fbwpx
ദശമൂലം ദാമു മുതല്‍ മാക്രി ഗോപാലന്‍ വരെ; മീമുകള്‍ ഭരിച്ച ഷാഫി കഥാപാത്രങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Jan, 2025 07:54 AM

വണ്‍മാന്‍ഷോയിലെ സലീം കുമാറിന്റെ ചന്ദനത്തിരി കത്തിച്ച് നടക്കുന്ന ഭാസ്‌കരന്‍ എന്ന മാനസിക രോഗിയില്‍ നിന്ന് തുടങ്ങുന്നു ഷാഫി സൃഷ്ടിച്ച കോമഡി കഥാപാത്രങ്ങള്‍

MALAYALAM MOVIE


'ദശമൂലം ദാമു സമൂഹത്തില്‍ ഇത്രവലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ചില ട്രോളുകളും മീമുകളും കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചിട്ടുണ്ട്. ചട്ടമ്പിനാട് ഷൂട്ട് ചെയ്ത സമയത്ത് ഞാന്‍ ദശമൂലം ദാമുവെന്ന കഥാപാത്രത്തിന്റെ ഡയലോഗൊന്നും സത്യം പറഞ്ഞാല്‍ അത്രയ്ക്ക് ആസ്വദിച്ചിരുന്നില്ല'- ഷാഫി

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത കഥാപാത്രമാണ് ചട്ടമ്പിനാടിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട്ടിലെ ദശമൂലം ദാമു മലയാളികള്‍ക്ക് ഇത്രയും പ്രിയപ്പെട്ടതാകാന്‍ കാരണം മീമുകളും ട്രോളുകളുമാണ്. ആ മീമുകളെയും ട്രോളുകളെയും കുറിച്ച് ഷാഫി ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. സിനിമ ചെയ്യുമ്പോള്‍ താന്‍ നിര്‍മിച്ച കഥാപാത്രം ഇത്രയധികം സ്വാധീനം സമൂഹത്തില്‍ ചെലുത്തുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അത്തരത്തില്‍ മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചിട്ടാണ് ഷാഫി വിടവാങ്ങിയത്.

2001ല്‍ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി മലയാള സിനിമയ്ക്ക് മാറ്റി നിര്‍ത്താനാകാത്ത സംവിധായകനായി മാറുന്നത്. ഹാസ്യത്തിലൂടെ ആളുകളെ പൊട്ടിച്ചിരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഷാഫി എന്ന സംവിധായകന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നത്. വണ്‍മാന്‍ഷോയിലെ സലീം കുമാറിന്റെ ചന്ദനത്തിരി കത്തിച്ച് നടക്കുന്ന ഭാസ്‌കരന്‍ എന്ന മാനസിക രോഗിയില്‍ നിന്ന് തുടങ്ങുന്നു ഷാഫി സൃഷ്ടിച്ച കോമഡി കഥാപാത്രങ്ങള്‍. അതേ സിനിമയിലെ ജയറാമിന്റെ രാധികേ എന്ന വിളിയും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. 'എന്നെ തല്ലാനായിട്ടാണെങ്കിലും സാറീ നിയമപുസ്തകം കൈകൊണ്ട് തൊട്ടല്ലോ' എന്ന കലാഭാവന്‍ മണിയുടെ ഡയലോഗില്‍ ചിരിക്കാത്ത മലയാളിയുണ്ടാകുമോ..


Also Read: സംവിധായകന്‍ ഷാഫി അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ സിനിമകളുടെ സംവിധായകൻ 


