മൺറോത്തുരുത്ത് സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. സുരേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു
കൊല്ലപ്പെട്ട സുരേഷ്, പ്രതി അമ്പാടി
കൊല്ലം മൺറോത്തുരുത്തിൽ മദ്യലഹരിയിൽ അരുംകൊല. 42കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോത്തുരുത്ത് സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. 19 കാരനായ അമ്പാടിയാണ് പ്രതി. അമ്പാടി ലഹരിക്കടിമയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതിയെ പൊലീസ് പിടികൂടി.
വൈകീട്ട് 10 മണിയോടെയാണ് സംഭവമുണ്ടാകുന്നത്. പടിഞ്ഞാറെ കല്ലട കല്ലുമൂട്ടിൽ ചെമ്പകതുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് സംഭവം. ഉത്സവത്തിലെ പറയെടുപ്പിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ അമ്പാടിയെ നാട്ടുകാരെത്തി സ്ഥലത്തുനിന്നും മാറ്റിയിരുന്നു.
പിന്നീട് ഇയാൾ സമീപത്തുള്ള റെയിൽവേ ട്രാക്കിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരെത്തി ഇയാളെ പിന്തിരിപ്പിച്ചു. സുരേഷും സുഹൃത്തുക്കളും ചേർന്നാണ് അമ്പാടിയെ വീട്ടിലെത്തിച്ചത്.
വീട്ടിലെത്തിയ ഉടൻ തന്നെ അമ്പാടി വെട്ടുകത്തിയുമായെത്തി സുരേഷിനെ വെട്ടുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. സുരേഷിൻ്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.