തന്റെ എല്ലാ സിനിമകളും വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് കൊപ്പോള
"നമ്മൾ സ്നേഹിക്കുന്ന ഒരാൾ അയാളുടെ പേടികളുടെ ഉള്ളിലേക്ക് ഇറങ്ങി അതിനെ നേരിടുന്നത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്. കാരണം ആ പേടികളെ മറികടക്കാൻ അയാൾക്ക് അല്പം പരാജയപ്പെടേണ്ടി വരും, അല്പം മരിക്കേണ്ടി വരും, അല്പം ഭ്രാന്ത് പിടിക്കേണ്ടി വരും."
പ്രശസ്തനായ ഒരു സംവിധായകന്റെ പങ്കാളി പറഞ്ഞ വാക്കുകളാണിത്. അവരെ ഭയപ്പെടുത്തിയത് അയാൾക്ക് സിനിമയോടുള്ള അഭിനിവേശമായിരുന്നു. ഉന്മാദത്തോട് അടുത്തതായിരുന്നു ആ ബന്ധം. ഒരോ സിനിമയിലും അയാൾ സ്വയം വെല്ലുവിളിച്ചു. മറ്റുള്ളവരെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. അയാൾ സിനിമ ആസ്വാദകർക്ക് മുന്നിൽ ഒരു ഓഫർ വയ്ക്കുകയായിരുന്നു. നല്ല സിനിമ എന്ന ഓഫർ. An Offer which we can't refuse.
ആ ഉന്മാദിയായ ഫിലിം മേക്കറുടെ പേര് ഫ്രാൻസിസ് ഫോഡ് കൊപ്പോള എന്നാണ്!
തന്റെ എല്ലാ സിനിമകളും വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് കൊപ്പോള. ആഖ്യാനപരമായി മാത്രമല്ല തന്റെ സിനിമകളെ അദ്ദേഹം വേറിട്ട് നിർത്തിയത്. സിനിമാറ്റിക് ടെക്നിക്കുകളിലൂടെ കൂടിയാണ്. ഓരോ കഥയും ആവശ്യപ്പെടുന്ന പരിചരണം മാത്രമാണ് താൻ നൽകുന്നത് എന്നാണ് ഈ മാസ്റ്ററിന്റെ ഒരു ആറ്റിറ്റ്യൂഡ്. അത് കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസുകൾക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനും അന്നും ഇന്നും അയാൾ പ്രിയങ്കരനായിരുന്നില്ല. ചിലപ്പോഴൊക്കെ പ്രേക്ഷകർക്കും. കാരണം അവർ കണ്ട് ശീലിച്ച ഒരു ദൃശ്യ-ശ്രവ്യ മാതൃകയുണ്ട്. അതിനെ ഈ മനുഷ്യൻ ഉടച്ചങ്ങ് വാർക്കും. ഉദാഹരണത്തിന് 1972ൽ ഇറങ്ങിയ ഗോഡ് ഫാദർ.
Also Read: SERIES REVIEW | ബ്ലാക്ക് വാറന്റ്: ചാൾസ് ശോഭരാജ്, രംഗ, ബില്ല , മുതൽപ്പേർ വന്നുപോകുന്ന തിഹാർ ഡ്രാമ
ഗോഡ് ഫാദറോ? അതിൽ ഇപ്പോൾ പുതിയതായിട്ട് എന്താണ് ഉള്ളത്? അത് ഒരു സാധാ ഗ്യാങ്സ്റ്റർ ഡ്രാമയല്ലേ? ഇങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്തുന്നില്ല. കാരണം 1975ലെ ധർമാത്മ എന്ന അൺഒഫിഷ്യൽ ബോളിവുഡ് റീമേക്ക് മുതൽ അമൽ നീരദിന്റെ ഭീഷ്മപർവം വരെ കയറിയിറങ്ങിയ ഈ സിനിമയിൽ അവശേഷിക്കുന്നതെന്തെന്നത് ഒരു ചോദ്യമാണ്. അതിനു വ്യക്തമായ ഒന്നല്ല, രണ്ട് ഉത്തരം കൊപ്പോളയുടെ സിനിമയിലുണ്ട്. ഒന്ന് ക്രാഫ്റ്റ്. മറ്റൊന്ന് തീം. ക്രാഫ്റ്റിലേക്ക് വരും മുൻപ് നമുക്ക് തീമിലൂടെ ഒന്ന് കടന്നുപോകാം. ചുരുക്കി പറഞ്ഞാൽ കൊർലിയോൺ എന്ന ഇറ്റാലിയൻ മാഫിയ ഫാമിലിയുടെ വാഴ്ചയും വീഴ്ചയുമാണ് ഗോഡ്ഫാദർ. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ മരിയോ പൂസോയുടെ ഒറിജിനൽ ടെക്സ്റ്റും സിനിമയും ജനങ്ങൾ ഏറ്റെടുക്കാൻ കാരണം മറ്റൊന്നാണ്. ഇത്, ഒരു കുടിയേറ്റ കഥ കൂടിയാണ്!
സിസിലിയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറുന്ന വിറ്റോ കോർലിയോൺ. പുതിയ നാട്ടിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ അയാൾ രാപ്പകലില്ലാതെ അധ്വാനിക്കുന്നു. ഒടുവിൽ അയാൾ ഒരു ഗ്യാങ്സ്റ്ററാകുന്നു. അപ്പോഴും അയാളുടെ മനസിൽ എന്നോ വിട്ടുവന്ന തന്റെ നാടാണ്. അതേസമയം കൂടുതൽ സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസവും ലഭിച്ച മകൻ ഒരു തദ്ദേശിയെപ്പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. മൈക്കിളിന്റെ സ്വപ്നങ്ങൾ പുതിയ ഇറ്റാലിയൻ അമേരിക്കൻ പൗരന്റേതായിരുന്നു. കുടുംബത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ഭാവിയെപ്പറ്റിയാണ് അയാൾ ചിന്തിക്കുന്നത്. ഈ തീമാണ് ആളുകളുമായി അൺകോൺഷ്യസ്ലി കണക്ട് ആയത്. പ്രത്യേകിച്ചും അമേരിക്കയിലെ കുടിയേറ്റ വിഭാഗവുമായി.
ഇനി രണ്ടാമത്തെ സവിശേഷത- ക്രാഫ്റ്റ്. ഇതുവരെ കാണാത്ത ഒരു ദൃശ്യഭാഷ ഗോഡ്ഫാദറിന് അവകാശപ്പെടാനുണ്ടായിരുന്നു. അതിന്റെ ഛായാഗ്രഹണം ആ രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. ഗോർഡൻ വില്ലിസ് ആയിരുന്നു സിനിമയുടെ ഡിഒപി. ഇരുട്ടിനെയും നിഴലിനെയും കഥയുടെ ഭാഗമാക്കുന്നത് ഈ സിനിമയിൽ കാണാൻ സാധിക്കും. അതുകാരണം, പ്രിൻസ് ഓഫ് ഡാർക്ക്നെസ് എന്ന വിളിപ്പേര് പോലും വില്ലിസിന് ലഭിച്ചിട്ടുണ്ട്. വെറുതെ ഗ്യാങ്സ്റ്റേഴ്സിനെ അങ്ങ് ഇരുട്ടിൽ നിർത്തിയേക്കാം എന്ന് വിചാരിച്ചല്ല ഇങ്ങനെയൊരു വിഷ്വൽ സ്റ്റൈൽ ഉണ്ടാക്കിയത്. റിനൈസൻസ് പെയിന്റർമാരായ കർവാജിയോ, റെംബ്രാന്റ് എന്നിവരുടെ സൃഷ്ടികളുടെ സ്വാധീനം ഇതിനു പിന്നിലുണ്ട്. അതിനുപരിയായി കഥാപാത്രങ്ങൾ കടന്നുപോകുന്ന മിസ്റ്ററി, അവ്യക്തത, ധാർമികമായ അനിശ്ചിതത്വങ്ങൾ എല്ലാം അവിഷ്കരിക്കാനുമാണ് കൊപ്പോള വില്ലിസുമായി ചേർന്ന് ഇത്തരം ഒരു ദൃശ്യഭാഷ ചമച്ചത്. സിനിമയുടെ സെൻട്രൽ തീമിന്റെ ഭാഗമാകുന്ന പവർ, അഴിമതി, കുടുംബ കലഹം എന്നിവ പ്രതിഫലിപ്പിക്കാനായി നാടകീയവും ഗൗരവതരവുമായ ഒരു അന്തരീക്ഷം ആവശ്യമാണ്. അത് ഈ ലോ കീ ലൈറ്റിങ് സൃഷ്ടിക്കുന്നുണ്ട്. സ്റ്റാറ്റിക് ആയ ഫ്രെയിമുകളും സ്ലോ ക്യാമറ മൂവ്മെന്റ്സും കൂടി ആയപ്പോൾ കഥാപാത്രങ്ങളുടെ പിരിമുറുക്കം പ്രേക്ഷകനിലേക്കും എത്തി. ഇതിനൊപ്പം കൊപ്പൊള ഒരൊ സീനും ബ്ലോക്ക് ചെയ്ത വിധം ആ കഥയിലെ പവർ സ്ട്രക്ച്ചർ മാറിമറിയുന്നത് പറയാതെ പറഞ്ഞു. ഫ്രെയിമിന്റെ ഒരു അരികത്ത് നിന്ന മൈക്കിൾ കേന്ദ്ര സ്ഥാനത്തേക്ക് എത്തുന്നത് വിഷ്വലി കൂടിയാണ്. ഇതാണ് പിന്നീട് അനാദി കാലം സിനിമ പ്രേമികളെ ഇൻസ്പെയർ ചെയ്യിക്കുന്ന ഗോഡ്ഫാദർ ടെംപ്ലേറ്റ് ആയി മാറിയത്.
