എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞത്. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു
ആദിവാസി വകുപ്പിൻ്റെ ചുമതല ഉന്നതകുലജാതർ വഹിക്കണമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. "ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവനയും വിശദീകരണവും പിൻവലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞത്. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. താൻ സമൂഹത്തിൻ്റെ താഴേക്കിടയിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ്", സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പിൻ്റെ ചുമതല ഉന്നതകുലജാതർ വഹിക്കണമെന്നും, ഗോത്ര വിഭാഗത്തിൻ്റെ ഉന്നമനത്തിന് ഉന്നതകുലജാതർ മന്ത്രിയാകണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മുന്നോക്ക വകുപ്പുകളുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരനും മന്ത്രിയാകണം. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. പക്ഷെ നമ്മുടെ നാട്ടിൽ അതിന് ചില ചിട്ടവട്ടങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
"2016ൽ എംപി ആയ കാലഘട്ടം മുതൽ ഞാൻ മോദിജിയോട് ആവശ്യപ്പെടുന്നുണ്ട്. എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട. എനിക്ക് ട്രൈബൽ തരൂവെന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ഒരു ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാളാവില്ല. എന്റെ, ആഗ്രഹമാണ്, എൻ്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിനു വേണ്ടി ട്രൈബൽ മന്ത്രിയാകണം. ഒരു ട്രൈബൽ മന്ത്രിയാകാനുണ്ടെങ്കിൽ. അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഒക്കെ ഉന്നമനത്തിന്റെ മന്ത്രിയാക്കണം. ഈ പരിവർത്തനം ഉണ്ടാകണം നമ്മുടെ ജനാധിപത്യ സമൂഹത്തിൽ", സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ നോക്കട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.