകളും അക്വാ ടൊഫാന വാങ്ങാനെത്തി. 600-ലധികം പുരുഷന്മാരെ ഇത്തരത്തിൽ വിഷം ചേർത്ത് കൊന്നെന്നാണ് ചരിത്രം.

ALSO READ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എന്താണ് കമല ഹാരിസിൻ്റെയും ഡൊണാള്‍ഡ് ട്രംപിൻ്റെയും നയങ്ങൾ?


ആർസെനിക്, ബെല്ലഡോണ തുടങ്ങിയ മാരകമായ വിഷവസ്തുക്കളുടെ മിശ്രിതമായിരുന്നു അക്വാ ടൊഫാന. ഈ വിഷത്തിന് രുചിയില്ലായിരുന്നെന്നും മരണശേഷം വിഷവസ്തു ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് കഥകൾ. പിടിക്കപ്പെടാതിരിക്കാൻ സൗന്ദര്യവർധക കുപ്പികളിലാണ് അക്വാ ടൊഫാന സൂക്ഷിച്ചിരുന്നതെന്നും പുസ്തകങ്ങളിൽ പറയുന്നു. കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞതിന് പിന്നാലെ 1659-ൽ ഗിയുലിയ ടൊഫാനക്ക് ഭരണകൂടം വധശിക്ഷ വിധിച്ചു. റോമിലെ കാംപോ ഡി ഫിയോറിയിൽ വച്ച് ഇവരെ പിടികൂടി വധിക്കുകയും ചെയ്തു. വിഷം വാങ്ങിയ നിരവധി സ്ത്രീകളെ കൊല്ലുകയും, നാടുകടത്തുകയും തടവിലാക്കുകയും ചെയ്തു.


എന്നാൽ മാട്‌ഗാ വീഡിയോകൾക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. തമാശയായി പോലും ഇത്തരം മാരകമായ വിഷത്തെ കുറിച്ച് പരാമർശിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശകരുടെ വാദം. ഈ വീഡിയോകൾ ചിത്രീകരിക്കുന്നതിന് മുൻപായി അതിൻ്റെ അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാണ് ഒരു ഉപഭോക്താവിൻ്റെ ഉപദേശം.

"ഇത്തരം വീഡിയോകൾ നിങ്ങൾക്കെതിരെ തന്നെ ഉപയോഗിക്കുമെന്ന് നിങ്ങൾക്കറിയാം, അല്ലേ? ഇൻ്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ എന്നേക്കുമായി നിലനിൽക്കുന്നു. കൂടതാതെ അക്വാ ടൊഫാനയെന്ന വിഷം കണ്ടെത്താൻ 2024ൽ നൂതന വിദ്യകളുണ്ട്," ഒരു ഉപഭോക്താവ് കുറിച്ചു. ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ വിഷയം എഫ്ബിഐയോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയാണ്. ഇവ പരസ്യമായ വധഭീഷണിയാണെന്ന് പറഞ്ഞ മാർജോറി ടെയ്‌ലർ, വിഷം നൽകി പുരുഷന്മാരെ കൊല്ലാൻ ആഹ്വാനം ചെയ്യുകയാണെന്നും അഭിപ്രായപ്പെട്ടു.

4ബി പ്രസ്ഥാനം

സൗത്ത് കൊറിയയുടെ 4ബി ഫെമിനിസ്റ്റ് മൂവ്മെൻ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ട്രംപ് അനുകൂലികളോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് ചില സ്ത്രീകൾ. കൊറിയയിലെ ലിംഗ അസമത്വത്തിനെതിരെ ആരംഭിച്ച പ്രസ്ഥാനമാണ് 4ബി. ദക്ഷിണ കൊറിയയിൽ പുരുഷന്മാരേക്കാൾ 3.5 മടങ്ങ് കൂടുതൽ സ്ത്രീകൾ ശമ്പളമില്ലാതെ വീട്ടുജോലികൾ ചെയ്യുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പിന്നാലെയാണ് ദക്ഷിണ കൊറിയയിൽ 4ബി പ്രസ്ഥാനം ആരംഭിച്ചത്.

