സമൂഹം ഗൗരവമായി ചിന്തിക്കണം. സംഘര്‍ഷങ്ങള്‍ മറ്റൊരു തലത്തിലേക്ക് മാറുകയാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
സമൂഹത്തില്‍ വയലന്‍സ് കൂടുന്നതായി മന്ത്രി എം.ബി. രാജേഷ്. താമരശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സമൂഹം ഗൗരവമായി ചിന്തിക്കണം. സംഘര്‍ഷങ്ങള്‍ മറ്റൊരു തലത്തിലേക്ക് മാറുകയാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷം രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ലഹരിക്കേസില്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് കേരളം. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ശൂന്യതയും ലഹരി ഉപയോഗത്തിന് കാരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലേക്കെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. നമ്മള്‍ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നും ഉറവിടം തേടി ആന്‍ഡമാനിലെത്തിയില്ലേ? ആന്‍ഡമാനില്‍ കേരള എക്‌സൈസ് പോയിട്ടല്ലേ 100 കോടിയുടെ ബങ്കറിലൊളിപ്പിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതും നശിപ്പിച്ചതും. ഇന്ന് രാവിലെ പിടിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: താമരശേരിയിൽ മർദനമേറ്റ് വിദ്യാർഥിയുടെ മരണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇത് അസംബ്ലിയില്‍ പറഞ്ഞ കാര്യമാണ്. കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടതാണ്. എങ്കിലും ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. കേരളത്തില്‍ ഇതിനെതിരെ ഒരുപാട് നടപടികള്‍ നടത്തുന്നതുകൊണ്ട് തന്നെയാണ് ഒരുപാട് അറസ്റ്റ് നടക്കുന്ന സംസ്ഥാനമായി ഇത് മാറിയത്. ഏറ്റവും കൂടുതല്‍ ശിക്ഷാ നിരക്കുള്ള സംസ്ഥാനമായി ഇത് മാറിയതെന്നും രാജേഷ് പറഞ്ഞു.
താമരശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളുടെ മര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഷഹബാസ് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. ഷഹബാസിനെ കൊല്ലണമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.
ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ കപ്പിള്‍ ഡാന്‍സിനിടെ പാട്ട് നിലച്ചുപോകുകയും വിദ്യാര്‍ഥികള്‍ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കുകയും ചെയ്തു. ഈ പക മനസില്‍ വച്ച് കൊണ്ടാണ് ആക്രമികള്‍ ഷഹബാസിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛര്‍ദിയെത്തുടര്‍ന്ന് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിന്നീട് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്.
ALSO READ: താമരശേരിയിൽ മർദനമേറ്റ് വിദ്യാർഥിയുടെ മരണം: ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസമന്ത്രി
കടയില്‍ പോവുകയായിരുന്ന ഷഹബാസിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് താമരശേരിയിലെ ട്രൈസ് ട്യൂഷന്‍ സെന്ററിലേക്ക് വിളിച്ചു കൊണ്ടുപോയത്. അവിടെ വച്ചുണ്ടായ വാക്കുതര്‍ക്കവും, സംഘര്‍ഷവുമാണ് മംരണത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളൊന്നും കാര്യമാക്കിയില്ല. എന്നാല്‍ തലയ്‌ക്കേറ്റ പരിക്ക് തലച്ചോറിനെ ബാധിക്കുന്ന വിധത്തിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ 70 ശതമാനവും പ്രതീക്ഷയ്ക്ക് വകയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.
മരണത്തിന് പിന്നാലെ അക്രമത്തിന് കാരണക്കാരായ വിദ്യാര്‍ഥികള്‍ നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. കൊല്ലാന്‍ വേണ്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുട സംഭാഷണത്തില്‍ നിന്നും ലഭിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും, ഓന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല'യെന്നാണ് കൂട്ടത്തിലെ ഒരു വിദ്യാര്‍ഥി പറഞ്ഞത്. കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്. അവന്‍ ഇങ്ങോട്ടാണ് വന്നത് കേസൊന്നും എടുക്കില്ലെന്നും, രണ്ട് ദിവസം കഴിയട്ടെയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളും ഇത്തരത്തിലൊരു അപകടം ഉണ്ടായാല്‍ അതിന്റെ നിയമവശങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരത്തിലൊരു ആക്രമത്തിന് ആസൂത്രണം ചെയ്തത്.
ഷഹബാസിനെ മര്‍ദിച്ചത് നഞ്ചക്ക് ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് കൂട്ടത്തിലൊരു വിദ്യാര്‍ഥിയുടെ സന്ദേശം പുറത്തുവന്നു. തനിക്ക് ഷഹബാസിനെ കാര്യമായി മര്‍ദിക്കാന്‍ പറ്റിയില്ലെന്നും അജ്നാസ് ബാബുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഷഹബാസിന് തല്ലാന്‍ അറിയില്ല. താന്‍ തൊട്ടപ്പോഴേക്കും അവന്‍ തളര്‍ന്നു പോയെന്നും സന്ദേശത്തിലുണ്ട്. കണ്ണിന് നാല് കുത്ത് കൊടുത്തപ്പോഴേക്കും ഷഹബാസ് ഇല്ലാതായെന്നും അജ്‌നാസ് ബാബു സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലുണ്ട്. താമരശേരിയിലെ വാടക വീട്ടിലെത്തിച്ച ശേഷം ഷഹബാസിന്റെ മൃതദേഹം തറവാട് വീട്ടില്‍ എത്തിക്കും. കെടവൂര്‍ മദ്രസയിലെ പൊതുദര്‍ശനത്തിന് ശേഷം കെടവൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.