ആദ്യ സിനിമ കൊണ്ട് തന്നെ ഞെട്ടിച്ച ഷാഫി പിന്നീട് അങ്ങോട്ടും അത് തുടര്‍ന്നു. വണ്‍മാന്‍ ഷോയ്ക്ക് ശേഷം വന്ന കല്യാണരാമനിലെ കഥാപാത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നവയാണ്. ഇന്നസെന്റിന്റെ മിസ്റ്റര്‍ പോഞ്ഞിക്കരയും സലീം കുമാറിന്റെ പ്യാരീ ലാലുമെല്ലാം ട്രോളുകളിലും മീമുകളിലും നിറഞ്ഞാടി. 2003ല്‍ പുറത്തിറങ്ങിയ ജയസൂര്യ നായകനായ പുലിവാല്‍ കല്യാണത്തിലെ മണവാളന്‍-ധര്‍മേന്ദ്ര കോമ്പോ ആര്‍ക്കും മറക്കാനാവില്ല. മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് സലീം കുമാറിന്റെ മണവാളന്‍ ടാക്‌സി വിളിച്ചാണ് സിനിമയില്‍ വരുന്നത്. ആ ടാക്‌സി ഡ്രൈവറാണ് കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച ധര്‍മേന്ദ്ര. ചിത്രത്തിലെ ഹരിശ്രീ അശോകന്റെ കഥാപാത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാലും മലയാളികള്‍ ഇന്നും ട്രോളായും മീമായും ആഘോഷമാക്കുന്ന കോമ്പോയാണ് മണവാളനും ധര്‍മേന്ദ്രയും.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാവി. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ സലീം കുമാറിന്റെ സ്രാങ്കാണ് മറ്റൊരു ഐകോണിക് കോമഡി കഥാപാത്രം. സിനിമയില്‍ കണ്ണന്‍ സ്രാങ്കിലൂടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്. മായാവിയെ തനിക്കറിയാം എന്നും പറയുമ്പോള്‍ സ്രാങ്കിന് നാട്ടില്‍ കിട്ടുന്ന വിലയും സിനിമയില്‍ കാണിക്കുന്നുണ്ട്. നര്‍മത്തിലൂടെ മമ്മൂട്ടിയും സലീം കുമാറും ഒരുപോലെ നമ്മളെ ചിരിപ്പിച്ച സിനിമയാണ് മായാവി. ഇനിയുള്ളത് ആദ്യം പറഞ്ഞ ദശമൂലം ദാമുവാണ്. അതിനൊപ്പം തന്നെ ചട്ടമ്പിനാട്ടിലെ സലീം കുമാറിന്റെ മാക്രി ഗോപാലാനും ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു. ദശമൂലത്തിന്റെ അത്ര ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നിന്നില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രം തന്നെയാണ് മാക്രി ഗോപാലനും.



ഇതെല്ലാമാണ് ഷാഫി എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഐകോണിക് കോമഡി കഥാപാത്രങ്ങള്‍. 2000 കാലഘട്ടത്തില്‍ മലയാള സിനിമ ഭരിച്ചിരുന്ന ഹാസ്യ കഥാപാത്രങ്ങളാണിവ. ഇവരൊന്നും ഇല്ലാതെ മലയാള സിനിമയിലെ കോമഡി കഥാപാത്രങ്ങളെ പറഞ്ഞു പോകാന്‍ സാധിക്കില്ല. സമൂഹമാധ്യമങ്ങളുടെ കാലം വന്നപ്പോള്‍ പിന്നെ ഇവരെല്ലാം ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടുകയായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് സുരാജിന്റെ ദശമൂലം ദാമു തന്നെയാണ്. ദശമൂലം ദാമു എന്ന കഥാപാത്രം മലയാള സിനിമ ചരിത്രത്തിലെ കോമഡി കഥാപാത്രങ്ങളുടെ ക്ലാസിക് ഉദാഹരണമാണ്.

ദശമൂലം ദാമുവിന്റെ ജനപ്രീതി കാരണം ഷാഫിയോട് ആ കഥാപാത്രത്തെ വെച്ച് വീണ്ടും സിനിമ ചെയ്യാനായി പ്രേക്ഷകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. അത് അനുസരിച്ച് 2019ല്‍ ഷാഫി അക്കാര്യത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി സുരാജ് വെഞ്ഞാറമൂട് തന്നെ അവതരിപ്പിക്കുന്ന സിനിമ വരുമെന്ന് ഷാഫി പറഞ്ഞു. എന്നാല്‍ ആ വാക്ക് പാലിക്കാനാവാതെ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വിടവാങ്ങിയിരിക്കുകയാണ്. ഇനിയും നമ്മുടെ ഓര്‍മകളിലും ഈ കഥാപാത്രങ്ങളിലൂടെയും ഷാഫി എന്ന ഹിറ്റ് മേക്കര്‍ ഇനിയും ജീവിച്ചുകൊണ്ടിരിക്കും..

KERALA
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില കൂടും; നിരക്ക് കുറയുന്ന ബ്രാൻഡുകൾ ഇവയാണ്
Also Read
user
Share This

Popular

KERALA
KERALA
വയനാട്ടിൽ വന്യജീവി ആക്രമണങ്ങള്‍ക്കെതിരായ ദൗത്യം തുടരുമെന്ന് വനം മന്ത്രി; എല്ലാവർക്കും നന്ദിയറിയിച്ച് പഞ്ചാരക്കൊല്ലി നിവാസികൾ