ഡേറ്റിംഗ്, സെക്‌സ്, വിവാഹം, പ്രസവം എന്നിവയിൽ നിന്ന് സ്ത്രീകൾ വിട്ടുനിൽക്കണമെന്നാണ് 4ബി പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നത്. പുരുഷന്മാരുമായുള്ള ബന്ധം ബഹിഷ്‌കരിക്കാനും ശാരീരിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുമാണ് തങ്ങളുടെ തീരുമാനമെന്ന് സ്ത്രീകൾ വിളിച്ചുപറയുന്ന വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.

ട്രംപിനെ വിജയിപ്പിച്ച പുരുഷൻമാരുമായി അടുത്ത നാല് വർഷത്തേക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു യുവതി. ഡേറ്റിങ്ങ് ആപ്പുകൾ ബഹിഷ്കരിക്കണമെന്നും 4ബിയെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് മറ്റൊരു അമേരിക്കൻ സ്ത്രീ സമൂഹമാധ്യമത്തിലൂടെ പറയുന്നത്. "നിങ്ങളുടെ ഗർഭപാത്രം അടയ്ക്കാനുള്ള സമയമാണിത്. പുരുഷൻമാർ നമ്മളെ അഭിമാനത്തോടെ വെറുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. അവർക്ക് ഇനി പ്രതിഫലം നൽകരുത്," ഒരു സ്ത്രീ കുറിച്ചു. "4B പ്രസ്ഥാനം പുരുഷന്മാരെ ഒഴിവാക്കുന്നത് മാത്രമല്ല- സ്ത്രീകളെ പിന്തുണയ്ക്കുന്നത് കൂടിയാണെന്ന് ഓർമിക്കുക . സ്ത്രീകളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുക, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകൾ, സ്ത്രീകൾ നിർമിച്ച മാധ്യമങ്ങൾ എന്നിവയാലും, സ്ത്രീകളുടെ സംസ്കാരത്താലും ചുറ്റപ്പെടുക," മറ്റൊരു പോസ്റ്റിൽ പറയുന്നു.

ALSO READ: യുഎസ് തെരഞ്ഞെടുപ്പ്: സ്ത്രീ പിന്തുണയിൽ ട്രംപ് പിന്നിലെന്ന് സർവേ ഫലം, കമലയെ തുണയ്ക്കുന്ന പ്രധാന ഘടകമെന്ത്?


ലക്ഷക്കണക്കിന് ആളുകളാണ് 4ബി പ്രസ്ഥാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപിൻ്റെ സ്ത്രീ വിരുദ്ധനയങ്ങൾക്കെതിരെ പോരാടാനുള്ള വ്യക്തമായ പ്രതിഷേധമാണ് 4ബിയെന്ന് ഫെമിനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. 


സ്ത്രീ പ്രക്ഷോഭങ്ങൾക്ക് കാരണമെന്ത്?

ട്രംപിൻ്റെ ഒന്നാം ഭരണകാലത്ത് തന്നെ ഗർഭഛിദ്ര നിരോധന നിയമങ്ങൾ വലിയ വിവാദമായിരുന്നു. 1973ൽ അമേരിക്കൻ സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്തുന്നതിനുള്ള അവകാശം നൽകിയിരുന്നു.എന്നാൽ 2022-ൽ റോയ് വേഴ്സിൻ്റെ കീഴിൽ ഫെഡറൽ ഗർഭച്ഛിദ്ര സംരക്ഷണം നിർത്തലാക്കുകയും, ഗർഭഛിദ്ര നിയമനിർമാണ അധികാരം വ്യക്തിഗത സംസ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തു. പിന്നാലെയാണ് 'എൻ്റെ ശരീരം എൻ്റെ അവകാശം' ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ അമേരിക്കയിൽ മുഴങ്ങിയത്.

