15 മാസക്കാലം നീണ്ട ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കൂടിക്കാഴ്ച.
യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിരിച്ചു. യുഎസുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഗാസയിലെ സാഹചര്യവും ബന്ദി മോചനവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. 15 മാസക്കാലം നീണ്ട ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കൂടിക്കാഴ്ച. നാളെ രണ്ടാംഘട്ട ചർച്ചകള്‍ ആരംഭിക്കും.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഒരു വിദേശ നേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിച്ച്, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൻ്റെ അടുത്ത ഘട്ടം ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. കഴിഞ്ഞ മാസമാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. പിന്നാലെ ഗാസയുടെ മേലുള്ള നിയന്ത്രണം പുനഃസ്ഥാപിച്ച ഹമാസ്, യുദ്ധം അവസാനിക്കാതെയും ഇസ്രയേൽ സേനയെ പൂർണമായും പിൻവലിക്കാതെയും രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബന്ദികളെ വിട്ടുനൽകില്ലെന്ന് പറഞ്ഞിരുന്നു.
വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടം മാർച്ച് ആദ്യം അവസാനിക്കുന്നതിന് പിന്നാലെ യുദ്ധം പുനരാരംഭിക്കുന്നതിന് തീവ്ര വലതുപക്ഷ ഭരണ പങ്കാളികൾ നെതന്യാഹുവിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഹമാസിനെ തകർക്കാനും ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയവരെയെല്ലാം തിരികെ കൊണ്ടുവരാനുമുള്ള കടമ രാജ്യത്തിനുണ്ടെന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവന. വിഷയത്തിൽ ട്രംപിൻ്റെ നിലപാട് വ്യക്തമല്ല.
ഇസ്രയേലിനെ ശക്തമായി പിന്തുണക്കുന്നുണ്ടെങ്കിൽ പോലും മിഡിൽ ഈസ്റ്റ് യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ഗാസ വെടിനിർത്തൽ കരാറിൻ്റെ ഇടനിലക്കാരനായതിൻ്റെയും ക്രെഡിറ്റ് ട്രംപ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേലിന് നൽകിയിരുന്ന ആയുധസഹായത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ എടുത്തുകളഞ്ഞിരുന്നു. 2,000 പൗണ്ട് ബോംബുകൾ ഇസ്രയേലിന് നൽകാനും ട്രംപ് ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ യുദ്ധം വീണ്ടും ആരംഭിക്കുമോ എന്ന ഭയവും ലോകരാഷ്ട്രങ്ങൾക്കുണ്ട്.
അതേസമയം ഗാസ വെടിനിർത്തൽ കരാറിലെ ഒന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ റാഫ അതിർത്തിയും തുറന്നിട്ടുണ്ട്. കാൻസർ, ഹൃദയ സംബന്ധ അസുഖങ്ങൾ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോകാനായി ലോകാരോഗ്യ സംഘടനയും സേവനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട 18 പേരാണ് ഇതുവരെ മോചിപ്പിക്കപ്പെട്ടത്. ഇതിൽ ഉൾപ്പെട്ട അഞ്ച് തായ് പൗരന്മാരെയും ഹമാസ് മോചിപ്പിച്ചു. പകരം 583 പലസ്തീൻ തടവുകാരെയാണ് ഇതുവരെ ഇസ്രയേൽ മോചിപ്പിച്ചത്.