fbwpx
1952 ശബരിമല മുതൽ 2024 നീലേശ്വരം വരെ; കേരള ചരിത്രത്തോളം പഴക്കമുള്ള വെടിക്കെട്ടപകടങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Oct, 2024 07:05 AM

സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ വെടിക്കെട്ടപകടങ്ങളിൽ നിന്നും ഒരു പാഠവും നമ്മൾ ഉൾക്കൊള്ളുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നീലേശ്വരത്തിലേത്.

EXPLAINER

നീലേശ്വരം വെടിക്കെട്ടപകടം


കേരളത്തിലെ വെടിക്കെട്ട് അപകടങ്ങൾക്ക് കേരള ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ കേരളത്തിലെ ക്ഷേത്രത്സവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 750 ഓളം വെടിക്കെട്ടപകടങ്ങളിൽ മാത്രം 400 മരണങ്ങൾ ആണ് ഉണ്ടായത്. ഇന്ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടമാണ് കേരളത്തിലെ ഏറ്റവും ഒടുവിലത്തെ വെടിക്കെട്ടപകടം. അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150 ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ വെടിക്കെട്ടപകടങ്ങളിൽ നിന്നും ഒരു പാഠവും നമ്മൾ ഉൾക്കൊള്ളുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് നീലേശ്വരത്തിലേത്.

ഈ വർഷം ആദ്യം തൃപ്പുണിത്തുറയിൽ ഉണ്ടായ വെടിക്കെട്ടപകടം മുന്നിലുണ്ടായിട്ടും, തുടർന്ന് വന്ന ഉത്സവ കാലത്ത് യാതൊരു മുൻകരുതലുകളും സ്വീകരിക്കാൻ സർക്കാരോ അതാത് ജില്ലാ ഭരണകൂടങ്ങളോ കൃത്യമായ നടപടികൾ കൈക്കൊണ്ടില്ല എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ ചൂരക്കാട് പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 12-നായിരുന്നു വെടിക്കെട്ട് ദുരന്തം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. 25 ഓളം ആളുകൾക്ക് സംഭവത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 321 വീടുകൾക്ക് പൂർണമായും ഭാഗികമായും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.



ഫെബ്രുവരി 12 ന് രാവിലെയാണ് ഉത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങൾ താത്കാലിക സംഭരണ കേന്ദ്രത്തിൽ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുന്നത്. വാഹനമുൾപ്പടെയാണ് ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന ടെമ്പോ ട്രാവലറും, മറ്റൊരു കാറും പൂർണമായി കത്തിനശിച്ചു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെ ശബ്‌ദം കേട്ട ഉഗ്രസ്ഫോടനമായിരുന്നു തൃപ്പൂണിത്തുറയിൽ നടന്നത്. ജനവാസകേന്ദ്രത്തിന് നടുവിലുള്ള വടക്കുംപുറം കരയോഗത്തിൻ്റെ പ്ലോട്ടിലാണ് പുതിയകാവ് ദേവീക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ച് പതിവായി കരിമരുന്ന് പ്രയോഗം നടത്താറുള്ളത്. 1982 ഫെബ്രുവരിയിൽ വടക്കുംപുറം കരയോഗത്തിൻ്റെ പടക്ക സംഭരണ ​​യൂണിറ്റിലുണ്ടായ സമാനമായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചിട്ടും യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെ വിളിച്ചു വരുത്തിയ ഒരപകടമയേ ഇതിനെ കാണാൻ കഴിയുള്ളു.


ALSO READ: നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു


എറണാകുളം ജില്ലയിലെയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ മാത്രം മൂന്ന് തവണയാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായത്. 1987 ലാണ് ആദ്യ അപകടം നടക്കുന്നത്. ക്ഷേത്രോത്സവത്തിൽ വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചുണ്ടായ അപകടത്തിൽ അന്ന് അഞ്ച് പേരാണ് മരിച്ചത്. 2008 ഫെബ്രുവരി 18 നും ഇതേ ക്ഷേത്രത്തിൽ തന്നെ വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയിൽ വീണു പൊട്ടി മൂന്ന് പേർ മരിച്ചിരുന്നു. 2016 ലാണ് ഇവിടെ ഏറ്റവുമൊടുവിലായി വെടിക്കെട്ടപടകം ഉണ്ടായത്. വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടാളുകൾക്ക് ജീവൻ നഷ്ടമായി. 1988 ൽ തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് വനിതാ ജോലിക്കാരായ 10 പേർ മരിച്ചതും ജില്ലയിലെ വെടിക്കെട്ടപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതാണ്.



