ഇത്തരത്തിലുള്ള നിലവാരമില്ലാത്ത പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി
സുരേഷ് ഗോപിയുടെ ഉന്നതകുലജാതർ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി എം. ബി. രാജേഷ്. സുരേഷ് ഗോപി ജാത്യാഭിമാനത്തിൻ്റെ വക്താവാണെന്നും, ജീർണിച്ച മനസിൻ്റെ ഉടമയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഉയർന്ന ജാതി ചിന്ത മനസിലുള്ളത് കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ കേന്ദ്രമന്ത്രി നടത്തുന്നത്.
ഇത്തരത്തിലുള്ള നിലവാരമില്ലാത്ത പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. പ്രസ്താവന പിൻവലിച്ചാലും, ഇല്ലെങ്കിലും അദ്ദേഹത്തിൻറെ മനസ്സിലുള്ളതാണ് പുറത്തുവന്നത്. ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഃഖമുള്ള ആളാണ് സുരേഷ് ഗോപിയെന്നും എം. ബി. രാജേഷ് വിമർശിച്ചു.
ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുല ജാതർ വഹിക്കണമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതർ മന്ത്രിയാകണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മുന്നോക്ക വകുപ്പുകളുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരനും മന്ത്രിയാകണം. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. ട്രൈബൽ വകുപ്പ് കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്നും പറഞ്ഞ സുരേഷ് ഗോപി പക്ഷെ നമ്മുടെ നാട്ടിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും വിമർശിച്ചിരുന്നു.
പരാമർശം വിവാദത്തിലേക്ക് വഴിവെച്ചതിന് പിന്നാലെ താൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവനയും വിശദീകരണവും പിൻവലിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞത്. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും താൻ സമൂഹത്തിൻ്റെ താഴേക്കിടയിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണെന്നും സുരേഷ് ഗോപി പറഞ്ഞു.