ലൈഫ് ഭവന പദ്ധതിയിൽ രണ്ടു വീടിനും നിർമ്മാണത്തിന് ഇരുപതിനായിരം രൂപ വീതം ആദ്യ ഗഡു ലഭിച്ച് പ്രവർത്തനവും ആരംഭിച്ചതാണ്. അപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറിക്ക് വനം റേഞ്ച് ഓഫീസിൽ നിന്നുള്ള കത്ത് ലഭിക്കുന്നത്.
മലപ്പുറത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ട് വീടുകളുടെ നിർമ്മാണം മുടക്കി വനം വകുപ്പ്. പട്ടയമുള്ള, 60 വർഷമായി താമസിക്കുന്നിടം വനഭൂമി കയ്യേറിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിൻ്റെ ക്രൂരത . ആദ്യ ഗഡു നൽകി ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമ്മാണം തുടങ്ങിയപ്പോഴാണ് പണം നൽകരുതെന്നാവശ്യപ്പെട്ട് നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചാലിയാർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. കത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളം പുറത്തുവിട്ടു.
ചാലിയാർ പഞ്ചായത്തിലെ കാനക്കുത്ത് പ്രദേശത്തെ കൂലിപ്പണിക്കാരനായ 70 വയസ്സുള്ള നാരായണനും, ഭാര്യ വനജയും ചോർന്നൊലിച്ച പഴയ വീട് പൊളിച്ചാണ് ഇവിടെ പുതിയ വീടിനുളള തറ നിർമ്മിച്ചത്. ആരുമില്ലാത്ത സഹോദരി നാരായണിക്കും സമീപത്ത് പുതിയ വീടിന് തറയൊരുക്കി. ലൈഫ് ഭവന പദ്ധതിയിൽ രണ്ടു വീടിനും നിർമ്മാണത്തിന് ഇരുപതിനായിരം രൂപ വീതം ആദ്യ ഗഡു ലഭിച്ച് പ്രവർത്തനവും ആരംഭിച്ചതാണ്. അപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറിക്ക് വനം റേഞ്ച് ഓഫീസിൽ നിന്നുള്ള കത്ത് ലഭിക്കുന്നത്.
Also Read; പകുതി വില തട്ടിപ്പ്: അനന്തു കൃഷ്ണൻ റിമാൻഡിൽ
നാരായണനും കുടുംബവും വനഭൂമി കയ്യേറി വ്യാജ രേഖ ചമച്ച് നികുതി അടവാക്കിയാണ് സ്ഥലം കൈവശം വെച്ചിരിക്കുന്നത് എന്ന് കത്തിൽ.അതുകൊണ്ട് കയ്യേറ്റ ഭൂമിയിലെ ഭവന നിർമ്മാണത്തിന് പണം അനുവദിക്കരുതെന്നാണ് വനം വകുപ്പിൻ്റെ നിർദ്ദേശം.എന്നാൽ ഇക്കാര്യം അറിയിച്ച് നാരായണൻ ഉൾപ്പെടെ ആർക്കും നോട്ടീസ് നൽകാൻ വനം വകപ്പ് തയ്യാറായിട്ടുമില്ല. നോട്ടീസ് ലഭിച്ചതോടെ പഞ്ചായത്തിന് പണം നൽകാൻ കഴിയാതെയായി.
കുറുമ്പലങ്ങോട് വില്ലേജിൽ 1979 ൽ സർക്കാർ പതിച്ചു നൽകിയ 10 സെൻ്റ് ഭൂമിയുടെ പട്ടയവും, തുടർന്നിങ്ങോട്ട് എല്ലാ വർഷവും നികുതി അടവക്കിയതിൻ്റെ രശീതുമുണ്ട് നാരായണൻ്റെ പക്കൽ. പിന്നെ ഇതെങ്ങനെയാണ് വനം കയ്യേറ്റ ഭൂമിയാകുന്നത് ,ഇനി താൻ ആത്മഹത്യ ചെയ്യണോ എന്നും നാരായണൻ ചോദിക്കുന്നു.
കാനക്കുത്ത് റിസർവ്വ് വനത്തിനകത്ത് സർവ്വെ നടത്തിവനാതിർത്തി പുനർനിർണ്ണയിച്ചപ്പോഴാണ് വർഷങ്ങൾക്കുമുമ്പ് വനഭൂമി കയ്യേറിയത് കണ്ടെത്താനായത് എന്നാണ് വനം വകുപ്പിൻ്റെ വിചിത്ര വാദം. എന്നാൽ ഈ പ്രദേശത്ത് സർവ്വെ നടത്തിയതൊന്നും 60 വർഷമായി താമസിക്കുന്ന ഇന്നാട്ടുകാർ അറിഞ്ഞിട്ടില്ല. സർക്കാർ നൽകിയ പട്ടയത്തിന് ഒരു വിലയും ഇല്ലാതാക്കി, കിടപ്പാടം തട്ടിയെടുത്ത വനം വകുപ്പിൻ്റെ നടപടിക്കെതിരെ എന്തു ചെയ്യണമെന്നറിയില്ല ഈ കുടുംബങ്ങൾക്ക്. പരാതികൾ പലയിടത്തു നൽകിയിട്ടും ഒരനക്കവുമില്ല അധികൃതർക്കും.