വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഇല്ലാതെയായിരുന്നു ചർച്ച
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലന്‍സ്കിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് നാടകീയ അന്ത്യം. കൂടിക്കാഴ്ച ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ നേതാക്കള്‍ തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഇല്ലാതെയായിരുന്നു ചർച്ച. വൈസ് പ്രസിഡന്റും യുക്രെയ്ന്റെ രൂക്ഷ വിമർശകനുമായ ജെ.ഡി. വാൻസുമാണ് വിദേശകാര്യ സെക്രട്ടറിക്ക് പകരമുണ്ടായിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളും വൈറ്റ് ഹൗസിൽ എത്തിയിരുന്നു.
റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷയും ഉറപ്പ് നൽകണമെന്ന സെലന്‍സ്കിയുടെ അഭ്യർഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പുടിനോട് അമേരിക്ക സന്ധിചെയ്യരുതെന്നും സെലന്‍സ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന ജെ.ഡി. വാൻസിൻ്റെ പ്രസ്താവനയിൽ എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ച് ചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചുവെന്നും പറഞ്ഞതോടെ വാന്‍സ് ക്ഷുഭിതനായി.
ALSO READ: മാർപ്പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക; ശക്തമായ ശ്വാസതടസ്സം
മൂന്നാം ലോക മഹായുദ്ധത്തിനാണോ ശ്രമിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് സെലന്‍സ്കിയോട് ട്രംപ് ചോദിച്ചത്. സെലന്‍സ്കിക്ക് യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമില്ലെന്നും, അമേരിക്കയോട് അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്‍റ് ആരോപിച്ചു. ഔപചാരിക ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സമാധാനം ആവശ്യമെന്നുതോന്നിയാൽ സെലെൻസ്‌കിക്ക് മടങ്ങിവരാമെന്നും ട്രംപ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ സംയുക്ത വാർത്താസമ്മേളനം വെെറ്റ് ഹൗസ് റദ്ദാക്കി.
അതേസമയം, വൈറ്റ് ഹൗസിന് പുറത്തിറങ്ങിയ സെലന്‍സ്കി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എക്സിലൂടെയാണ് സെലന്‍സ്കി ട്രംപിന് നന്ദി അറിയിച്ചത്. യുക്രെയ്നെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഒരു ചർച്ചയായിരുന്നു ഇത്. ഇതോടെ തുലാസിലായത് സൗദിയിൽവെച്ച് യുഎസും റഷ്യയും ചേർന്ന് പ്രഖ്യാപിച്ച യുക്രെയ്ൻ സമാധാനശ്രമങ്ങളുടെ ഭാവിയാണ്.