114 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടമാണ് കേരളത്തെ നടുക്കിയ ഏറ്റവും വലിയ വെടിക്കെട്ടപകടം. മീന ഭരണി ഉത്സവത്തോടനുബന്ധിച്ചാണ് വെടിക്കെട്ട് നടന്നത്. 656 പേർക്ക് പരുക്കേറ്റു. വെടിക്കെട്ടിനായി കത്തിച്ച പടക്കങ്ങളിലൊന്നിന്റെ തീപ്പൊരികൾ തെറിച്ച് വീണാണ് മറ്റുപടക്കങ്ങൾ പൊട്ടിത്തെറിച്ചത്. പ്രഹരശേഷിയുള്ള വെടിക്കോപ്പുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നെങ്കിലും നനഞ്ഞ പടക്കങ്ങൾ പോലെ അത് കെട്ടടങ്ങി. 1990 ൽ കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തിലും 26 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.


ALSO READ: നീലേശ്വരത്തെ വെടിക്കെട്ടപകടം: പ്രത്യേക സംഘം അന്വേഷിക്കും; 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


പൂരങ്ങളുടെ നാടായ തൃശൂരിൽ മാത്രം ആറ് വെടിക്കെട്ടപകടങ്ങളിലായി 73 ആളുകളാണ് മരിച്ചത്. 1978 ൽ തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുണ്ടായ വെടിക്കെട്ടിലെ കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടമാണ് ഏറ്റവും ആദ്യത്തേത്. അതിൽ എട്ട് ആളുകളാണ് മരിച്ചത്. 20 പേരുടെ ജീവനെടുത്ത തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടമുണ്ടായത് 1984 ലാണ്. തുടർന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറം 1987 ൽ തൃശ്ശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിലും 20 പേർക്ക് ജീവൻ നഷ്ടമായി. രണ്ട് വർഷങ്ങൾക്കിപ്പുറം 1989 ൽ തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിലുണ്ടായ അപകടത്തിൽ 12 പേരാണ് മരിച്ചത്. തൃശ്ശൂർ ചിയ്യാരം പടക്കനിർമ്മാണശാലയിലെ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചത് 1997-ലാണ്. 2006 ൽ തൃശ്ശൂർ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്. ഏഴ് പേരാണ് അന്ന് മരിച്ചത്.



പാലക്കാട് ജില്ലയിലും വെടിക്കെട്ടപകടങ്ങൾ ഉണ്ടായി. 1998 ൽ കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ടടുത്ത വർഷം അതായത് 1999 ൽ ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിലും എട്ട് പേർ മരിച്ചു. 13 പേരുടെ മരണത്തിനിടയാക്കിയ ഷൊർണൂരിനടുത്തുള്ള ത്രാങ്ങാലിയിൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചത് 2011-ലാണ്. ആറ് പേരുടെ മരണത്തിനിടയാക്കിയ പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയാണ് ജില്ലയിലെ അവസാനത്തേത്. അത് 2013 ലാണ്. 1952 ജനുവരി 14ന് പകൽ മൂന്ന് മണിക്ക് ശബരിമലയിലുണ്ടായ കരിമരുന്ന് സ്ഫോടനമാണ് കേരളത്തിലെ ആദ്യ വെടിക്കെട്ടപകടം. 68 പേരുടെ മരണത്തിനിടയാക്കിയ ആ അപകടം മുതൽ ഇന്നു വരെ കേരളം ഒന്നും പഠിച്ചില്ല എന്നതാണ് അപകടങ്ങളെക്കാൾ ഞെട്ടലുണ്ടാക്കുന്നത്.

Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം