കേരളത്തെ 'എൻ്റെ സംസ്ഥാനം' എന്ന് വിശേഷിപ്പിച്ച ഗവർണർ, രാജ്യത്ത് ഏറ്റവുമധികം സാക്ഷരത സംസ്ഥാനത്തിനാണെന്നും കൂട്ടിച്ചേർത്തു
റിപ്പബ്ലിക് ദിന സന്ദേശത്തിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. പിണറായി വിജയൻ വികസന കാഴ്ചപ്പാടുള്ള നേതാവാണെന്ന് പറഞ്ഞ ഗവർണർ, മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും അഭിപ്രായപ്പെട്ടു. പല മേഖലകളിലും ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ ആശയമാണ് വികസിത് ഭാരതമെന്നും വികസിത കേരളമില്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചു. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണെന്നായിരുന്നു ഗവർണറുടെ പ്രസ്താവന. നമ്മളെല്ലാം മനുഷ്യരാണ്, ആർട്ടിഫിഷ്യൽ അല്ല. എന്നാൽ മുഖ്യമന്ത്രിയും താനും ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണെന്നും ഗവർണർ പറഞ്ഞു.
കേരളത്തെ 'എൻ്റെ സംസ്ഥാനം' എന്ന് വിശേഷിപ്പിച്ച ഗവർണർ, രാജ്യത്ത് ഏറ്റവുമധികം സാക്ഷരത സംസ്ഥാനത്തിനാണെന്നും കൂട്ടിച്ചേർത്തു. ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്, മലയാളികൾ സിംഹങ്ങളും. ഒരുപാട് മുന്നേറിയ കേരളം, ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.