സങ്കടകരമായ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അവയ്ക്ക് പരിഹാരം ഉണ്ടാക്കാൻ വീടുകളും സ്കൂളുകളും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നും കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വക്കറ്റ് മനോജ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചകഴിഞ്ഞ് സംഭവസ്ഥലവും വിദ്യാർഥിയുടെ വീടും നേരിട്ടെത്തി സന്ദർശിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
സങ്കടകരമായ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അവയ്ക്ക് പരിഹാരം ഉണ്ടാക്കാൻ വീടുകളും സ്കൂളുകളും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നും കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കും ഷഹബാസിൻ്റെ മരണത്തിലേക്കും എത്തിച്ചത്. ആക്രമണത്തിന് നേതൃത്വം കൊടുത്ത അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ALSO READ: ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്
ഫെയർവെൽ പാർട്ടിയിൽ കപ്പിൾ ഡാൻസിനിടെ പാട്ട് നിലച്ചുപോകുകയും വിദ്യാർഥികൾ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കുകയും ചെയ്തു. ഈ പക മനസിൽ വച്ച് കൊണ്ടാണ് ആക്രമികൾ ഷഹബാസിനെ സംഘം ചേർന്ന് മർദിച്ചത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഷഹബാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും,പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്.
ALSO READ: താമരശേരിയിൽ മർദനമേറ്റ് വിദ്യാർഥിയുടെ മരണം: ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസമന്ത്രി
കടയിൽ പോവുകയായിരുന്ന ഷഹബാസിനെ സുഹൃത്തുക്കൾ ചേർന്നാണ് താമരശേരിയിലെ ട്രൈസ് ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചു കൊണ്ടുപോയത്. അവിടെ വച്ചുണ്ടായ വാക്കുതർക്കവും, സംഘർഷവുമാണ് മംരണത്തിനിടയാക്കിയത്. സംഘർഷത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും ഇല്ലാത്തതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളൊന്നും കാര്യമാക്കിയില്ല. എന്നാൽ തലയ്ക്കേറ്റ പരിക്ക് തലച്ചോറിനെ ബാധിക്കുന്ന വിധത്തിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ 70 ശതമാനവും പ്രതീക്ഷയ്ക്ക് വകയില്ലെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്.
മരണത്തിന് പിന്നാലെ അക്രമത്തിന് കാരണക്കാരായ വിദ്യാർഥികൾ നടത്തിയ ഇൻസ്റ്റഗ്രാം സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലാൻ വേണ്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുട സംഭാഷണത്തിൽ നിന്നും ലഭിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല'യെന്നാണ് കൂട്ടത്തിലെ ഒരു വിദ്യാർഥി പറഞ്ഞത്. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാർഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്. അവൻ ഇങ്ങോട്ടാണ് വന്നത് കേസൊന്നും എടുക്കില്ലെന്നും, രണ്ട് ദിവസം കഴിയട്ടെയെന്നും വിദ്യാർഥികൾ പറയുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ സെർച്ച് ചെയ്യുന്ന കാര്യങ്ങളും ഇത്തരത്തിലൊരു അപകടം ഉണ്ടായാൽ അതിൻ്റെ നിയമവശങ്ങൾ എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരത്തിലൊരു ആക്രമത്തിന് ആസൂത്രണം ചെയ്തത്.
ഷഹബാസിനെ മർദിച്ചത് നഞ്ചക്ക് ഉപയോഗിച്ചാണ് മർദിച്ചതെന്ന് കൂട്ടത്തിലൊരു വിദ്യാർഥിയുടെ സന്ദേശം പുറത്തുവന്നു. തനിക്ക് ഷഹബാസിനെ കാര്യമായി മർദിക്കാൻ പറ്റിയില്ലെന്നും അജ്‌നാസ് ബാബുവിൻ്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. ഷഹബാസിന് തല്ലാൻ അറിയില്ല. താൻ തൊട്ടപ്പോഴേക്കും അവൻ തളർന്നു പോയെന്നും സന്ദേശത്തിലുണ്ട്. കണ്ണിന് നാല് കുത്ത് കൊടുത്തപ്പോഴേക്കും ഷഹബാസ് ഇല്ലാതായെന്നും അജ്നാസ് ബാബു സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിലുണ്ട്. താമരശേരിയിലെ വാടക വീട്ടിലെത്തിച്ച ശേഷം ഷഹബാസിൻ്റെ മൃതദേഹം തറവാട് വീട്ടിൽ എത്തിക്കും. കെടവൂർ മദ്രസയിലെ പൊതുദർശനത്തിന് ശേഷം കെടവൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.