ഷാനിബിനെ പോലുള്ളവര്‍ സംഘടനയിലേക്ക് കടന്നു വന്നതില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു. ഷാനിബിനെ പോലുള്ളവര്‍ സംഘടനയിലേക്ക് കടന്നു വന്നതില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു ഷാനിബിനെ അംഗത്വം നല്‍കി സ്വീകരിച്ചത്.
ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താന്‍ എന്ന് എ.കെ. ഷാനിബ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി ഏത് വര്‍ഗീയതയെയും കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നു. എസ്ഡിപിഐയുമായും ഒരു മറയുമില്ലാതെ ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് തിരുത്താന്‍ തയ്യാറല്ലെന്നും ഷാനിബ് പറഞ്ഞു.
ALSO READ: ബലാത്സംഗ കേസ്: സിദ്ദീഖിന് കർശന ഉപാധികളോടെ ജാമ്യം
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ന്യായ അന്യായങ്ങളുടെ തീര്‍പ്പെന്ന് കോണ്‍ഗ്രസ് കരുതി. പാര്‍ട്ടിയെ എസ്ഡിപിഐയിലും ജമാ അത്തെ ഇസ്ലാമിയിലും ആര്‍എസ്എസിലും കൊണ്ട് കെട്ടാനാണ് ശ്രമിക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവാണെന്നും ഷാനിബ് ആരോപിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതല്‍ കോൺഗ്രസിലുള്ള ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് പി. സരിനാണ് ആദ്യം രംഗത്തെത്തിയത്. ഇടതുപക്ഷത്തോടൊപ്പമാണെന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമത സ്വരം ഉയര്‍ത്തി എ.കെ. ഷാനിബും കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ ആദ്യം ഒരു പാര്‍ട്ടിയുടെയും ഭാഗമാകാന്‍ ഇല്ലെന്നായിരുന്നു എ.കെ. ഷാനിബ് പ്രതികരിച്ചിരുന്നത്. എന്നാല്‍ പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.