താച്ചയിൽ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്
കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. അക്രമികൾക്ക് കാർ ഏർപ്പാടാക്കി കൊടുത്തയാളാണ് കസ്റ്റഡിയിൽ ഉള്ളത്. അതേസമയം, എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നിരുന്നു. കൊലയാളി സംഘത്തിൽ നാലുപേരാണ് ഉള്ളതെന്നും, കൊലയ്ക്ക് കാരണം മുൻ വൈരാഗ്യം ആണെന്നും എഫ്ഐആർ റിപ്പോർട്ടിലുണ്ട്. താച്ചയിൽ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.
ALSO READ: കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് താച്ചയിൽ മുക്ക് സ്വദേശി സന്തോഷ്
മൺവെട്ടി ഉപയോഗിച്ചാണ് സന്തോഷിന്റെ മുറിയുടെ വാതിൽ തകർത്തത്. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സന്തോഷിൻ്റെ ഇടത് തോളിലും, ഇടത് കാലിലും പരിക്കേറ്റിരുന്നു. കൊല നടത്തും മുൻപ് സ്ഫോടക വസ്തു ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പുലർച്ചെ രണ്ടരയോടു കൂടിയാണ് സംഭവം നടക്കുന്നത്. കാറിലെത്തിയ അക്രമികൾ സന്തോഷിനെ വീട്ടിൽ കയറി വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഇതേ കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ALSO READ: പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റർ മുങ്ങിമരിച്ചു; അപകടം പുത്തൻവേലിക്കരയിൽ
മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു. അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞുവെന്നും, മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട സന്തോഷ് 2024ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളെ സംബന്ധിക്കുന്ന യാതൊരു വിവരവും ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.