എം പോക്സ് ബാധിത രാജ്യത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്
ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിച്ചു. ഡൽഹിയിലാണ് ആദ്യത്തെ എം പോക്സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗബാധ സംശയിച്ച് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ച യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ALSO READ: എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഏത് പ്രായക്കാരാണ് കൂടുതൽ കരുതിയിരിക്കേണ്ടത്? അറിയേണ്ടതെല്ലാം
എം പോക്സ് ബാധിത രാജ്യത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് മറ്റു ആരോഗ്യ പ്രശ്ങ്ങൾ ഒന്നുമില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ഇത് ആദ്യമായാണ് ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിക്കുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഒറ്റപ്പെട്ട കേസ് മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ALSO READ: എംപോക്സ് വ്യാപനം: ആശങ്ക പടർത്തരുതെന്ന് കേന്ദ്ര സർക്കാർ
എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ലൈംഗികാവയവങ്ങളിലെ ചുണങ്ങു പോലെയുള്ള പാടുകളാണ് എംപോക്സിൻ്റെ പ്രധാന ലക്ഷണമെന്ന് ലോകാരാഗ്യ സംഘടനയെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പറയുന്നു. 18-44 വയസ് പ്രായമുള്ള യുവതീ യുവാക്കൾക്ക് ഇടയിലാണ് എംപോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നത്. എംപോക്സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പടരുക.
എംപോക്സിൻ്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. ചിലപ്പോൾ ഇത് 5 മുതൽ 21 ദിവസം വരെ നീളാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
പനി വന്ന് 13 ദിവസത്തിനകം കുമിളകൾ ദേഹത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്ടീവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെട്ടേക്കാം.
സമ്പർക്ക വ്യാപന രീതി
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവ ഉൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസനത്തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗിയുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് പകരാം.
പ്ലാസൻ്റ് വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ, അല്ലെങ്കിൽ ജനനസമയത്തോ അതിന് ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ രോഗം പടരാം. ലോകവ്യാപകമായി വസൂരിക്കായുള്ള വാക്സിനേഷൻ നിർത്തലാക്കിയതോടെ എംപോക്സിനെതിരായ പ്രതിരോധ ശേഷി കുറയ്ക്കുന്നതിന് കാരണമായി.