ഗോഡ് ഫാദറിനെ പോലെ തന്നെ 1979ൽ ഇറങ്ങിയ അപ്പൊകാലിപ്സ് നൗവും കൊപ്പോളയുടെ വിരുത് കാട്ടിത്തരുന്ന സിനിമയാണ്. വിയറ്റ്നാം യുദ്ധത്തെപ്പറ്റിയുള്ള ഈ ചിത്രം സംസാരിക്കുന്നത് മനുഷ്യന്റെ മോറൽ ഡിലേമയെപ്പറ്റി കൂടിയാണ്. നിരവിധി പ്രതിസന്ധികളിലൂടെയാണ് നിർമാതാവ് കൂടിയായ കൊപ്പോള ഈ സിനിമ പൂർത്തിയാക്കിയത്. ഇതിന്റെ മേക്കിങ് ഡോക്യുമെന്ററി കണ്ടാൽ നമുക്ക് ഒരു കാര്യം മനസിലാകും. കൊപ്പോള സ്നേഹിക്കുന്നത് തന്റെ സിനിമയെയാണ്. സിനിമയെ മാത്രമാണ്. അതാണ് എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത്.
ഒന്ന് അലോചിച്ച് നോക്കൂ... സിനിമയുടെ കാൽ ഭാഗം ഷൂട്ട് ചെയ്തപ്പോഴേ ബഡ്ജറ്റ് കടന്നു, മുഖ്യ താരമായ മൈക്കിൾ ഷീനിന് ചിത്രീകരണത്തിന് ഇടയിൽ ഹാർട്ട് അറ്റാക്ക് വരുന്നു, അതിനിടയിൽ ഓൾഗാ കൊടുങ്കാറ്റ് പിന്നെ മെരുക്കാൻ പറ്റാത്ത മർലിൻ ബ്രാൻഡോയും. ഭ്രാന്തമായാണ് കൊപ്പോള ഈ ചിത്രം പൂർത്തിയാക്കിയത്. ആ ഭ്രാന്ത് ജോസഫ് കോൺറാഡിന്റെ ദ ഹാർട്ട് ഓഫ് ഡാർക്ക്നെസ് സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ തന്നെയുണ്ടായിരുന്നു. ഒരുപാട് പേർ സ്വപ്നം കണ്ട് സ്വപ്നത്തിൽ പോലും പരാജയപ്പെട്ട കാര്യമാണ് ഈ അഡാപ്റ്റേഷൻ. കൊപ്പോള അത് സാധ്യമാക്കി എന്ന് മാത്രമല്ല ഒരാളുടെ ബോധം ഊറി പോകുന്നത് എഡിറ്റിങ്ങിലൂടെ നമ്മളെ അനുഭവിപ്പിക്കുകയും ചെയ്തു.
