സിനിമയിൽ വന്ന ആദ്യകാലത്ത് ഇത്തരം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ ഊഹാപോഹങ്ങൾ ആകാം എന്നാണ് കരുതിയത്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ. റിപ്പോർട്ട് മാതൃകാപരമാണ്. നിർഭയമായി സ്ത്രീകൾ പ്രതികരിച്ചു. സ്വതന്ത്രമായി കമ്മിറ്റിക്ക് മുമ്പിൽ വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിൽ ആണ് സ്ത്രീകൾക്ക് അത്തരത്തിൽ ഒരു വേദി ഒരുക്കിയത്. ധീരമായ ആ നിലപാട് അഭിനാന്ദർഹമാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒരുപാട് സ്ത്രീ സൗഹൃദങ്ങൾ ഉണ്ടെങ്കിൽ പോലും ഇത്തരം അനുഭവങ്ങൾ ഉള്ളതായി ആരും വ്യക്തിപരമായി തന്നോട് പറഞ്ഞിട്ടില്ല. മറ്റൊരാളോട് തുറന്ന് പറയുന്നതിലെ ബുദ്ധിമുട്ടി കൊണ്ടാകാം. എന്നാൽ ജസ്റ്റിസ് ഹേമയുടെ മുന്നിൽ അവർ ധൈര്യപൂർവം തുറന്നു പറഞ്ഞു. സിനിമയിൽ വന്ന ആദ്യകാലത്തും ഇത്തരം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ ഊഹാപോഹങ്ങൾ ആകാം എന്നാണ് കരുതിയത്.
ALSO READ: അന്വേഷണ സംഘത്തില്‍ ആരോപണം നേരിട്ട ഉദ്യോഗസ്ഥരും; ഇരകള്‍ക്ക് പൊലീസിനെ വിശ്വാസമില്ലാത്തത് ഗുരുതര പ്രശ്‌നം: വി.ഡി. സതീശന്‍
അവർ കമ്മിറ്റിക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ഒരുപാട് വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ അത് അന്വേഷിക്കാൻ ഒരു അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. പല മൊഴികളും അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം.
റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു. ഇത്രയും കാലം പൂഴ്ത്തി വെക്കേണ്ട ആവശ്യമില്ല. സിനിമ മേഖലയെ സംബന്ധിച്ച ഇത് ഒരു വെല്ലുവിളി ആണ്. പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. അക്കാദമിയുടെ തലപ്പത്ത് സ്ത്രീ വരണമോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. സിനിമാ കോൺക്ലേവിൽ മുകേഷ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ആരോപണവിധേയരെ പങ്കെടുപ്പിക്കണമോ എന്നത് സർക്കാർ തീരുമാനിക്കും. കോൺക്ലവിൽ ഡബ്ല്യുസിസി പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും അക്കാദമി വൈസ് ചെയർമാൻ കൂട്ടിച്ചേർത്തു.