ഫെമിനിസത്തിൻ്റെ രണ്ടാം തരംഗത്തിൽ പ്രാബല്യത്തിലുണ്ടായിരുന്ന സെപറേറ്റിസ്റ്റ് ഫെമിനിസം അഥവാ വിഘടന ഫെമിനിസത്തിൻ്റെ മറ്റൊരു രൂപമായി ഇപ്പോൾ നടക്കുന്ന 4ബി പ്രസ്ഥാനത്തെ വ്യാഖ്യാനിക്കാം. പുരുഷ മേധാവിത്വത്തെ തകർക്കാനായി പുരുഷൻമാരിൽ നിന്നും മാറി നിൽക്കാൻ ആഹ്വാനം ചെയ്ത പ്രസ്ഥാനമായിരുന്നു സെപറേറ്റിസ്റ്റ് ഫെമിനിസം. 1979ൽ ഷെയ്‌ല ജെഫറിസ് എന്ന ഫെമിനിസ്റ്റ് ഹെട്രോസെക്ഷ്വൽ ബന്ധങ്ങൾ സ്ത്രീകളെ നിയന്ത്രിക്കാനുള്ള പുരുഷൻമാരുടെ മാർഗമാണെന്നും സ്ത്രീകൾ അവ ഒഴിവാക്കണമെന്നും വാദിച്ചിരുന്നു. സമാന ആശയങ്ങൾ തന്നെയാണ് ട്രംപ് ഭരണകൂടത്തിനെതിരെയുള്ള സ്ത്രീ പ്രതിഷേധങ്ങളിലും പ്രതിഫലിക്കുന്നത്.

ഫെമിനസത്തിൻ്റെ മൂന്നാം തരംഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ രണ്ടാം തരംഗത്തിൽ; 1960-70 കാലഘട്ടത്തിൽ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകൾ നടത്തിയതിന് സമാനമായ പ്രഖ്യാപനങ്ങളാണ് അമേരിക്കൻ സ്ത്രീകൾ ഇന്ന് ഉയർത്തുന്നത്. ട്രംപിൻ്റെ വിജയത്തിന് ശേഷം അമേരിക്കയിൽ ഇനി സ്ത്രീ വോട്ടർമാർ വേണ്ടെന്ന തരത്തിൽ വരെ പ്രചരണങ്ങളെത്തുമ്പോൾ, 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന പ്രഖ്യാപനം ലക്ഷ്യം വെക്കുന്നതെങ്ങോട്ടാണെന്ന പ്രസക്തമായ ചോദ്യം ഉയരുന്നുണ്ട്.

ഇന്ന് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പരിശോധിച്ചാൽ, വർഷങ്ങളുടെ പരിശ്രമം കൊണ്ട് സ്ത്രീകൾ നേടിയെടുത്ത, ഇന്നും നേടിയെടുക്കാൻ ശ്രമിക്കുന്ന സമത്വത്തിനെതിരെയാണോ ട്രംപ് എന്ന യാഥാസ്ഥിതികൻ അമേരിക്കയിൽ ഭരണം നടത്തുന്നതെന്ന് ചോദിച്ചു പോകും. മാട്‌ഗാ മൂവ്മെൻ്റ്, 4ബി എന്നിവക്ക് പുറമെ മുടി മുറിച്ചും, പുരുഷന്മാരുമായുള്ള ബന്ധങ്ങൾ വിഛേദിച്ചും സ്ത്രീകൾ പ്രതിഷേധിച്ചിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ വിരുദ്ധ നിയമങ്ങൾക്ക് അംഗീകാരം നൽകിയിട്ടും ട്രംപിനെ വിജയിപ്പിച്ച അമേരിക്കയോടുള്ള സ്ത്രീകളുടെ പോരാട്ടം തന്നെയാണ് ഇന്ന് അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നത്. ട്രംപ് പ്രസിഡൻ്റായിരിക്കെ ഗർഭം ധരിക്കില്ലെന്നും പ്രസവിക്കില്ലെന്നും പ്രതിജ്ഞയെടുത്തുകൊണ്ട്, റിപ്പബ്ലിക്കൻ വിജയത്തോടെ വളർന്ന പുരുഷമേൽക്കോയ്മക്ക് മറുപടി നൽകുകയാണ് അമേരിക്കയിലെ സ്ത്രീകൾ.

Also Read
user
Share This

Popular

NATIONAL
KERALA
Delhi Election 2025 LIVE: ഡൽഹിയിൽ പോളിങ് 10 മണിക്കൂർ പിന്നിട്ടു, 5 മണി വരെ 57.70 ശതമാനം പോളിങ്