ദ ലെജൻഡ് വാൾട്ടർ മർച്ചാണ് ഈ സിനിമയുടെ എഡിറ്റർ. സിനിമയിലെ അരാജകത്വം, ഹൈപ്പർ റിയാലിറ്റി, പേടിപ്പെടുത്തുന്ന അന്തരീക്ഷം എന്നിവ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഒരു നിർണായക ഘടകമായിരുന്നു എഡിറ്റിങ്. വെറും ഷോട്ടുകൾക്കിടയിൽ കട്ട് ചെയ്യുകയായിരുന്നില്ല മർച്ച്. ഡിസോൾവുകൾ, ഫേഡുകൾ, സൂപ്പർഇമ്പോസിഷനുകൾ എന്നിവയിലൂടെ സ്വപ്നസമാനമായ ഒരു ഒഴുക്ക് അദ്ദേഹം കൊണ്ടുവരുന്നുണ്ട്. ക്യാപ്റ്റൻ വില്ലാർഡിന്റെ ഭ്രാന്തിലേക്കുള്ള ഇറക്കം കൂടിയാണ് ഈ സിനിമ. ഈ മാനസികാവസ്ഥ എങ്ങനെ കാണിക്കും? കൊപ്പോളയ്ക്കും മർച്ചിനും കൃത്യമായ പ്ലാനുണ്ടായിരുന്നു. ജമ്പ് കട്ടുകൾ, ഫ്രാഗ്മെന്റഡ് എഡിറ്റിംഗ്, ചില ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും ആവർത്തനം തുടങ്ങിയവ ഉപയോഗിച്ച് മനോഹരമായി ആ ഉന്മാദത്തിലേക്കുള്ള ഇറക്കം അവർ ആവിഷ്കരിച്ചു. ഈ സിനിമ അതിനാടകീയത നിറഞ്ഞ ഒന്നാണ്. തീർത്തും വിരുദ്ധമായ വിഷ്വലും സൗണ്ടും ഉപയോഗിച്ചാണ് സിനിമയിൽ ഈ നാടകീയത സൃഷ്ടിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, വിയറ്റ്നാമിന്റെ ഭംഗിക്കൊപ്പം വരുന്നത് യുദ്ധത്തിന്റെ വയലൻസാണ്. ഇതെല്ലാം വളരെ താളാത്മകമായി കൂടിയാണ് അവതരിപ്പിക്കുന്നത്. "റൈഡ് ഓഫ് ദി വാൽക്കറീസ്" എന്ന രംഗത്തിൽ സംഗീതവും ബോംബിങ് വിഷ്വലും മനോഹരമായി ലയിക്കുന്നത് കാണാൻ സാധിക്കും.
സൗണ്ട് ഡിസൈനർ കൂടിയായ മർച്ച്, ചിത്രത്തിൽ സമ്പന്നമായ ഒരു സൗണ്ട് സ്കേപ്പും സൃഷ്ടിക്കുന്നുണ്ട്. സൗണ്ട് എഡിറ്റിങ്ങും വിഷ്വൽ എഡിറ്റിങ്ങും ഓവർലാപ്പ് ചെയ്യുന്നത് നമുക്ക് കാണാം. അത് ഈ പടത്തിന്റെ മാത്രം പ്രത്യേകത അല്ല. സിനിമയുടെ സൗണ്ടിങ്ങിന് വലിയ ശ്രദ്ധ കൊടുക്കുന്ന ഡയറക്ടറാണ് കൊപ്പോള. സൗണ്ടിനെ പൂർണമായി പ്രയോജനപ്പെടുത്തിയ ഒരു സിനിമയും അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിലുണ്ട്. ദ കോൺവർസേഷൻ.
ഈ സിനിമയുടെ കഥ പറയുന്നതിലും നായകന്റെ മാനസികാവസ്ഥ അറിയിക്കുന്നതിലും കേന്ദ്ര ഘടകമാണ് ശബ്ദം. കാരണം ഇതിലെ നായകൻ ഹാരി കോൾ ഒരു സർവേലൻസ് എക്സ്പേർട്ടാണ്. അയാൾ തന്റെ ക്ലയ്ന്റിന്റെ നിർദേശ പ്രകാരം ഒരു യുവ ദമ്പതികളെ പിന്തുടരുന്നതാണ് കഥ. ഇവരുടെ സംഭാഷണങ്ങൾ ഇയാൾ ഒളിഞ്ഞു കേൾക്കുന്നു. അതേ, ഒളിഞ്ഞു കേൾക്കലാണ് ഈ സിനിമയിൽ കൊപ്പോള പരീക്ഷിക്കുന്നത്. ടേപ്പുകൾ പ്ലേ ചെയ്യുന്നതും, റിവൈൻഡ് ചെയ്യുന്നതും, വിശകലനം ചെയ്യുന്നതുമായ ശബ്ദങ്ങൾക്കാണ് ഈ സിനിമയിൽ പ്രധാനം. നമ്മൾ എങ്ങനെയാണ് ഒരു കാര്യം തെറ്റായി കേൾക്കുന്നതെന്ന് വിദഗ്ധമായി ഈ സിനിമ പറയുന്നു.
