സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി
കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ സഹോദരൻ. കുറ്റപത്രത്തിൽ തൃപ്തിയില്ല. കുറ്റപത്രത്തിൽ ഒരു പ്രതി മാത്രമാണ് ഉള്ളത്. ഗൂഢാലോചന സംബന്ധിച്ച് ഒന്നും കുറ്റപത്രത്തിൽ ഇല്ലെന്നും നവീൻ ബാബുവിൻ്റെ സഹോദരൻ പറഞ്ഞു. "മറ്റുള്ളവരുടെ ഇടപെടലൊന്നും പരാമർശിച്ചിട്ടില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത്", സഹോദരൻ വ്യക്തമാക്കി.
പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം. എസ്ഐടി രൂപീകരിച്ചത് കൊണ്ടുള്ള വ്യത്യാസം മനസ്സിലാകുന്നില്ല. ലോക്കൽ പൊലീസിൻ്റെ റിപ്പോർട്ടിന് സമാനമാണ് എസ്ഐടി അന്വേഷണവും നടന്നത്. ആദ്യ പൊലീസ് സംഘം അന്വേഷിക്കുന്നതിൽ നിന്ന് വ്യത്യാസമൊന്നും തോന്നുന്നില്ല. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.
കുടുംബത്തിൻ്റെ ആശങ്ക പരിഹരിക്കുന്ന രീതിയിൽ അന്വേഷണം നടന്നില്ലെന്നും കുടുംബം ആരോപിച്ചു. ഗൂഢാലോചന, മറ്റുള്ളവരുടെ ഇടപെടൽ ഇതെല്ലാം കുടുംബം തുടക്കം മുതൽ പറയുന്നതാണ്. എന്നാൽ ഇതിലേക്കൊന്നും അന്വേഷണം പോയിട്ടില്ല. ഗൂഢാലോചന നടത്തിയിട്ടാണ് പ്രതി പ്രസംഗിക്കാൻ എത്തിയത്.ആലോചിച്ചുറപ്പിച്ച് ദിവ്യ എത്തിയതിന് പിന്നിൽ നല്ലൊരു സംഘമുണ്ട്. മറ്റെന്തെങ്കിലും താല്പര്യമുണ്ടോ എന്നും അന്വേഷിക്കേണ്ടതായിരുന്നു, കുടുംബം ചൂണ്ടിക്കാട്ടി.
"ഒരു ഓഫീസർക്ക് അപേക്ഷകനുമായി ഫോണിൽ സംസാരിക്കേണ്ടിവരും. ഇത്രയും തെളിവുകൾ ഉണ്ടാക്കിയവർ കൈക്കൂലി ചോദിച്ചിരുന്നെങ്കിൽ അതിനു തെളിവുകൾ കരുതി കൂട്ടി ഉണ്ടാക്കിയേനെ. നവീൻ ബാബുവിനെതിരെ നടത്തിയത് വ്യാജ ആരോപണങ്ങളാണ്", കുടുംബം ആരോപിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായവരെ പറ്റി കുറ്റപത്രത്തിൽ പരാമർശമില്ലെന്നും, സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി.