ജോമോന് പുറമെ ക്വട്ടേഷന്‍ അംഗങ്ങളായ മുഹമ്മദ് അസ്ലം, ബിബിന്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
ഇടുക്കി തൊടുപുഴയില്‍ ചുങ്കം സ്വദേശി ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൊട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജോമോന് പുറമെ ക്വട്ടേഷന്‍ അംഗങ്ങളായ മുഹമ്മദ് അസ്ലം, ബിബിന്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രസാദ് ടി.കെ. പറഞ്ഞു.
കൊലപാതകം ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ജോമോന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. ബിജുവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ബിജുവിന്റെ മൃതദേഹം ജോമോന്റെ മൊഴിയനുസരിച്ച് കലയന്താനിയിലെ മാലിന്യ കുഴിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
കലയന്താനി കാറ്ററിങ് സര്‍വീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ പാകത്തിലുളളതാണ് മൃതദേഹം കണ്ടെത്തിയ മാന്‍ഹോള്‍. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീര്‍ത്ത നിലയിലാണ്. അതുകൊണ്ട് തന്നെ മാന്‍ഹോളില്‍ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായിരുന്നു. മാന്‍ഹോളിന്റെ മറുവശത്തെ കോണ്‍ക്രീറ്റ് പൊട്ടിച്ച് വിസ്താരം വര്‍ധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.
വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബിജു കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. സുഹൃത്തായ ജോമോന് ബിജു ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് പണം നല്‍കാനുണ്ടായിരുന്നു. ഈ പണം തിരികെ വാങ്ങിക്കുന്നതിനാണ് സുഹൃത്ത് കൊച്ചിയില്‍ നിന്ന് രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളെ വിളിച്ചുവരുത്തിയത്. അത് കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്നലെ വൈകിട്ട് തൊടുപുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വേട്ടേഷന്‍ സംഘത്തെ പിടികൂടുന്നത്. കാപ്പാ കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള ഇവര്‍ എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണമാണ് ബിജുവിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട പരാതിയില്‍ ചെന്നെത്തിയത്. ജോമോനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നടക്കാനിറങ്ങിയ ബിജുവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപൊയത്. ബിജുവിനെ വാഹനത്തിനുള്ളില്‍ വെച്ച് ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.