ബന്ദികളോട് ഹമാസ് ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ചു കൊണ്ടാണ് ഇസ്രയേൽ ബന്ദി കൈമാറ്റം വൈകിപ്പിച്ചത്
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി നാല് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൂടി ഹമാസ് കൈമാറിയതിനെ തുടർന്ന് 600 ലധികം പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിലെ കൈമാറ്റത്തിൻ്റെ ഭാഗമായി ബന്ദികളായ നാല് പേരുടെ മൃതദേഹം കൈമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേൽ ബന്ദികളെ കൈമാറിയത്. ഹമാസ് കൈമാറിയവരുടെ കൂട്ടത്തിൽ 9 മാസവും നാല് വയസും പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹവും ഉൾപ്പെട്ടിരുന്നു. ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. രണ്ടാം ബന്ദിമോചന ചർച്ചകൾ ആരംഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്ന ഘട്ടത്തിലാണ് മൃതദേഹം കൈമാറാനുള്ള നീക്കം ഹമാസ് നടത്തിയത്.
പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് കൈമാറിയ നാല് ബന്ദികളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള ഫോറൻസിക് പരിശോധനകൾ ഇസ്രയേൽ പൂർത്തിയാക്കി. 86 വയസുള്ള ഷ്ലോമോ മൻസൂർ, 50 വയസ്സുള്ള ഒഹാദ് യഹലോമി, 50 വയസ്സുള്ള സാച്ചി ഇദാൻ, 69 വയസ്സുള്ള ഇറ്റ്സിക് എൽഗരത്ത് എന്നിവരുടെ മൃതദേഹങ്ങൾ അവയിൽ ഉണ്ടെന്നാണ് സൂചന.
അതേസമയം കൈമാറിയ 4 മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിയാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഹമാസ് നടത്തിയത് കരാര്‍ ലംഘനമാണെന്ന് ഇസ്രയേല്‍ കൂട്ടിച്ചേർത്തു. കൈമാറിയതിൽ ഒന്ന് ബന്ദികളിൽ ഒരാളായ ഷിരി ബിബാസിൻ്റെതാണെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെയാണ് മൃതശരീരം ഷിരി ബിബാസിൻ്റെതല്ലെന്ന് മനസിലായത്. ഇസ്രയേൽ ഈ വിവരം പുറത്തുവിട്ടതിൻ്റെ പിന്നാലെ ഷിരി ബിബാസിന്റെ മൃതദേഹ ഭാഗങ്ങള്‍ മറ്റ് ശരീരാവശിഷ്ടങ്ങളുമായി കൂടിക്കലർന്നെന്നാണ് ഹമാസ് നൽകിയ വിശദീകരണം.
ബന്ദികളുടെ മൃതദേഹങ്ങളില്‍ കുട്ടികളായ ക്ഫിറിനെയും ഏരിയലിനെയും ഹമാസ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു. പത്ത് മാസം പ്രായമുള്ള ക്ഫിറിനെയും നാല് വയസുള്ള ഏരിയലിനെയും വെടിവെച്ചല്ല കൊലപ്പെടുത്തിയതെന്നും, നഗ്നമായ കൈകള്‍ കൊണ്ട് ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും ഐഡിഎഫ് ആരോപണം ഉന്നയിച്ചു.
ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ബന്ദികളോട് ഹമാസ് ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ചു കൊണ്ടാണ് ഇസ്രയേൽ കൈമാറ്റം വൈകിപ്പിച്ചത്. ഗാസയിലെ ഏഴാം ഘട്ട വെടിനിർത്തലിൽ ആകെ 642 തടവുകാരെ ഒറ്റരാത്രികൊണ്ട് വിട്ടയച്ചതായി ഫലസ്തീൻ പ്രിസണേഴ്‌സ് ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.