ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വീടുകയറി ആക്രമിച്ചശേഷം, ഹംദാനെ സേനയ്ക്ക് കൈമാറുകയായിരുന്നു. എന്താണ് ഹംദാന്‍ ചെയ്ത കുറ്റം എന്ന് പറയുന്നില്ല..
ഇവിടം വിട്ട് വേഗം പോകണം... എല്ലാം ഇടിച്ചുനിരത്താന്‍ പോകുകയാണ്... പൂര്‍വികര്‍ മുതല്‍ താമസിച്ചുവന്നിരുന്ന ഇടത്തേക്ക് ഇരച്ചെത്തുന്ന ഇസ്രയേല്‍ സേന അധികാര സ്വരത്തില്‍ വിളിച്ചുപറയുന്നു. അവര്‍ക്കു മുന്നിലേക്ക് ഒരു വയോധിക വന്ന് നില്‍ക്കുന്നു. ഇതാണ് ഞങ്ങളുടെ മണ്ണ്. വേറെ എവിടേക്കാണ് ഞങ്ങള്‍ പോകേണ്ടത്? ഞങ്ങള്‍ക്ക് മറ്റൊരു സ്ഥലമില്ല? അധികാരഹുങ്കിനെ തെല്ലും വകവയ്ക്കാതെയുള്ള പ്രതിരോധം. ഇക്കുറി മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കര്‍ പുരസ്കാരം നേടിയ നോ അദര്‍ ലാന്‍ഡിലെ ഒരു രംഗമാണിത്. പല കാലങ്ങളായി, പല തലമുറ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. അത് പലരെയും അലോസരപ്പെടുത്തുന്നുണ്ട്, പ്രത്യേകിച്ച് ഇസ്രയേലിനെ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരില്‍ ഒരാളായ ഹംദാന്‍ ബല്ലാലിന്റെ അന്യായമായ അറസ്റ്റ്.
വെസ്റ്റ് ബാങ്കിലെ, മസഫർ യാത്തയിലെ ജനങ്ങളുടെ അനുഭവങ്ങളാണ് നോ അദർ ലാൻഡ്. പലസ്തീനികളായ ഹംദാന്‍ ബല്ലാല്‍, ബാസല്‍ അദ്ര, ഇസ്രയേലികളായ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി സത്യത്തിന്റെ നേര്‍സാക്ഷ്യമാണ്. പതിറ്റാണ്ടുകളായി പലസ്തീന്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന, ആസൂത്രിത ആക്രമണത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും നേര്‍ചിത്രങ്ങള്‍. ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ പതിവുകളെല്ലാം മാറ്റിനിര്‍ത്തിയുള്ളതാണ് നോ അദര്‍ ലാന്‍ഡിന്റെ ദൃശ്യഭാഷ. അനുഭവങ്ങള്‍ അങ്ങനെ തന്നെയാണ് ഡോക്യുമെന്ററിയില്‍ ഇടം പിടിച്ചിരിക്കുന്നത്. അതില്‍ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ല. ചിലപ്പോഴൊക്കെ ദൃശ്യങ്ങള്‍ പോലും വ്യക്തമാകില്ല. പ്രാണ രക്ഷാര്‍ത്ഥം ഓടുമ്പോഴും, ഇസ്രയേല്‍ സേനയുടെ കൈയില്‍ പെടാതിരിക്കാന്‍ മറഞ്ഞിരിക്കുമ്പോഴും ആ ദൃശ്യങ്ങള്‍ ഷേക്കാകുന്നുണ്ട്. സേനയുടെ കാര്‍ക്കശ്യത്തിനുനേരെ വിരല്‍ ചൂണ്ടി നില്‍ക്കുമ്പോള്‍, അവര്‍ ആക്രമിച്ച് താഴെയിടുമ്പോള്‍, ആകാശമോ, കാല്‍ച്ചുവട്ടിലോ മണ്ണോ മാത്രമാകും കാണാനാകുക. ചിലപ്പോഴത് ദീര്‍ഘനിശ്വാസമോ, വേഗത്തില്‍ ഓടുമ്പോഴുള്ള കിതപ്പിന്റെ ശബ്ദമോ ആയി മാത്രം മാറുന്നു.
ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ ബാസല്‍ ഇങ്ങനെ പറയുന്നു. ഞാന്‍ ബാസല്‍ അദ്ര. പകല്‍ ആടുമേയ്ക്കുന്നു. നിയമബിരുദമുണ്ട്. പക്ഷേ, നിയമവാഴ്ചയില്ലാത്തിടത്ത് ഞാന്‍ ആടുമേയ്ക്കാനല്ലാതെ എന്ത് ചെയ്യാന്‍. പലസ്തീന്‍ ഗ്രാമങ്ങളില്‍, ഇസ്രയേല്‍ കുടിയേറ്റക്കാരും സൈന്യവും തുടരുന്ന ആസൂത്രിത അക്രമങ്ങളാണ് മസഫർ യാത്തയുടെ കഥയിലൂടെ പുറംലോകം കണ്ടത്. 2019 മുതല്‍ 2023 വരെ കാലയളവില്‍, പലപ്പോഴായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഞങ്ങളുടെ ജീവിതം അവസാ
നിക്കാറായപ്പോള്‍ ഞാന്‍ ഇതെല്ലാം ചിത്രീകരിക്കാന്‍ തുടങ്ങി എന്നാണ് ബാസല്‍ പറയുന്നത്. അങ്ങനെയാണ് പ്രതിഷേധങ്ങള്‍, കുടിയൊഴിപ്പിക്കലുകള്‍, ആളുകള്‍ വെടിയേല്‍ക്കുന്നതും തുടങ്ങി ബുള്‍ഡോസറുകള്‍ വീടുകള്‍ തൂത്തെറിയുന്നതുവരെ ഡോക്യുമെന്ററിയാകുന്നത്. കുഴല്‍ക്കിണര്‍ വെള്ളം ലഭിക്കുന്ന പൈപ്പ് വരെ തകര്‍ക്കപ്പെടുന്നുണ്ട്. 2022ലാണ് ഇസ്രയേല്‍ സുപ്രീം കോടതി മുസഫര്‍ യാത്തയുടെ നിയന്ത്രണം ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് കൈമാറിക്കൊണ്ട് ഉത്തരവിടുന്നത്. അങ്ങനെയാണ്, സൈനിക ക്യാംപിനായി പലസ്തീനികളുടെ വീടുകള്‍ അപ്പാടെ പൊളിച്ചുനീക്കുന്നത്. ഇടിഞ്ഞുവീണ വീടുകളുടെ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി മറ്റൊരു മേല്‍ക്കൂര തീര്‍ക്കുന്നതും, വലിയ ഗുഹങ്ങളിലേക്ക് ജീവിതം പറിച്ചുനടപ്പെടുന്നവരെയും ഡോക്യുമെന്ററിയില്‍ കാണാം.
ALSO READ: ഓസ്‌കാര്‍ ജേതാവായ പലസ്തീന്‍ സംവിധായകനു നേരെ ആക്രമണം; ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു
ഇത്തരത്തില്‍, 1967നുശേഷം ഇസ്രയേല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലിനെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഇസ്രയേല്‍ നടത്തുന്ന സകല ക്രൂരതകള്‍ക്കും, 2023ലെ ഒക്ടോബര്‍ ആക്രമണത്തിന്റെ കഥ പറയുന്നവര്‍ക്കു മുന്നിലേക്ക്, കുട്ടിക്കാലത്ത് പിതാവിനൊപ്പം യാത്ര പോകുന്നതിന്റെ ദൃശ്യങ്ങളാണ് ബാസല്‍ ഉത്തരമായി വയ്ക്കുന്നത്. സ്വാതന്ത്ര്യത്തോടെ, യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുന്നൊരു കാലം. എന്നാലിന്ന് അത്തരം യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. വാഹനങ്ങള്‍ക്ക് രണ്ട് നിറത്തില്‍ നമ്പര്‍ പ്ലേറ്റ്. ഇസ്രയേല്‍ വാഹനങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാം. പക്ഷേ, പലസ്തീനികള്‍ക്ക് സ്വന്തം മണ്ണില്‍ യാത്ര ചെയ്യാന്‍ കുടിയേറ്റ ഇസ്രയേല്‍ സേനയുടെ പെര്‍മിറ്റ് വേണം. യാത്രയിലും സൈനികരുമായുള്ള കൊമ്പുകോര്‍ക്കലിലും ബാസലിനും, ഇസ്രയേല്‍ ഫോട്ടോ ജേണലിസ്റ്റായ യുവാലിനും നേരിടുന്നതും രണ്ടുതരം അനുഭവങ്ങളാണ്. അതും ചിത്രത്തില്‍ വ്യക്തമാണ്. ജൂത സമൂഹത്തിനോ, ഇസ്രയേല്‍ ജനതയ്ക്കോ എതിരല്ല നോ അദര്‍ ലാന്‍ഡ്. ഇസ്രയേല്‍ ഭരണകൂടത്തിന്റെ ചെയ്തികളെയും, അവര്‍ക്ക് ഒത്താശ ചെയ്യുന്ന പാശ്ചാത്യ സഖ്യകക്ഷികളുടെ ഇരട്ടത്താപ്പിനെയുമാണ് നോ അദര്‍ ലാന്‍ഡ് തുറന്നുകാണിക്കുന്നത്. അധിനിവേശത്തിനപ്പുറം, വംശീയ അതിക്രമത്തിനും ഉന്മൂലനത്തിനുമാണ് തങ്ങള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ ഉറക്കെപ്പറയുന്നു. അത് തന്നെയാണ് ഏവരെയും ഇപ്പോഴും അലോസരപ്പെടുത്തുന്നത്.
