രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത് എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായത് കൊണ്ടുമാണ്.
എന്‍എസ്എസ് സമദൂര നിലപാട് തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്, അതുപോലെ മറ്റു പലരും യോഗ്യരാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണെന്നും ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് മനസിലായി എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത് എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായത് കൊണ്ടുമാണ്. എസ്എന്‍ഡിപിയെ അവഗണിച്ചത് കൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു എന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി പറയുന്നത് അവരുടെ കാര്യങ്ങള്‍ ആണെന്നും അതിനു മറുപടിയില്ല എന്നും സുകുരമാന്‍ നായര്‍ പറഞ്ഞു.
മന്നം ജയന്തി പൊതു സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ഏറെ നാളത്തെ പിണക്കം മറന്ന് രമേശ് ചെന്നിത്തല പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരന്‍ ആയിട്ടല്ല. രമേശ് ചെന്നിത്തല എന്‍എസ്എസില്‍ നിന്ന് കളിച്ചു വളര്‍ന്ന കുട്ടിയാണെന്നും അന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
11 വര്‍ഷം നീണ്ട അകല്‍ച്ച അവസാനിപ്പിച്ചാണ് രമേശ് ചെന്നിത്തല ഇന്ന് എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ഉദ്ഘാടകനായി എത്തിയത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിവാദമായ താക്കോല്‍ സ്ഥാന പ്രസംഗത്തിന് ശേഷം രമേശ് ചെന്നിത്തലയും എന്‍എസ്എസും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ചയ്ക്കാണ് ഇതോടു കൂടി വിരാമമാകുന്നത്.
2013ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരെ തള്ളിപ്പറഞ്ഞിരുന്നു.