ഗുരുതര മർദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. ചുങ്കം പാലോറക്കുന്ന് സ്വദേശിയാണ് മുഹമ്മദ് ഷഹബാസ്. ഇന്നലെ രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതര മർദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഷഹബാസിൻ്റെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഷഹബാസ് മരിച്ചതിന് പിന്നാലെ വിദ്യാർഥികൾ തമ്മിലുള്ള ഞെട്ടിക്കുന്ന വാട്സാപ് സന്ദേശം പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല, എന്നും വിദ്യാർഥികൾ നടത്തിയ കൊലവിളി സന്ദേശത്തിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാർഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്.
അവൻ ഇങ്ങോട്ടാണ് വന്നത് കേസൊന്നും എടുക്കില്ലെന്നും, രണ്ട് ദിവസം കഴിയട്ടെയെന്നും വിദ്യാർഥികൾ പറയുന്നു.ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഷഹബാസ് ട്യൂഷൻ സെൻ്ററിലെ വിദ്യാർഥിയല്ല.സുഹൃത്തുക്കൾ ചേർന്ന് ഷഹബാസിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.