നോ അദര്‍ ലാന്‍ഡിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതിയ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കുറച്ചുകൂടി കൃത്യത ലഭിക്കും. ജെനസൈഡ് എന്ന വാക്ക് ബിബിസി, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങളില്‍ വരാറില്ല. അതുകൊണ്ടാണ് വാര്‍ത്തകളില്‍ ഇസ്രയേലി ബന്ദികളും പലസ്തീന്‍ തടവുകാരുമായി നിറഞ്ഞുനില്‍ക്കുന്നത്. ഒരിക്കലെപ്പോഴോ, ഇസ്രയേലി തടവുകാര്‍ എന്നെഴുതിയ ബിബിസി, പ്രയോഗം പിന്‍വലിച്ച് മാപ്പ് പറഞ്ഞതും ചരിത്രം. ഓസ്കാര്‍ പുരസ്കാര വേദിയില്‍ വംശീയവെറിയെക്കുറിച്ചും ഉന്മൂലനത്തെക്കുറിച്ചുമൊക്കെ സംവിധായകരായ ബാസലും യുവാലും സംസാരിച്ചിരുന്നു. പക്ഷേ, പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അതൊന്നും വാര്‍ത്തയായില്ല. രാഷ്ട്രീയ ഉള്ളടക്കം കാരണം വിതരണക്കാർ ഒഴിവാക്കിയ ‘നോ അദർ ലാൻഡി’ന് പുരസ്കാരം എന്ന് ന്യൂയോർക്ക് ടൈംസ് വാര്‍ത്തയെഴുതി. പക്ഷേ, എന്താണ് ആ രാഷ്ട്രീയ ഉള്ളടക്കമെന്ന് അവര്‍ പറഞ്ഞില്ല. നിയമവിരുദ്ധ ഇസ്രയേലി കുടിയേറ്റത്തെ സംഘര്‍ഷ കാരണമോ, തര്‍ക്കവിഷയമായോ അവതരിപ്പിച്ചായിരുന്നു ബിബിസിയുടെ വാര്‍ത്ത. ഫോറിന്‍ പോളിസി മാഗസിന്‍ പോലുള്ളവരാകട്ടെ, വെസ്റ്റ് ബാങ്ക് ഒഴിപ്പിക്കലിനെതിരായ ഡോക്യുമെന്ററി എന്നാണ് വിശേഷിപ്പിച്ചത്. അപ്പോഴും, വംശീയ അതിക്രമമെന്നോ ഉന്മൂലനമെന്നോ പറയാതെ മാറിനിന്നു. ചിലര്‍ക്കൊക്കെ വിവാദ ഡോക്യുമെന്ററിയായിരുന്നു, നോ അദര്‍ ലാന്‍ഡ്. പലതരം വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാട്ടില്‍ മറ്റൊരു വിവാദം, അത്ര തന്നെ.
പ്രതിരോധത്തിന്റെ എല്ലാ വഴികളും പയറ്റി തോറ്റുപോയിടത്താണ് ബാസലും സംഘവും ക്യാമറ കൈയിലെടുത്തത്. ആയുധം പേറി പോരടിച്ചിരുന്നെങ്കില്‍, ഒന്നോ രണ്ടോ വെടിയൊച്ചകളില്‍ അവര്‍ തീര്‍ന്നുപോകുമായിരുന്നു. ഇതിപ്പോള്‍, ലോകം മുഴുവന്‍ ചിത്രം കണ്ടു. 2024ല്‍ ബെർലിൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അവിടെ, മികച്ച ഡോക്യുമെന്ററിക്കുള്ള പനോരമ ഓഡിയൻസ് അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. 2025ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാറും സ്വന്തമാക്കി. യുഎസില്‍ ഒരു വിതരണക്കാരനെ ലഭിക്കാതെയാണ് ചിത്രം ഓസ്കാര്‍ പുരസ്കാരത്തിന് നോമിനേഷന്‍ നേടിയതെന്നതും ശ്രദ്ധേയം. ഇസ്രയേല്‍ ഭരണകൂട ചെയ്തികളെ വിമര്‍ശിക്കുന്ന ചിത്രത്തെ എങ്ങനെയാണ് യുഎസിനും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാകുക. മാത്രമല്ല, ഡോക്യുമെന്ററിയുടെ പേരില്‍ യുവാലിന് വധഭീഷണിയും ലഭിച്ചു. സമാധാനം ആഗ്രഹിച്ച യുവാല്‍ അങ്ങനെ രാജ്യദ്രോഹിയും വംശദ്രോഹിയുമായി മാറി. നോ അദര്‍ ലാന്‍ഡ് ഇസ്രയേല്‍ ഭരണകൂടത്തെയും സഖ്യകക്ഷികളെയും നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഹംദാനും അറസ്റ്റിലാകുന്നത്. ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വീടുകയറി ആക്രമിച്ചശേഷം, ഹംദാനെ സേനയ്ക്ക് കൈമാറുകയായിരുന്നു. എന്താണ് ഹംദാന്‍ ചെയ്ത കുറ്റം എന്ന് പറയുന്നില്ല. ഇസ്രയേലി സൈന്യത്തിനുനേരെ കല്ലെറിഞ്ഞു എന്ന എക്കാലത്തെയും ആ വലിയ ആരോപണം മാത്രമാണ് ഹംദാനെതിരെയും ഉള്ളത്. അത് അങ്ങനെയാണ്. അതാണ് ചരിത്രം. അത് പറയുമ്പോഴാണ് എല്ലാവര്‍ക്കും പൊള്ളുന്നത്.