നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പി.ജി. മനു
പ്രമുഖ അഭിഭാഷകൻ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹ അഭിഭാഷകർ മനുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.
ALSO READ: കോഴിക്കോട് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പീഡിപ്പിച്ചത് 13, 14 വയസുള്ള വിദ്യാർഥികൾ
സർക്കാർ മുൻ പ്ലീഡറായിരുന്ന മനു രണ്ടുമാസം മുൻപാണ് ആനന്ദവല്ലീശ്വരത്ത് വീട് വാടയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു. അഭിഭാഷകനായ ആളൂരിനോടൊപ്പം മനു ഈ കേസില്‍ കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ ഉള്ളപ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെയാണ് മനു താമസിക്കുന്നത്. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥരോട് പറഞ്ഞത്. ഇന്ന് രാവിലെ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു. അതിനുശേഷം സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പി.ജി. മനു. ഇതിന് കേസ് നേരിടുന്നതിനിടെ കഴിഞ്ഞ ദിവസം സമാനമായി മറ്റൊരു യുവതിയും പരാതി നൽകിയിരുന്നു എന്ന വിവരമാണ് പൊലീസിൽ നിന്ന് ലഭ്യമാകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം മനു കുടുംബസമേതം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വലിയ മാനസിക സംഘർഷത്തിലായിരുന്നു മനു എന്നാണ് സഹ അഭിഭാഷകർ പറയുന്നത്.