വിമാനത്തിലുണ്ടായിരുന്ന രോഗിയായ കുഞ്ഞും അമ്മയും കൂടാതെ ഡോക്ടർ, പാരാമെഡിക്, പൈലറ്റ്, കോ- പൈലറ്റ് എന്നിവർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു
അമേരിക്കയിലെ ഫിലാഡൽഫിയിലുണ്ടായ വിമാനാപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും, താഴെ നിരത്തിൽ കാറിൽ സഞ്ചരിച്ചിരുന്നയാളുമാണ് കൊല്ലപ്പെട്ടെന്ന് മേയർ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്തിൽ രോഗിയായ കുഞ്ഞും അമ്മയും കൂടാതെ ഡോക്ടർ, പാരാമെഡിക്, പൈലറ്റ്, കോ- പൈലറ്റ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
മെഡിക്കൽ ആവശ്യത്തിനായി ഉപയോഗിച്ച, ലിയോജെറ്റ് 55 വിഭാഗത്തില്‍പ്പെടുന്ന ചെറുവിമാനമാണ് ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. അസുഖബാധിതയായ കുഞ്ഞിനെ തുടർ ചികിത്സക്കായി മെക്സിക്കോയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടം. അതേസമയം വിമാനം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ല.
ALSO READ: ഫിലാഡൽഫിയയിലെ വിമാനപകടം: രോഗിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചു
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമെ സ്ഥലത്തുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റിരുന്നു. ഇവരിൽ മൂന്ന് പേരെ ചികിത്സ നൽകി വിട്ടയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും, മറ്റ് മൂന്ന് പേരുടെ ആരോഗ്യനിലയുടെ കാര്യത്തിൽ വ്യക്തതയില്ല.
വിമാനം തകർന്നു വീണ സ്ഥലത്തുണ്ടായിരുന്ന നിരവധി വീടുകളും കാറുകളും കത്തി നശിച്ചിരുന്നു. അതേസമയം, ജനുവരി 30ന് വാഷിങ്ടൺ വിമാനത്താവളത്തിന് സമീപം യാത്ര വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരിച്ചിരുന്നു.