പാർലമെൻ്റ് ഉദ്ഘാടനത്തിലും അയോധ്യ പ്രതിഷ്ഠ ചടങ്ങിലും പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയവരാണ് ബിജെപിക്കാർ എന്നും ബിനോയ് വിശ്വം പറഞ്ഞു
ബിജെപി ചാതുർവർണ്യത്തിൻ്റെ കാവൽക്കാരാണെന്നും, മോദി കാണിച്ച് കൊടുക്കുന്ന വഴിയാണ് സുരേഷ് ഗോപി പിന്തുടരുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപിയുടെ ഉന്നതകുലജാതർ പരാമർശത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. പാർലമെൻ്റ് ഉദ്ഘാടനത്തിലും അയോധ്യ പ്രതിഷ്ഠ ചടങ്ങിലും പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയവരാണ് ബിജെപിക്കാർ എന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി കാണിച്ച് തന്ന വഴിയാണ് സുരേഷ് ഗോപി പിന്തുടരുന്നത്. അവരുടെ ആശയം ആദിവാസികളെ വെറുപ്പുണ്ടാക്കുന്നവരായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് സുരേഷ് ഗോപിക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്നും സുരേഷ് ഗോപിയുടെ വാക്കുകൾ യാദൃശ്ചികമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആദിവാസി വകുപ്പിൻ്റെ ചുമതല ഉന്നതകുലജാതർ വഹിക്കണമെന്നും, ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതർ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.മുന്നോക്ക വകുപ്പുകളുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരനും മന്ത്രിയാകണം. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം.പക്ഷെ നമ്മുടെ നാട്ടിൽ അതിന് ചില ചിട്ടവട്ടങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പരമാർശം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ചു.
സുരേഷ് ഗോപി ജാത്യാഭിമാനത്തിൻ്റെ വക്താവാണെന്നും, ജീർണിച്ച മനസിൻ്റെ ഉടമയാണെന്നും എം.ബി. രാജേഷ് പ്രതികരിച്ചു.ഉയർന്ന ജാതി ചിന്ത മനസിലുള്ളത് കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ കേന്ദ്രമന്ത്രി നടത്തുന്നത്. ഇത്തരത്തിലുള്ള നിലവാരമില്ലാത്ത പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. പ്രസ്താവന പിൻവലിച്ചാലും, ഇല്ലെങ്കിലും അദ്ദേഹത്തിൻറെ മനസ്സിലുള്ളതാണ് പുറത്തുവന്നത്. ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഃഖമുള്ള ആളാണ് സുരേഷ് ഗോപിയെന്നും എം. ബി. രാജേഷ് വിമർശിച്ചു.
ALSO READ: സുരേഷ് ഗോപി ജാത്യാഭിമാനത്തിൻ്റെ വക്താവ്; ജീർണിച്ച മനസിൻ്റെ ഉടമ: എം.ബി. രാജേഷ്
കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ജോർജ് കുര്യൻ്റെ പ്രസ്താവനയ്ക്കും ബിനോയ് വിശ്വം മറുപടി പറഞ്ഞു. കേരളം പിന്നോക്കം ആണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ പരിഗണിക്കാമെന്നും റോഡില്ല, വിദ്യാഭ്യാസമില്ല, എന്നു പറഞ്ഞാൽ പദ്ധതികൾ നൽകാമെന്നുമായിരുന്നു ജോർജ് കുര്യൻ്റെ പ്രസ്താവന. പിന്നോക്കമാണെന്ന് സമ്മതിച്ചാൽ സഹായം നൽകാമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. എന്നാൽ കേരളം പറയുന്നു അങ്ങിനെ പറയാൻ മനസില്ലെന്ന്. ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത മന്ത്രിമാർ ഓരോന്ന് ജല്പിക്കുകയാണ്. ബിജെപിയുടെ യഥാർഥമുഖം കേരളം തിരിച്ചറിയുന്നുവെന്നും, കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ നാളെ സിപിഐയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.