ഡയജെറ്റിക് ശബ്ദം അതായത് സിനിമയുടെ ലോകത്തിലുള്ള ശബ്ദങ്ങൾ, ഉപയോഗിച്ചാണ് കൊപ്പോള കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹാരി റെക്കോർഡ് ചെയ്യുന്ന സംഭാഷണങ്ങൾ വികലമാണ്. അത് നമുക്ക് മനസ്സിലാക്കാൻ പ്രയാസവുമാണ്. ഇത് സംഭവങ്ങളെപ്പറ്റി അയാൾക്കും കൃത്യമായ ധാരണയില്ലായെന്നാണ് വ്യക്തമാക്കുന്നത്. ചെറിയ ചില കാര്യങ്ങളെ അയാൾക്ക് അറിയുകയുള്ളൂ, നമുക്കും. ഈ റെക്കോർഡിംഗുകളുടെ അവ്യക്തതയാണ് സിനിമയുടെ സസ്പെൻസിനും കോളിന്റെ ഭ്രാന്തിനും ഇന്ധനമാകുന്നത്. കോളിനെ ഇങ്ങനെ ഒരു ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ച് കഴിയുമ്പോൾ കൊപ്പോള പതിയെ സൗണ്ട് സ്കേപ്പിന് മാറ്റം വരുത്തും. ദൈനംദിന ശബ്ദങ്ങൾ കൂടി വികലവും അവ്യക്തവുമാക്കും. റിസൾട്ടോ...കൗളിന്റെ മാനസികനില തകരും. അവിടെ കൊണ്ട് തീരുന്നില്ല. ശബ്ദത്തിന്റെ മർമം അറിഞ്ഞ ആൾ അത് വിദഗ്ധമായി ഉപയോഗിക്കാതെയുമിരിക്കും. കൊപ്പോളയും അത് തന്നെയാണ് ചെയ്യുന്നത്. ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ നിശബ്ദതയെ ഫലപ്രദമായി ചിത്രത്തിൽ ഉപയോഗിക്കുന്നു. ഡേവിഡ് ഷൈറിന്റെ പിയാനോ കൂടിയാകുമ്പോൾ സിനിമ ആഴത്തിൽ പ്രേക്ഷകനിൽ പതിയുന്നു.
ആഴം...ആ വാക്കാണ് ഒരു സാധാ ഫിലിം മേക്കറെ മാസ്റ്ററിൽ നിന്നും വേർതിരിക്കുന്നത്. അവരുടെ വർക്കുകളുടെ ഓരോ അടരുകളിലൂടെയും സഞ്ചരിച്ചാൽ നമുക്ക് ഒരു പ്രത്യേക അനുഭൂതി ലഭിക്കുന്നു. ഇങ്ങനെ ഒരു സിനിമാറ്റിക് ജേണിക്ക് നിങ്ങൾ പ്രത്യേകമായി വ്യായാമമൊന്നും ചെയ്യണമെന്നില്ല. മുൻ ധാരണകൾ മാറ്റിവച്ച് സിനിമയ്ക്ക് മുന്നിൽ ഇരുന്ന് കൊടുത്താൽ മതി. സിനിമ അതിന്റെ മാജിക്ക് കാണിച്ചുകൊള്ളും. അത് ഒരിക്കൽ അനുഭവിച്ചു കഴിഞ്ഞാൽ നമ്മൾ ആ ഫിലിംമേക്കറിനെ, അഭിനേതാവിനെ, സംഗീതജ്ഞനെ വിടാതെ പിന്നാലെ കൂടും. കൊപ്പോളയെ പിന്തുടരുന്നത് പോലെ...അയാൾ ലൈവ് സിനിമ എന്ന് പറയുമ്പോൾ, 120 മില്യൺ ഡോളർ കയ്യിൽ നിന്നിറക്കി മെഗാലോപൊളിസ് എന്ന ഡിസ്റ്റോപ്യൻ സ്കൈ ഫൈ എപിക് ചെയ്യുമ്പോഴും നമ്മൾ അവേശം കൊള്ളുന്നത് അതാണ്. അയാളെക്കൊണ്ട് അത് സാധിക്കും എന്നൊരു വിശ്വാസം. അയാൾ ഞെട്ടിക്കും എന്ന തോന്നൽ. അതേ... He is making an offer. which we can't refuse...