പ്രദേശവാസികളുടെ പേരിൽ ഗാല ഡി ഫോർട്ട് കൊച്ചി നിർമിക്കുന്ന ചെറിയ പപ്പാഞ്ഞിയാണ് കാർണിവൽ കമ്മിറ്റിക്ക് തലവേദനയാകുന്നത്
കഴിഞ്ഞ വർഷത്തേതിന് സമാനമായി കൊച്ചിയിൽ വീണ്ടും പപ്പാഞ്ഞി വിവാദം. കാർണിവൽ കമ്മിറ്റിയുടെ പേരിൽ അല്ലാതെ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ചെറിയ പപ്പാഞ്ഞിയെ ഉടൻ നീക്കണമെന്നാണ് പൊലീസ് നൽകിയിരിക്കുന്ന നിർദേശം. പ്രദേശവാസികളുടെ പേരിൽ ഗാല ഡി ഫോർട്ട് കൊച്ചി നിർമിക്കുന്ന ചെറിയ പപ്പാഞ്ഞിയാണ് കാർണിവൽ കമ്മിറ്റിക്ക് തലവേദനയാകുന്നത്.
ഇതിന് കാർണിവൽ കമ്മിറ്റിയുടെ അനുമതിയില്ലെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് സംഘാടകർ തന്നെയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. സാധാരണ ഗതിയിൽ കൊച്ചിൻ കാർണിവൽ സംഘാടകരുടെ നേതൃത്വത്തിൽ ന്യൂയറിന് തൊട്ടുമുമ്പായാണ് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വലിയ പപ്പാഞ്ഞി സ്ഥാപിക്കാറുള്ളത്. 15ഓളം തൊഴിലാളികൾ മൂന്നാഴ്ചത്തോളം രാവുപകലും ഉറക്കമിളച്ച് പണിയെടുത്താണ് കൂറ്റൻ പപ്പാഞ്ഞി നിർമിക്കാറുള്ളത്.
കഴിഞ്ഞ വർഷം 80 അടി ഉയരത്തിൽ 1800 കിലോ ഇരുമ്പ് ഫ്രെയിമിൽ തീർത്ത പടുകൂറ്റൻ പപ്പാഞ്ഞിയാണ് കാർണിവൽ കമ്മിറ്റി ഒരുക്കിയത്. ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്ലബ്ബുകളുടെ കോൺഫെഡറേഷനാണ് കൊച്ചിൻ കാർണിവൽ സംഘടിപ്പിക്കാറുള്ളത്.
അതേസമയം, കഴിഞ്ഞ തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിയെ സ്ഥാപിച്ചത് വലിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. 2023 അവസാനം വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും, അത് അവിടെ നിന്ന് പൊളിച്ചു നീക്കണമെന്നും സബ് കളക്ടർ കെ മീര നിർദേശിച്ചിരുന്നു. സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ബുദ്ധിമുട്ടും, ജനങ്ങളുടെ സുരക്ഷയും അപകടസാധ്യതയും കൂടി കണക്കിലെടുത്തായിരുന്നു ഈ പപ്പാഞ്ഞിയെ നീക്കണമെന്ന് ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ സബ് കളക്ടർക്ക് കത്ത് നൽകിയത്. ഗാല ഡി ഫോർട്ട് കൊച്ചി നിർമിച്ച വിരൂപമായ പപ്പാഞ്ഞി കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളേറ്റു വാങ്ങിയിരുന്നു.
സംഭവബഹുലമായ പിന്നിട്ട വർഷത്തിന്റെ പ്രതീകാത്മക രൂപമാണ് പപ്പാഞ്ഞി. ആയുസിൽ ഒരു വർഷം കൂടി കാണാൻ ഭാഗ്യമുണ്ടായതിന് നന്ദി പറഞ്ഞാണ് പ്രതീകാത്മകമായി പപ്പാഞ്ഞിയെ കത്തിക്കുന്നത്. ഒപ്പം വരാനിക്കുന്ന പുതുവർഷത്തെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് കൊച്ചിക്കാർ ചെയ്യുന്നത്. പപ്പാഞ്ഞിക്ക് പ്രത്യേകിച്ച് ഒരു മതവുമായോ ക്രിസ്തുമസുമായോ ബന്ധമില്ലെന്നും സംഘാടകർ ആവർത്തിച്ച് വ്യക്തമാക്കിയതുമാണ്.
പൊതുവെയുള്ള ധാരണകൾ വിപരീതമായി 'പപ്പാഞ്ഞി' എന്നാൽ സാന്താക്ലോസ് അപ്പൂപ്പനല്ല. സാന്താക്ലോസ് രൂപത്തെ ഒരിക്കലും കത്തിക്കാനും പാടില്ലാത്തതാണ്. പണ്ട് കൊച്ചിയുടെ ഭരണം കയ്യാളിയിരുന്ന പോർച്ചുഗീസുകാരുടെ ഭാഷയിൽ പപ്പാഞ്ഞിക്ക് മുത്തച്ഛൻ എന്നും മമ്മാഞ്ഞിക്ക് മുത്തശ്ശി എന്നുമാണ് അർത്ഥം.