കുടുംബം പറയുന്നത് കേട്ട് മനസ്സിലാക്കിയെന്നും കുടുംബത്തിന് പല കാര്യങ്ങളിലും സംശയം ഉണ്ടെന്നും സുരേഷ് ഗോപി പറയുന്നു
തിരുവനന്തപുരത്ത് മരിച്ച ഐ ബി ഉദ്യോഗസ്ഥ മേഘയുടെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേഘയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. മേഘയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കുടുംബം പറയുന്നത് കേട്ട് മനസ്സിലാക്കിയെന്നും കുടുംബത്തിന് പല കാര്യങ്ങളിലും സംശയം ഉണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ചില കെമിക്കൽ റിപ്പോർട്ടുകൾ വരുന്നതിൽ സാങ്കേതിക താമസം ഉണ്ടാകാമെങ്കിലും വിഷയം അന്വേഷിക്കാമല്ലോയെന്ന് സുരേഷ് ഗോപി പറഞ്ഞു. മേഘയുടെ മരണം സംബന്ധിച്ച് അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളുന്നതിന് മുൻകൈ എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഉദ്യോഗസ്ഥയുടെ മരണത്തിൽ നേരത്തെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് അച്ഛൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണെന്നും മേഘയുടെ പിതാവ് പറയുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു. മേഘയുടെ മരണത്തെത്തുടർന്ന് സുകാന്ത് അവധിയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
മാർച്ച് 24നായിരുന്നു ഐബി ഉദ്യോഗസ്ഥയായ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് ഇൻ്റലിജൻസ് ബ്യൂറോ ഉത്തരവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥനായ യുവാവുമായി മേഘയ്ക്ക് അടുപ്പം ഉണ്ടായിരുന്നു എന്നും, അയാൾ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയതായും പിതൃ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മേഘയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും കുടുംബം അറിയിച്ചു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.